Flash News

റോഹിങ്ക്യന്‍ കുട്ടികള്‍ക്കൊപ്പം ഒരു മലയാളിക്കുട്ടി (വാല്‍ക്കണ്ണാടി)

February 28, 2020 , കോരസണ്‍

titleതിരുവനന്തുപുരത്തുനിന്നും ഡല്‍ഹിക്കുള്ള ഫ്ലൈറ്റില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് ഷാജി അച്ചനെ കണ്ടത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തില്‍, ഗാസിയാബാദ് പള്ളി വികാരിയാണ് അദ്ദേഹം. അച്ചനോടൊപ്പം ഒരു കമ്മറ്റിയില്‍ കുറെ വര്‍ഷങ്ങള്‍ സേവനം ചെയ്തിരുന്ന പരിചയമാണ്.

ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളും പൗരത്വ ബില്ലും അങ്ങനെ വിവിധ വിഷയങ്ങള്‍ കുറെനേരം പങ്കുവച്ചു. കുട്ടികളെക്കുറിച്ചുള്ള അന്വേഷണം പരസ്പരം കൈമാറുമ്പോള്‍, തന്‍റെ മകന്‍ ഒരാള്‍ സെമിനാരിയില്‍ ചേര്‍ന്നു, മറ്റൊരു മകന്‍ ഡല്‍ഹിയില്‍ തന്നെ അഡ്വക്കേറ്റായി, പിന്നെ ഒരു നിശ്ശബ്ദത. ഇളയ മകള്‍ ആനിമോള്‍..ഇത്രയും പറഞ്ഞിട്ട് അച്ചന്‍ വിദൂരതയിലേക്ക് നോക്കി അല്‍പ്പസമയം നിശ്ശബ്ദനായി.

ആനിമോള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ഗ്രാഡുവേറ്റ് സ്റ്റുഡന്‍റ് ആണ്, ഇപ്പോള്‍ അവള്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളെ സംരക്ഷിക്കാന്‍ കോളേജില്‍ നിന്നും പഠനം നിര്‍ത്തി അവരോടൊപ്പം പ്രവര്‍ത്തിക്കുകയാണ്. ഒട്ടും സുരക്ഷിതമല്ലാത്ത ഒരിടത്താണ് അവള്‍ ഓരോ ദിവസവും പോകുന്നത്. മിഴികളില്‍ നിറഞ്ഞുനിന്ന പിതാവിന്‍റെ മകളോടുള്ള ഉത്ക്കണ്ഠ പ്രകടമായിരുന്നു.

തേടിയവള്ളി കാലില്‍ചുറ്റി എന്നു പറഞ്ഞതുപോലെ; ‘അച്ചന്‍, ആനിയെ ഒന്ന് പരിചയപ്പെടുത്താമോ? എനിക്ക് റോഹിന്‍ഗ്യകളുടെ കഥ ഒന്ന് നേരില്‍ കേട്ടാല്‍ കൊള്ളാമെന്നുണ്ട്. ഏറെക്കാലമായി, ആര്‍ക്കും വേണ്ടാതെ രാജ്യമില്ലാതെ കടലില്‍ അലയുന്ന ‘റോഹിങ്ക്യന്‍ ബോട്ട് പീപ്പിള്‍സ്’ മനസ്സില്‍ ഒരു നൊമ്പരമായി കൂടിയിട്ട്. കുറെയൊക്കെ വായിച്ചു കേട്ടിട്ടുള്ള അറിവ് മാത്രമേയുള്ളൂ. എയര്‍പോര്‍ട്ട് ഹോട്ടലില്‍ കൊണ്ടുവിട്ടിട്ടു പോകുമ്പോള്‍, ആനിമോളോട് പറയാം എന്ന് അച്ചന്‍ സമ്മതിച്ചു.

With Ann Rachel John Activistഎന്‍റെ ഒപ്പം ജോലിചെയ്യുന്ന മ്യാന്മാര്‍ സ്വദേശി ലാറിയുമായി റോഹിങ്ക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമായിരുന്നു. റോഹിങ്കകളെപ്പറ്റി വളരെ മോശമായ അഭിപ്രായമാണ് ലാറിക്ക് ഉള്ളത്. ‘ഞങ്ങള്‍ ബുദ്ധമതക്കാരുടെ രാജ്യത്ത് ബ്രിട്ടീഷുകാര്‍ കൊണ്ട് വച്ച വല്ലാത്ത ഒരു പണിയാണ് റോഹിന്‍ഗികള്‍. അവര്‍ ബംഗ്ലാദേശുകാരാണ്, അവര്‍ക്കു അവരുടെ ദേശത്തേക്കു പൊയ്ക്കൂടേ? ന്യൂയോര്‍ക്ക് ടൈംസില്‍ റോഹിന്‍ഗ്യന്‍സിനെ പറ്റി വരുന്ന വാര്‍ത്തകള്‍ വെറുതേ തെറ്റിദ്ധരിപ്പിക്കുന്നതനുവേണ്ടിയാണ്. ചൈനയെ കുറച്ചു കാട്ടേണ്ടപ്പോള്‍ പതിവായി പുറത്തെടുക്കുന്ന വാര്‍ത്തയാണ് മ്യാന്‍മറിലെ റോഹിന്‍ഗ്യ പ്രശ്നങ്ങള്‍. ഞങ്ങള്‍ ഒരിക്കലും ഇന്ത്യക്കാരുമായല്ല ഒന്നിച്ചു നില്‍ക്കുന്നത്, ഞങ്ങള്‍ ചൈനക്കാരുടെ വംശപാരമ്പര്യത്തില്‍ ഉള്ളവരാണ്,’ ഇതൊക്കെയാണ് ലാറിയുടെ അഭിപ്രായം.

‘ റോഹിങ്ക്യന്‍ ബോട്ട് പീപ്പിള്‍സ്’, ജനിച്ച നാടായ ബുദ്ധിസ്റ്റുകളുടെ മ്യാന്മറില്‍ നിന്നും ക്രൂരമായ രീതിയില്‍ ആട്ടിപ്പുറത്താക്കപ്പെടുന്ന ആയിരക്കണക്കിനു ബംഗാളി മുസ്ലിങ്ങള്‍. ഒരു രാജ്യവും അവരെ സ്വീകരിക്കാന്‍ തയ്യാറാകാതെ, പിശാചിനും കടലിനും ഇടയില്‍പ്പെട്ടപോലെ പലപ്പോഴും ബോട്ടുകളില്‍ ഒടുങ്ങുന്ന ജീവിതങ്ങള്‍. തരം തിരിച്ചുള്ള വിവേചനം, ഉന്നംവച്ചുള്ള ആക്രമണം, വംശഹത്യ ഒക്കെയായി നിര്‍ബന്ധപൂര്‍വം പലായനം ചെയ്യേണ്ടിവന്ന കുട്ടികളടങ്ങിയ ഒരു വലിയകൂട്ടം നേരിടേണ്ടി വരുന്ന കദന കഥയാണ് റോഹിങ്കകളുടേത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായാണ് തൊഴില്‍തേടി ഈ ബംഗാളികള്‍ മ്യാന്മറില്‍ എത്തിച്ചേരുന്നത്. പഴയ ബര്‍മ്മക്ക് 1948 ല്‍ സ്വാതന്ത്ര്യം ലഭിച്ചു. 1982 ലെ മ്യാന്മാര്‍ പൗരത്വനിയമം മൂലം അവിടെ ജനിച്ചു വീണ ബംഗാള്‍ വംശജര്‍ക്ക് പൗരത്വം നഷ്ട്ടപ്പെട്ടു. യാതൊരു വിധ ആനുകൂല്യങ്ങളും മനുഷ്യത്വപരമായ പരിഗണനകളും ലഭിക്കാതെ, തൊഴില്‍ തേടാനോ, വിദ്യാഭ്യാസത്തിനോ, സഞ്ചാരത്തിനോ സ്വാതന്ത്ര്യമില്ലാതെ വല്ലാതെ ആട്ടിപ്പായിക്കപ്പെട്ട നിരാലംബരായ ഒരു ജനക്കൂട്ടം.

തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ ബോട്ടില്‍ കയറിവരുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക ക്യാമ്പുകള്‍ തുറന്നു. ആയിരക്കണക്കിനു അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്ക് പോയി. കുറെയേറെ രാജ്യങ്ങള്‍ അവരെ നിയന്ത്രിതമായി ഉള്‍ക്കൊണ്ടു, എങ്കിലും ഇവരുടെ ജീവന്‍ പണയം വച്ചുള്ളവരവ് കുറഞ്ഞിട്ടില്ല. അന്തര്‍ദേശീയ സംഘടനകള്‍ ഒരുക്കുന്ന സഹായങ്ങള്‍ക്കും അപ്പുറത്താണ് ഇവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള ആവശ്യങ്ങള്‍. ഇന്ത്യയിലും ഏതാണ്ട് 40,000 റോഹിങ്കന്‍ അഭയാര്‍ഥികള്‍ ഉണ്ട് എന്നാണ് കണക്ക്. എന്നാല്‍ കണക്കില്ലാതെ എത്തുന്ന എത്രയോ അധികം റോഹിങ്കന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലെ നിഴലുകളില്‍ നീങ്ങുന്നു എന്ന് അറിയില്ല. ദേശസുരക്ഷയുടെ ആശങ്കയില്‍ ഇന്ത്യ ഇവരെ സ്വീകരിക്കില്ല എന്ന നിലപാടിലാണ്. എങ്ങോട്ടു തിരിച്ചയക്കുമെന്നു വ്യക്തത ഇല്ലെങ്കിലും, പിടിക്കപ്പെട്ടാല്‍ തടങ്കല്‍ ക്യാമ്പുകളില്‍ കൊണ്ടുപോകും എന്ന് തന്നെയാണ് നയം. അതിര്‍ത്തി പ്രദേശങ്ങളിലെ ചിതലുകളായിട്ടാണ് ഇവരെ പലരും കണക്കാക്കുന്നത്.

Ann Rachel John with Rohingya HRI Delhi

Ann Rachel John with Rohingya HRI Delhi

റോഹിന്‍ഗ്യ എഡ്യൂക്കേഷന്‍ സെന്‍ററില്‍ നിന്നും ആനി വിളിച്ചു, അവരുടെ സുരക്ഷയെ കരുതി അനുവാദം വാങ്ങിയിട്ടാണ് സന്ദര്‍ശനം തരപ്പെടുത്തിയത്. വടക്കേ ഡല്‍ഹിയിലുള്ള ഖാഞ്ചുറി ഖാസിലുള്ള കോളനിയിലേക്കാണ് ചെല്ലേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ പെരുമാള്‍ സ്വാമിക്കു ഒരു വിശ്വാസക്കുറവ്. അങ്ങോട്ട് തന്നെയാണോ സാറെ ഒന്ന് കൂടി ചോദിക്കൂ, അവിടെ അത്ര സേഫ് അല്ല യാത്ര. ഒന്നുകൂടി ഉറപ്പു വരുത്തി, യമുനാ നദിക്കു അപ്പുറത്തേക്ക് തന്നെ!

പൗരത്വ സമരത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഷഹീന്‍ബാഗും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയും അധികം ദൂരെയല്ലാതെയുണ്ട്. 2018 ല്‍ തുറന്ന യമുനാനദിയുടെ മുകളിലൂടെയുള്ള സിഗ്നേച്ചര്‍ ബ്രിഡ്ജ് മനോഹരമാണ്. ഇതിന്‍റെ ഗോപുരമാണ് ഡല്‍ഹിയുടെ ഏറ്റവും ഉയരം കൂടിയ സ്ട്രക്ച്ചര്‍. സുന്ദരമായ ഉയരങ്ങളും വൃത്തിഹീനമായ ചേരികളും ഇടതൂര്‍ന്നു കിടക്കുന്ന നാഗരികതയാണ് ഡല്‍ഹിയുടെ പശ്ചാത്തലം. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒക്കെ ഇതാണ് സ്ഥിതി. അമേരിക്കയിലും കാനഡയിലും ഇതിലും പരിതാപകരമായ അവസ്ഥ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തെ മറയ്ക്കാനുള്ള മതിലുകളല്ല; പങ്കിടാനുള്ള മനസ്സും, അംഗീകരിക്കാനുള്ള ഒരുക്കവുമാണ് സമൂഹത്തിനു ഉണ്ടാകേണ്ടത്. ഭൂമി ഉണ്ടായകാലം മുതല്‍ അത് അവസാനിക്കുന്നതുവരെ അസമത്വവും ഇല്ലായ്മയും കാണുമായിരിക്കും, അതിനെ കീഴടക്കാനുള്ള ത്വരയാണ് മനുഷ്യ ചരിത്രമാകേണ്ടത്.

ഭയം തോന്നിതുടങ്ങിയിരുന്നു ശ്രീറാം കോളനിയുടെ ഇടുങ്ങിയ പാതകളില്‍ കയറിയപ്പോള്‍. ഇരു വശങ്ങളിലും അടുക്കിവച്ചതുപോലെയുള്ള കടകള്‍, ആളുകള്‍ തിങ്ങിനിറഞ്ഞു സഞ്ചരിക്കുന്നു, കഷ്ട്ടിച്ചു ഒരു ഉന്തുവണ്ടി കടക്കാനുള്ള പാതയേ ഉള്ളൂ എങ്കിലും അതിലൂടെ നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും വാനുകളും ഒക്കെ നീങ്ങുന്നത് അത്ഭുതം ജനിപ്പിക്കും. വേഷത്തില്‍ ആളുകള്‍ കൂടുതലും മുസ്ലിമുകളാണെന്നു തിരിച്ചറിയാം. വണ്ടിയുടെ ഗ്ലാസ് കയറ്റിയിട്ടു വളരെ സൂക്ഷിച്ചാണ് ഞങ്ങള്‍ നിരത്തിലൂടെ സാഹസികമായ യാത്ര നടത്തിയത്.

‘എത്ര കുട്ടികള്‍ ഉണ്ട് അവിടെ? അവര്‍ക്കെന്താണ് കൊണ്ടുവരേണ്ടത്?’ ആനിയോടു ചോദിച്ചു. ‘കുട്ടികള്‍ക്കുള്ള ചോക്ലേറ്റുകള്‍ മതി അങ്കിള്‍. മറ്റൊക്കെ ഇവിടെ സന്നദ്ധ സംഘടനകള്‍ കൊണ്ടുവരുന്നുണ്ട്.’ അങ്ങനെ സംസാരിച്ചു കൊണ്ട് അവരുടെ താവളത്തില്‍ എത്തി. ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എടുത്ത വേഷമാണെന്നു തോന്നിപ്പോയി, ഒരു ചെറു റോഹിന്‍ഗ്യ കുട്ടിയെ ചേര്‍ത്തുപിടിച്ചു ആനി പ്രത്യക്ഷപ്പെട്ടു. ആ നാല്‍ക്കവലയില്‍ എല്ലാവരും ആനിയുടെ വാക്കുകള്‍ വിലമതിക്കുന്നു എന്ന് മനസ്സിലായി.

ഇരുമ്പു പടികള്‍ കയറി ഒന്നാം നിലയിലുള്ള അവരുടെ സെന്‍ററില്‍ എത്തി. ചെറിയ മുറിയില്‍ തിക്കിത്തിരക്കി മുപ്പതിലേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വിവിധ പ്രായത്തിലുള്ള കുട്ടികള്‍. കുട്ടികള്‍ നല്ലരീതിയില്‍ ഞങ്ങളെ അഭിവാദനം ചെയ്തു. ഞങ്ങള്‍ വിദേശത്തുള്ള മാധ്യമ പ്രവര്‍ത്തകരാണെന്നും അവരുടെ ജീവിത കഥകള്‍ നേരിട്ട് കേള്‍ക്കാന്‍ എത്തിയവരാണെന്നും ആനി അവരോടു പറഞ്ഞു. ക്യാമറ കണ്ടപ്പോള്‍ അതില്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ ഒരു നിമിഷം നില്‍ക്കൂ എന്ന് പറഞ്ഞിട്ടു അവരുടെ തലയും മുഖവും മറച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. ചുരുങ്ങിയ വാക്കുകളില്‍ അവരുടെ കദനകഥകള്‍ അവര്‍ വിവരിച്ചുകൊണ്ടിരുന്നു. ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി. അവരില്‍ പലരുടെയും മാതാപിതാക്കള്‍ ചെറിയ ജോലി ഒക്കെ ചെയ്യുന്നു.

Rohingya children21951 ലെ റെഫ്യൂജി സ്റ്റാറ്റസ് കണ്‍വെന്‍ഷന്‍ ഒപ്പിടാത്ത രാജ്യങ്ങളില്‍ ഒന്നാണെങ്കിലും, 1981 മുതല്‍ ഐക്യ രാഷ്ട്ര സഭയുടെ റെഫ്യൂജീസ് ഹൈകമ്മീഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് റോഹിന്‍ഗ്യ ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഭയാര്‍ഥികളുടെ കുട്ടികള്‍ക്കുള്ള പഠന സൗകര്യങ്ങള്‍, അത്യാവശ്യ കാര്യങ്ങള്‍ ഒക്കെ അങ്ങനെ നടക്കുന്നു. ഡല്‍ഹിയിലുള്ള കുട്ടികള്‍ക്ക് സൗജന്യ പഠനം, അത്യാവശ്യത്തിനുള്ള ഇന്‍റര്‍നെറ്റ് ഒക്കെ ലഭിക്കും. മ്യാന്മറില്‍ നിന്നും അനുഭവിക്കേണ്ടിവന്ന ക്രൂരമായ വേട്ടയാടിലിന്‍റെ കഥകളാണ് കുട്ടികള്‍ ഓര്‍മ്മിച്ചെടുക്കുന്നത്. മുള്ളും മണല്‍ക്കൂട്ടങ്ങളും സമുദ്രവും താണ്ടി, ജീവനും കൊണ്ട് പലായനം ചെയ്യേണ്ടിവന്ന കുരുന്നുകള്‍. അവരുടെ കണ്ണിലെ നിശ്ചയദാര്‍ഢ്യവും, അവരെ ചേര്‍ത്തു നിറുത്തുന്ന വിശ്വാസത്തിന്‍റെ തീഷ്ണതയും, ഭാവിയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളും അവരുടെ വാക്കുകളിലും മുഖങ്ങളിലും നിറഞ്ഞു നിന്നു.

വിദ്യാഭ്യാസം അവര്‍ക്കു ആഢംബരം മാത്രം ആയിരുന്നു. ഡല്‍ഹിയിലെ അതിശൈത്യകാലത്തു സോക്സ് ധരിക്കാനാവാത്ത കുട്ടികള്‍. ആനിയുടെ കൂട്ടുകാരുടെ സഹായത്തില്‍ കുറെ സൗകര്യങ്ങള്‍ ഒക്കെ അവര്‍ക്കു സംഘടിപ്പിച്ചു കൊടുക്കുന്നു. അവര്‍ നിറഞ്ഞ സ്നേഹമുള്ളവരാണെങ്കിലും, അപരിഷ്കൃതമായ ഒരു ഇന്നലെയില്‍ നിന്നും അവര്‍ തികച്ചും മോചിതരായിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചു വേണം അവരോടു ഇടപെടുവാന്‍. തങ്ങളുടെ കുട്ടികളെ കരുതുന്നതിനു സമ്മാനമായി ഒരു കുട്ടിയുടെ കൈയ്യില്‍ ഒരു പിതാവ് ജീവനുള്ള ഒരു കോഴിയെ കൊടുത്തുവിട്ടു എന്നുപറഞ്ഞു; ആനി ചിരിച്ചു. നന്ദി കാട്ടാന്‍ അവരുടെ കൈയ്യില്‍ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആനിയുടെ കണ്ണില്‍ പൊടിച്ചുവന്ന കണ്ണീര്‍ കണങ്ങള്‍ ശ്രദ്ധിച്ചു. ‘പലപ്പോഴും എന്നെ അവരുടെ അവസ്ഥയില്‍ സങ്കല്പിക്കാറുണ്ട്, എന്തൊരു ഗതികെട്ട ജീവിതത്തിലേക്കാണ് അവര്‍ അറിയാതെ പിറന്നു വീണത്.’

ആദ്യം മടിച്ചായിരുന്നെങ്കിലും ജെന്നത്ത് ഇഗ്ലീഷില്‍ ഉറക്കെ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഇന്ത്യക്കാരുടെ പിന്‍‌തലമുറക്കാരാണ്, ബംഗ്ലാദേശിലും കടുത്ത യാതനകളാണ് സഹിക്കേണ്ടി വന്നത്. അവിടെ പഠിക്കാനുള്ള ഒരു സൗകര്യവും കിട്ടിയില്ല. കുട്ടികളെ പെട്ടന്ന് വിവാഹം കഴിച്ചു കൊടുക്കുകയാണ് പതിവ്. അവളുടെ സ്വരത്തില്‍ ഒരു ജനതയുടെ ആത്മാവിന്‍റെ രോദനം പ്രകടമായിരുന്നു. നൂര്‍ സാലിമയും ഷൗക്കത്ത് ആരയും, റാബിയയും ഒക്കെ അവര്‍ നേരിട്ട ക്രൂരമായ തിരസ്കരണങ്ങളും വിവരിച്ചു. അവരുടെ മുന്നില്‍ തീരം കാണാത്ത ആഴിയുടെ നിസ്സംഗതയും ശൂന്യതയും പടര്‍ന്നു കയറി. കുട്ടികളുടെ ഇടയിലെ ചിത്രകാരന്‍ ഹക്ക്ര്‍ക്നുവിന് ഒരു ദേശീയ മത്സരത്തില്‍ സമ്മാനം കിട്ടിയിരുന്നു. ഒരു വലിയ പാറ ചുമന്നു പോകുന്ന കെല്ലിച്ച മനുഷ്യന്‍. അന്ധകാരത്തില്‍ ഒരു വലിയഭാരവും പേറി എങ്ങോട്ടോ അലയുന്ന ഒരു റോഹിഗ്യയെ ആണ് അവന്‍ ചിത്രീകരിച്ചത്. പഠിച്ചു ഡോക്ടറും വല്യ ആളുകളും ഒക്കെ ആകണമെന്നാണ് അവരുടെ ആഗ്രഹം. ആനി ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞുതന്നുകൊണ്ടിരുന്നു.

കോളനിയില്‍ ഇവര്‍ താല്‍ക്കാലികമായി സുരക്ഷിതരാണെങ്കിലും എപ്പോഴും കടന്നുവരാവുന്ന കലാപത്തിന്‍റെ ഇരകള്‍ കൂടിയാണ് ഇവര്‍. സമീപത്തു എന്ത് പ്രശനങ്ങള്‍ ഉണ്ടായാലും ആദ്യം പോലീസ് അന്വേഷണം ഉണ്ടാവുന്നതും ചോദ്യം ചെയ്യപ്പെടുന്നതും ഇവിടെയാണ്. എന്നാല്‍ എത്ര അക്രമങ്ങള്‍ ഇവിടെ സംഭവിച്ചാലും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കുക കൂടിയില്ലതേ. ഒരു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിട്ടു കൊന്നു അവളുടെ ദേഹം മുഴുവന്‍ അതി ക്രൂരമായി കുത്തി മുറിച്ചു നഗ്നയാക്കി വീടിന്‍റെ മുന്നില്‍ കൊണ്ടു തട്ടിയിട്ട കഥയും അവിടെനിന്നു കേട്ടു. ആരും അന്വേഷിക്കാനോ തിരക്കാനോ എത്തുകയില്ല. അത്രയ്ക്ക് നിസ്സഹായതയിലാണ് അവര്‍.

ഒരു കൂട്ടം ആളുകള്‍ അവര്‍ ജനിച്ചുവീണ വിശ്വാസത്തിന്‍റെ പേരിലാണ് ആട്ടിപ്പുറത്താക്കപ്പെടുന്നത്. ആ വിശ്വാസം അവര്‍
കൈവിടാതെ അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത് അവിശ്വസനീയമായ കാഴ്ചയാണ്. മതവിശ്വാസങ്ങള്‍ മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുന്നതുകൊണ്ടാണല്ലോ സംസ്കാരങ്ങള്‍ മണ്ണടിഞ്ഞു പോകുന്നത് എന്ന് തോന്നിപോയി. സംസ്കാരത്തിന്‍റെ തായ്‌വേരിലാണ് മതവിഷം പടര്‍ന്നു കയറിയിരിക്കുന്നത്. സ്നേഹത്തിന്‍റെ മതം ഏതൊക്കെയോ കൊട്ടാരത്തൂണുകളില്‍ തളച്ചിട്ടു, വെറുപ്പിന്‍റെ രീതിശാസ്ത്രത്തെ മനുഷ്യന്‍ ആചാരമാക്കിമാറ്റി.

വിദ്യാഭ്യാസം നല്‍കുക, സംസ്കാരത്തിന്‍റെ ആദ്യപാഠങ്ങള്‍ നല്‍കി റോഹിന്‍ഗ്യ കുട്ടികളെ ലോകത്തിന്‍റെ ഓരത്തിലേക്കു ഭയം കൂടാതെ കൈപിടിച്ച് കൊണ്ടുപോകുക എന്നതാണ് ആന്‍ റേച്ചല്‍ ജോണ്‍ എന്ന ആനിയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. പൊളിറ്റിക്കല്‍ സയന്‍സ് എന്ന വിഷയം കേവലം പുസ്തകത്തിലൂടെ മാത്രമല്ല അനുഭവത്തിലൂടെ നേടണം എന്ന വ്യക്തമായ തിരിച്ചറിവുള്ള കുട്ടി. മാസ്റ്റേഴ്സ് എടുക്കാന്‍ യൂറോപ്പില്‍ പോകാനാണ് പ്ലാന്‍. അതിനുശേഷം ജൈവവളങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു കൃഷിയിടം എന്ന ഒരു വലിയ സ്വപ്നം ആനിക്കുണ്ട്. തൊഴിലാളി ഗവേഷകന്‍ കൂടെയാകുന്ന ഒരു പുതിയ പര്യവേക്ഷണം ആണ് മനസ്സില്‍ രൂപപ്പെടുന്നത്. ഈ കൊച്ചു പ്രായത്തില്‍ എവിടുന്നു കിട്ടി മലയാളികുട്ടിക്കു ഈ തിരിച്ചറിവും ധൈര്യവും എന്ന് അത്ഭുതപെടാതിരുന്നില്ല. ലോകം മുഴുവന്‍ സുഖം പകരാനായി ഒരു സ്നേഹദീപമായി മാറുകയാണ് ആന്‍ റേച്ചല്‍ ജോണ്‍ എന്ന ആനി. ഏതോ നക്ഷത്രങ്ങളുടെ ലോകത്തുനിന്നും, കിഴവള്ളൂര്‍ വലിയപറമ്പില്‍ വി.ജെ. മാത്യൂസ് അച്ചന്‍, തന്‍റെ പേരക്കുട്ടിയെ ഓര്‍ത്തു അഭിമാനിക്കുന്നുണ്ടാവണം, തീര്‍ച്ച.

ഇത് എഴുമ്പോള്‍ ഡല്‍ഹി ഒരു കലാപഭൂമിയായി കത്തുകയാണ്. ആനി സുരക്ഷിതയാണോ എന്നറിയാന്‍ ടെക്സ്റ്റ് ചെയ്തു നോക്കി. ‘വര്‍ഗ്ഗീയ ലഹള പൊട്ടിപുറപ്പെടുമ്പോള്‍ ഞാന്‍ ഖജൂരിയില്‍ അകപ്പെട്ടു, ഒരുവിധം രക്ഷപെട്ടു വീട്ടില്‍ എത്തി. കുട്ടികള്‍ വളരെ ഭയന്നാണ് ഇരിക്കുന്നത്, അവരെ തല്ക്കാലം ചില വീടുകളില്‍ സംരക്ഷിച്ചിരിക്കുന്നു. അവരുടെ കുടുംബം ഒറ്റപ്പെട്ട ഇടങ്ങളില്‍ സുരക്ഷിതരല്ല. എപ്പോള്‍ വേണമെങ്കിലും അക്രമിക്കപ്പെടാവുന്ന ചുറ്റുപാടാണ് ഉള്ളത്. ദൈവങ്ങളുടെ പേരു വിളിച്ചു കൊണ്ട് വണ്ടികള്‍ തല്ലി തകര്‍ക്കുന്ന, വീടുകളെയും ആളുകളെയും ആക്രമിക്കുന്ന ക്രൂരമായ കാഴ്ചകള്‍ ഞാന്‍ കണ്ടു. വളരെ ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇവിടെ’ ആനി ടെക്സ്റ്റ് ചെയ്തു. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുകൊണ്ടു കണ്ണുകള്‍ അടച്ചു. ഏതു ദൈവമാണ് ഇത് പൊറുക്കുന്നത് എന്നറിയില്ല. ചിരിച്ചുകൊണ്ട് ഞങ്ങളെ യാത്ര അയച്ച റോഹിന്‍ഗ്യ കുട്ടികള്‍ ഏതോ വീട്ടില്‍, ജീവനെ ഭയന്നു ഇരുട്ടില്‍ നില്‍ക്കുന്ന ഓര്‍മ്മയില്‍ ഞാന്‍ പകച്ചുപോയി. ആനിയെ എങ്ങനെയാണു സമാധാനിപ്പിക്കുക?.

‘വിശുദ്ധ കൊലപാതകങ്ങളില്‍’ അഭിരമിക്കുന്ന ഏതു ദൈവ സങ്കല്പമാണ് ന്യായീകരിക്കപ്പെടാനാവുന്നത് ?പുതിയ കാലം ഉന്നയിക്കുന്ന വിചിത്രമായ സാമൂഹ്യ സമസ്യകളുടെ ആഴങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും വിശ്വാസങ്ങള്‍ പുനര്‍നിര്‍വ്വചിക്കപ്പെടാനും സ്വതന്ത്രമായി ചിന്തിക്കാനുള്ള ഇച്ഛാശക്തി ചെറിയ തുരുത്തുകളില്‍ തുടിച്ചുവരും. അത് അനിവാര്യമായ സത്യമാണ്. ചെറിയ മനുഷ്യരുടെ വലിയ നന്മകളിലൂടെ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top