Flash News

അമേരിക്കയുമായുള്ള സമാധാനക്കരാറിന്റെ ആയുസ്സ് രണ്ടു ദിവസം!; താലിബാന്‍ പിന്മാറി; പിന്നാലെ അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; 3 പേര്‍ കൊല്ലപ്പെട്ടു

March 3, 2020

534636_68462081കാബൂള്‍: ഇക്കഴിഞ്ഞ ഫെബ്രുവരി 29-ന് അമേരിക്കയുമായി ഒപ്പുവെച്ച സമാധാന കരാറില്‍ നിന്നും താലിബാന്‍ പിൻമാറി. തടവിലുള്ളവരെ വിട്ടയക്കാതെയുള്ള യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നും അഫ്ഗാനിസ്ഥാന്‍റെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങള്‍ തുടരുമെന്നും താലിബാന്‍ വ്യക്തമാക്കി.

“യു.എസ്.-താലിബാന്‍ സമാധാന കരാര്‍ പ്രകാരം, ഞങ്ങള്‍ വിദേശസൈനികരെ ആക്രമിക്കുകയില്ല. എന്നാല്‍ അഫ്ഗാനിസ്ഥാന് എതിരെയുള്ള ഞങ്ങളുടെ പോരാട്ടം സാധാരണപോലെ തുടരും”- താലിബാന്‍ വക്താവ് പറഞ്ഞു.

ഇതിന് തൊട്ടുപിന്നാലെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടനം നടന്നു. സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാന്റെ കിഴക്കൻ പ്രവിശ്യയായ ഖോസ്റ്റിൽ  ഒരു സോക്കർ മത്സരത്തിനിടെയായിരുന്നു സ്ഫോടനം.  നാദിർ ഷാ കോട്ട് ജില്ലയിലെ സോക്കർ മൈതാനത്തിന് സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്കിലാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് താലിബ് ഖാൻ മംഗൽ പറഞ്ഞു.

19 വർഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും താലിബാൻ തീവ്രവാദ ഗ്രൂപ്പും ചരിത്രപരമായ സമാധാനക്കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ സമാധാന കരാര്‍ പ്രതിസന്ധിയിലായി. സമാധാന കരാർ പ്രകാരം അടുത്ത 14 മാസത്തിനുള്ളില്‍ സേനയെ പൂര്‍ണമായും പിന്‍വലിക്കാമെന്ന് അമേരിക്ക ഉറപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന പ്രഖ്യാപനം വലിയ ആഘോഷത്തോടെയായിരുന്നു  അഫ്ഗാൻ സ്വീകരിച്ചത്. അതിന് പിന്നാലെയാണ് കരാര്‍ അവസാനിച്ചതായി താലിബാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

13,000-ത്തോളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്. “അൽ-ക്വയ്ദ പോലുള്ള സംഘടനകളെ സഹായിക്കരുത്, അഫ്ഗാന്‍ ഭരണകൂടവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തണം…” തുടങ്ങിയവയാണ്  അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടത്.

കരാര്‍ പ്രകാരം 5,000 താലിബാന്‍ തടവുകാരെ അഫ്ഗാൻ സര്‍ക്കാര്‍ വിട്ടയക്കേണ്ടി വരും. പകരം സര്‍ക്കാരിന്റെ ഭാഗമായ 1,000 തടവുകാരെ താലിബാനും വിട്ടയക്കും. മാര്‍ച്ച് പത്തിനുള്ളില്‍ ഇത് ഉണ്ടാവുമെന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാന്‍ തടവുകാരെ വിട്ടയക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. ഇവരെ വിട്ടയക്കുന്ന കാര്യം ചര്‍ച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നും, പെട്ടെന്ന് അങ്ങനെ മോചിപ്പിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഗനിയുടെ നിലപാട്.

അക്രമം കുറയ്ക്കണമെന്ന കരാര്‍ ഇല്ലാതായെന്ന് താലിബാന്‍ വക്തമാവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെയുള്ള പോരാട്ടം ഞങ്ങള്‍ തുടരുമെന്നും മുജാഹിദ് പറഞ്ഞു.

അതേസമയം കരാര്‍ ഇല്ലാതായോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഫവാദ് അമന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലും ഖത്തറിലുമായി നേരത്തെ നടന്നുവന്ന ചര്‍ച്ചകളെത്തുടർന്നാണ് താലിബാനും അമേരിക്കയും തമ്മില്‍ ഫെബ്രുവരി 29-ന് ഖത്തറിൽ വെച്ച് കരാര്‍ ഒപ്പിടുന്നതിലേക്കെത്തിയത്. ഇന്ത്യയെ ഖത്തര്‍ ഭരണകൂടം ചടങ്ങിലേക്ക് ക്ഷണിക്കുകയും  ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ പി കുമരന്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മറ്റ്  30-ഓളം രാജ്യങ്ങളും  ചടങ്ങിൽ പങ്കെടുത്തിരുന്നു. അഫ്ഗാനിലെ സമാധാനം ഇന്ത്യയുടെ വിദേശ വ്യാപാരത്തിന് വളരെ പ്രധാനമാണ്.

2018 നവംബറിൽ  മോസ്‌കോയില്‍ സമാധാന ചര്‍ച്ച നടന്നിരുന്നു. അന്ന് രണ്ട് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനൗദ്യോഗികമായി ഇന്ത്യ യോഗത്തിലേക്ക് അയച്ചു. ഇന്ത്യയോട് താലിബാന്‍ നേതാക്കള്‍ക്ക് എതിര്‍പ്പില്ല. മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ റഷ്യയ്ക്കും ഇന്ത്യയ്ക്കും പുറമെ പാക്കിസ്ഥാൻ, ചൈന, അഫ്ഗാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും താലിബാന്‍ നേതാക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് താലിബാനുമായി സമാധാന കരാറിലെത്താന്‍ ആവശ്യപ്പെട്ടത്.

2001-ല്‍ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രവും സൈനിക കേന്ദ്രമായ പെന്റഗണും ആക്രമിച്ചതിന് ശേഷമാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ അൽ-ക്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഒസാമ ബിന്‍ലാദിന് അഭയം നല്‍കിയത് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടമായിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് സൈന്യത്തെ അയച്ചത്. എന്നാൽ അമേരിക്ക ബിന്‍ലാദനെ പിടികൂടി വധിച്ചത് പാക്കിസ്ഥാനിൽ നിന്നായിരുന്നു.

18 വര്‍ഷത്തെ അഫ്ഗാന്‍ അധിനിവേശത്തിനിടെ അമേരിക്കക്ക് നഷ്ടമായത് 2,400 സൈനികരെയാണ്. അസംഖ്യം അമേരിക്കന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് താലിബാന്‍കാരും കൊല്ലപ്പെട്ടു. കൂടാതെ നിരവധി  സാധാരണക്കാരായ അഫ്ഗാനികള്‍ക്കും ജീവന്‍ നഷ്ടമായി. യുദ്ധത്തിന്റെ ആദ്യനാളുകളിൽ തന്നെ താലിബാൻ ഭരണം അഫ്ഗാനില്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചു. എന്നാല്‍ അവരെ പൂര്‍ണമായി ഇല്ലാതാക്കാനായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top