സംവിധായകന് തോമസ് ബഞ്ചമിന്റെ പുതിയ ചിത്രം ജീസസ് & മദര്‍ മേരിയുടെ ഔദ്യോഗിക പ്രഖ്യാപനവും ബാനര്‍ റിലീസും നടന്നു. മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാനര്‍ റിലീസ് നിര്‍വ്വഹിച്ചു. ഏഡിജിപി ടോമിന് തച്ചങ്കരി പങ്കെടുത്തു.
സിനിമാ സംവിധാനം പഠിച്ച് വേണുനാഗവള്ളി, ജയരാജ് തുടങ്ങിയവര്‍ക്കൊപ്പം ഒരുപിടി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച തോമസ് ബഞ്ചമിന്, ജയരാജ് ചിത്രം ‘നായിക’ യുടെ നിര്‍മ്മാതാവായിരുന്നു. ‘സ്റ്റഡി ടൂര്‍’ എന്ന മലയാള ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്താണ് തിരുവനന്തപുരം വലിയതുറ സ്വദേശി തോമസ് ബഞ്ചമിന് മലയാള സിനിമയില്‍ വരവറിയിച്ചത്.
ജോജു, ലെന എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രീകരണം നടന്നുവരുന്ന ‘ഒരു രാത്രി ഒരു പകല്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ബഞ്ചമിനാണ്. നാദിയാ മൊയ്തു, രജ്ഞി പണിക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രമുഖ താരങ്ങള്‍.
കഴിഞ്ഞ ഏഴു വര്‍ഷത്തെ പഴയ-പുതിയ നിയമങ്ങളിലുള്ള പഠനത്തെ തുടര്‍ന്നാണ് ‘ജീസസ് & മദര്‍ മേരി’ എന്ന ബൈബിളിനെ ആസ്പദമാക്കിയുള്ള മെഗാ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ തോമസ് ബഞ്ചമിന് തയ്യാറായത്. പ്രൈം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ അനീഷ് രാജന്, ഡേവിഡ് ഇടകുളത്തൂര്, ഷിജു വര്‍ക്കി, ജോസ് പീറ്റര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരണം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന ജീസസ് & മദര്‍ മേരിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2020 ജൂണില്‍ ചിത്രീകരണം തുടങ്ങി 2021 ഈസ്റ്റര്‍ ദിനത്തില്‍ ലോകത്താകെ റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. ബൈബിളിനെ ആസ്പദമാക്കിയുള്ള ലോകത്തെ ആദ്യ 3ഡി ചിത്രമാവും ജീസസ് & മദര്‍ മേരി.
ഹോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഈ ഇംഗ്ലീഷ് ചിത്രം വിശുദ്ധനാടുകളായ ജെറുസലേം, ഇസ്രായേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രീകരിക്കുക.
നൂറു കോടി ചെലവു പ്രതീക്ഷിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മേഖലയില്‍ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, വിഎഫ്എക്സ് രംഗത്തെ വിദഗ്ധന്‍ ചക്ക് കോമിസ്കി, സ്പെഷ്യല്‍ മേക്കപ്പ് വിദഗ്ധന്‍ ആഞ്ചിലോ പോഗി, കാസ്റ്റിംഗ് രംഗത്തെ പ്രമുഖനായ ഇറ്റലിയില്‍ നിന്നുള്ള സാറാ ജെയിന്, പ്രൊഡക്ഷന്‍ മാനേജരായി പൗലിന വിജിഡാഡ്, ലൈന്‍ പ്രൊഡ്യൂസറായി ജോണ്‍ ഗൈ (ഇറ്റലി) ഗ്രെഗ് അഗസ്റ്റിനൊലി (ലോസ്ഏഞ്ചല്‍സ്, യുഎസ്എ) എന്നീ ഹോളിവുഡ് സാങ്കേതിക വിദഗ്ധര്‍ ജീസസ് & മദര്‍ മേരിയില്‍ അണിനിരക്കും.
ചിത്രത്തിന്റെ മലയാള പരിഭാഷയുടെ ശീര്‍ഷക ഗാനം രചിക്കുന്നത് കവി പ്രഭാ വര്‍മ്മയാണ്.
സ്റ്റീരിയോഗ്രാഫറായി കെ.പി. നമ്പ്യാതിരിയും സ്റ്റീരിയോ ഡയറക്ടറായി ജീമോന്‍ പുല്ലേലിയും പ്രവര്‍ത്തിക്കും. ബിജോയ് അപുത്തരാജ് (സൂപ്പര്‍വൈസര്‍), സൂരജ് എം.കെ. (ക്രിയേറ്റീവ് ഡയറക്ടര്‍), അനു ഗോപന്, മരിയ ക്രിസ്റ്റി (കോസ്റ്റ്യൂം സൂപ്പര്‍ ഡിസൈനറന്മാര്‍), അഞ്ചോ നായര്‍ (ഹെഡ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്), ലാലു ജോസഫ് (ഇന്റര്‍നാഷണല്‍ ലീഗല്‍ & മീഡിയ കണ്‍സള്‍ട്ടന്റ്), അഡ്വ. ഐഷ സക്കീര്‍, ആന്റണി ബഞ്ചമിന് (ക്രിയേറ്റീവ് സൂപ്പര്വൈസറന്മാര്), എ. സെലസ്റ്റിന്‍ (ഫിനാന്‍സ് കണ്ട്രോളര്) എന്നിവരാണ് ജീസസ് & മദര്‍ മേരിയുടെ ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply