ഇന്ത്യയില്‍ കൊറോണ വൈറസ് പടരാന്‍ സാധ്യത; മുന്‍‌കരുതലായി മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു; അമേരിക്കയില്‍ മരുന്നുകളുടെ ലഭ്യത കുറയുമെന്ന് റിപ്പോര്‍ട്ട്

paracetamol_afpന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് (കോവിഡ്-19) പടരാന്‍ സാധ്യതയേറുന്നത് മുന്നില്‍ കണ്ടതുകൊണ്ടുമും, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നും, പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന്‌ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. പാരസെറ്റമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറം ഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവകളുമാണ് കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം കൊണ്ടുവന്നിരിക്കുന്നത്.

പനി, വേദന എന്നിവയ്ക്കായി ലോകത്തേറ്റവും കൂടുതല്‍ പൊതുവായി ഉപയോഗിക്കുന്ന ജെനറിക് മരുന്നാണ് പാരസെറ്റമോള്‍. പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ ലോകമാകെ ‘കൊവിഡ്-19’ ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകളുടെ കുറവ് ലോകത്ത് അനുഭവപ്പെട്ട് തുടങ്ങിയതിനാൽ ഇന്ത്യയുടെ തീരുമാനം പ്രത്യാഘാതമുണ്ടാക്കിയേക്കും.

മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകളില്‍ 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നത്. ‘കൊവിഡ്-19’ ബാധയെ തുടര്‍ന്ന് ചൈനയിലെ ഫാക്ടറികളെല്ലാം അടച്ചിട്ടിരിക്കുന്നതിനാല്‍ മരുന്നുകളുടെ ഇന്ത്യയിലെ ഉത്പാദനത്തിലും കുറവ് വന്നിട്ടുണ്ട്. ചൈനയ്ക്ക് പുറമെ ഇന്ത്യയിലും മരുന്ന് നിര്‍മ്മാണ ശാലകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ വൈറസിനെതിരായ പ്രതിരോധം ദുര്‍ബലമാകും.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കയറ്റുമതി തത്കാലത്തേക്ക് നിരോധിച്ചിരിക്കുന്നത്. അതേസമയം, മൂന്ന് മാസത്തേക്ക് ആഭ്യന്തര ആവശ്യത്തിനുള്ള മരുന്നുകളുടെ ശേഖരം രാജ്യത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

2018-ലെ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം അവിടുത്തെ മരുന്നുകളുടെ നാലിലൊന്നോ അല്ലെങ്കില്‍ 30 ശതമാനമോ ഇന്ത്യയില്‍ നിന്നുള്ള മരുന്നു ഘടകങ്ങളാണ്. ഇന്ത്യ കയറ്റുമതി നിര്‍ത്തിവെച്ചതിനാൽ അമേരിക്കയിലെ മരുന്ന് വിപണി പ്രതിസന്ധി നേരിടേണ്ടി വരും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News