ഡല്‍ഹിയില്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരികളടക്കം 19 പേര്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യാക്കാരന്റെ നില ഗുരുതരം

6ytrന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന 15 വിനോദ സഞ്ചാരികള്‍ക്കും 3 ഇന്ത്യക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ സഞ്ചാരികള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി എയിംസില്‍ നടത്തിയ സാംപിള്‍ പരിശോധനാ ഫലം പോസിറ്റീവാണ്. നിലവില്‍ ഐടിബിപി ക്യാമ്പിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ആറ് ഇറ്റാലിയന്‍ പൗരന്‍മാര്‍ കൂടി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 28 പേര്‍ക്കാണ് രാജ്യത്ത് ‘കൊവിഡ്19’ സ്ഥിരീകരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഉന്നതതല യോഗം വിളിച്ചു.

കൊറോണ ബാധിച്ച മൂന്ന് ഇന്ത്യക്കാരില്‍ ഒരാള്‍ ഡല്‍ഹി സ്വദേശിയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ഇയാള്‍ നോയിഡയിലെ ഒരു സ്‌കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അപ്പോഴെല്ലാം ഇയാളോടൊപ്പം ആറോളം ബന്ധുക്കളും ഉണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ സന്ദര്‍ശിച്ച നോയിഡ സ്‌കൂള്‍ അടച്ചു. ഇവിടെ പഠിച്ചിരുന്ന 40 ഓളം കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ആറ് പേര്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകള്‍ തുടരുകയാണ്. രോഗബാധിതര്‍ സഞ്ചരിച്ച വിമാനങ്ങളിലെയും ഹോട്ടലുകളിലെയും ജീവനക്കാരെ അടക്കം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈന്യത്തോട് സജ്ജമായി ഇരിക്കാനും നിര്‍ദേശമുണ്ട്. വിമാന സര്‍വ്വീസ് കമ്പനികളിലെ ജീവനക്കാര്‍ക്ക് കൈയുറയും മുഖാവരണം ധരിക്കാന്‍ ഡിജിസിഎ കര്‍ശന നിര്‍ദേശം നല്‍കി. ഇന്ത്യയിലേക്ക് എത്തുന്ന എല്ലാവരെയും സ്‌ക്രീനിങ് ടെസ്റ്റ് നടത്താനാണ് തീരുമാനം. കൂടാതെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.

അതിനിടെ, ഇറ്റലിയില്‍ നിന്നുള്ള കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിലെ യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News