കൊറോണ വൈറസ്: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാസം അവധി

image_750x_5e5f3f7bd8197അബുദാബി: ‘കൊവിഡ്19’ പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.  മാർച്ച് 29 മുതൽ ഏപ്രിൽ 12 വരെയുള്ള  അവധിക്കാലമാണ് നേരത്തെയാക്കി അടുത്ത ഞായറാഴ്ച ആരംഭിക്കുന്നത്.

യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാംന്യൂസിലൂടെ ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് നടത്തിയത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിര്‍ത്തി വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പുവരുത്തുന്നതിനും സ്കൂൾ ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കാനും വിദൂര പഠന സംരംഭം ആരംഭിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതിദത്ത പ്രതിസന്ധികളും ദുരന്തങ്ങളും നേരിടുന്ന സമയങ്ങളിൽ പഠനപ്രക്രിയ തുടരാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് വിദൂര സ്വയംപഠനം എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ 7017000-06 എന്ന നമ്പറിൽ ബന്ധപ്പെടുകയോ Sd@moe.gov.ae എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്ത് സാങ്കേതിക സഹായം തേടണമെന്നും  മന്ത്രാലയം അഭ്യർത്ഥിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറികള്‍, സ്‌കൂള്‍ ബസുകള്‍, സ്‌കൂള്‍ പരിസരം എന്നിവ  അണുവിമുക്തമാക്കാനും വൃത്തിയാക്കാനും അധികാരികൾ അവധിക്കാലം ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുഎഇയില്‍ ആറുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News