നിര്‍ഭയ കൂട്ട ബലാത്സംഗ കേസ്: ആ നാലു പ്രതികളേയും മാര്‍ച്ച് 20-ന് തൂക്കിലേറ്റും; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് കോടതി

369704-nirbhaya-case-accusedരാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസില്‍ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് 20-ന് രാവിലെ 5.30-ന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണിത്.

പവന്‍ ഗുപ്തുടെ ദയാഹര്‍ജിയും തള്ളിയതോടെ പുതിയ മരണവാറന്റിന് വേണ്ടി തിഹാര്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.

നിർഭയ കേസില്‍ പ്രതികള്‍ക്ക് ഇത് നാലാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനുവരി 22-നും ഫെബ്രുവരി ഒന്നിനും മാർച്ച് 3-നും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ ഗുപ്ത എന്നിവര്‍ ഓരോരുത്തരായി വിവിധ സമയങ്ങളില്‍ തിരുത്തല്‍ ഹര്‍ജികളും ദയാഹര്‍ജികളും നല്‍കിയതിനാല്‍ മരണശിക്ഷ നീണ്ടുപോയി. അവസാനം പവന്‍ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയതോടെ പ്രതികള്‍ക്ക് മുമ്പില്‍ മറ്റ് നിയമനടപടികളൊന്നുമില്ലാതായി. അതിനാല്‍ ഇന്ന് പുറപ്പെടുവിച്ച മരണവാറണ്ട് അന്തിമമായിരിക്കും.

വധശിക്ഷ വിധിച്ച ശേഷം ഏഴുവർഷം കഴിഞ്ഞാണ് വിധി നടപ്പാക്കാനൊരുങ്ങുന്നത്.

തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് ഫെബ്രുവരി 5-ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കാലയളവിന് ശേഷം വിചാരണക്കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു .

ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതിനാൽ ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നിച്ചു നടപ്പിലാക്കാനായിരുന്നു നിർദ്ദേശം.

2012 ഡിസംബര്‍ 16-നാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 23-കാരി ന്യൂദല്‍ഹിയില്‍ ഒരു ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ക്രൂരമായ പീഡനത്തിനു ശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വഴിയില്‍ തള്ളി. ബലാത്സംഗത്തില്‍ യുവതിയുടെ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ആദ്യം ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് യുവതി മരണത്തിന് കീഴടങ്ങി.

ആറ് പേരായിരുന്നു ‘നിർഭയ’ക്കേസിലെ കുറ്റവാളികൾ. എന്നാൽ ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. ഒന്നാം പ്രതി രാംസിങ്ങ് ജയിലിൽ തന്നെ തൂങ്ങിമരിച്ചു.

ബാക്കിയുള്ള പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തേ ശരിവെച്ചിരുന്നു.

പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് കുമാര്‍ സിങിന്റെ (32) ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു . രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജിയും പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. മറ്റൊരു പ്രതി വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി നേരത്തെ തള്ളിയിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷനും സുപ്രീംകോടതി തള്ളിയിരുന്നു .

കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ദല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുകേഷ് സിങ്ങ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ്മ (23), അക്ഷയ് കുമാര്‍ സിങ്ങ് താക്കൂർ (31) എന്നീ പ്രതികളെ ഫെബ്രുവരി 1-ന് രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റണമെന്നായിരുന്നു മരണവാറണ്ട്.

ഇവരെ ജനുവരി 22-ന് രാവിലെ 7 മണിയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നായിരുന്നു പട്യാല കോടതിയുടെ ആദ്യത്തെ മരണ വാറണ്ട്. വിധി നടപ്പാക്കേണ്ട സമയം അടുത്തപ്പോഴാണ് പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നത്. സമയം നീട്ടിക്കൊണ്ടുപോകാനുള്ള ഉപായമാണ് ഇതെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞിരുന്നു.

കുറ്റവാളികളെ തൂക്കിലേറ്റുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12-ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനസുരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.

രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗ സംഭവം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാന്‍ ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

“കേസിലെ നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണ്, ഇതുപോലുള്ള ചില ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് മറുപടി”- പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment