ഒരു കൊച്ചു വ്യഭിചാര കഥ (നര്‍മ്മം)

Kochu vyabhichara kadha bannerനാലാം ക്ലാസ്സില്‍ പഠിക്കുന്ന ജോമോന്‍ ആദ്യ കുര്‍ബാന എടുക്കുന്നതിനു മുന്‍പുള്ള വേദപാഠ ക്ലാസ്സില്‍ ആണ്. 10 കല്‍പ്പനകള്‍ വായിച്ചു പഠിക്കുന്നതിന്‍റെ ഇടയില്‍ ആറാം കല്പന ‘വ്യഭിചാരം’എന്നതാണ്. ബാക്കി എല്ലാം മനസിലായി ജോമോന്, കൊല്ലരുത്, കള്ള സാക്ഷിപറയരുത് എന്നൊക്കെയുള്ള കല്പനകള്‍. പക്ഷെ ഈ വ്യഭിചാരം എന്താണെന്നു മാത്രം ഒരു പിടിയും ഇല്ല.

പഠിപ്പിക്കുന്ന സാറിനോട് ചോദിച്ചു “എന്താ സാറെ ഈ വ്യഭിചാരം?”

സാര്‍ ചെറുതായി ഒന്ന് പരുങ്ങി.

അതെ ജോമോനെ അതു മോന്‍ മോന്‍റെ അപ്പച്ചനോട് ചോദിച്ചാല്‍ മതി പറഞ്ഞു തരും.

ജോമോന്‍ വീട്ടില്‍ വന്നു അപ്പച്ചനോട് ചോദിച്ചു “എന്താ അപ്പാ ഈ വ്യഭിചാരം”

അപ്പനും ആകെ ഒന്ന് പരുങ്ങി.

പക്ഷെ ജോമോന്‍ ഉണ്ടോ വിടുന്നു. അറിഞ്ഞിട്ടേ പോകൂ വ്യഭിചാരം എന്താണെന്ന്..

ശല്യം കൂടിയപ്പോള്‍ അപ്പന്‍ മെല്ലെ പറഞ്ഞു കൊടുത്തു…

“മോനെ, നമ്മള്‍ ഈ തലകുത്തി മറിയുന്നതിനെ ആണ് വ്യഭിചാരം എന്നു പറയുത്”

ജോമോന് ആകെ വിഷമം. താന്‍ ഒരുപാട് വ്യഭിചാരം ചെയ്തിട്ടുണ്ടല്ലോ കര്‍ത്താവെ..!

ആ കുഞ്ഞു മനസ് വല്ലാണ്ട് പിടഞ്ഞു.

എത്രയും പെട്ടെന്ന് കുമ്പസാരിക്കണം.

പാപങ്ങള്‍ ഏറ്റു പറയണം.

അങ്ങനെ ആ ദിവസം വന്നെത്തി. ജോമോന്‍റെ ആദ്യ കുമ്പസാരം

ഇടവക അച്ഛന്‍ ആണേല്‍ ഒരു ചൂടനും.

കുമ്പസാരത്തിനു ഒരുപാട് ആളുകള്‍ വരി നില്‍ക്കുവായിരുന്നു. ജോമോന്‍ ആണ് മുന്നില്‍.

അച്ചന്‍ കുമ്പസാര കൂട്ടിലേക്ക് കയറി.

ജോമോന്‍ മെല്ലെ അച്ചന്റെ അടുത്തെത്തി

സകല ധൈര്യവും സംഭരിച്ചു അവന്‍ തന്‍റെ പാപങ്ങളുടെ കെട്ടഴിച്ചു.

കൂട്ടുകാരും ആയി അടി ഉണ്ടാക്കിയതും, അടുക്കളയില്‍ നിന്നും മാങ്ങയും തേങ്ങയും കട്ട് തിന്നതും, ക്രിക്കറ്റ് കളിക്കുന്നതിന്‍റെ ഇടയില്‍ ബോള്‍ അടിച്ചു അന്തോണി ചേട്ടന്‍റെ വീട്ടിലെ ഓട് പൊട്ടിച്ചതും അങ്ങനെ അങ്ങനെ തന്‍റെ പാപ ഭാരങ്ങള്‍…

അവസാനം അവന്‍ അതു പറയാന്‍ തീരുമാനിച്ചു. തന്‍റെ കുഞ്ഞു ജീവിതത്തില്‍ ചെയ്ത ആ മഹാ പാപം

വ്യഭിചാരം…

മെല്ലെ ശബ്ദം താഴ്ത്തി അച്ചനോട് പറഞ്ഞു..

“അച്ചാ ഞാന്‍ വ്യഭിചാരം ചെയ്തു…”

ഏഹ്ഹ് …. അച്ചന്‍ ഒന്നൂടെ കാതു കൂര്‍പ്പിച്ചു..

“എന്താടാ ജോമോനെ പറഞ്ഞെ?”

“അതെ അച്ചോ…… ഞാന്‍ ആറാം പ്രമാണം ലംഘിച്ചു..”

അച്ചന്‍ മെല്ലെ തന്‍റെ കഴുത്തു തിരിച്ചു ഒന്നു നോക്കി ആ മൊതലിനെ….

“നീ എങ്ങനാടാ മോനെ ഈ പ്രായത്തില്‍ അതൊക്കെ ചെയ്തേ….”

“ചെയ്തച്ചോ..”

ജോമോന്‍ കരയാന്‍ തുടങ്ങി

“ഒരുപാട് തവണ ചെയ്തു അച്ചോ …..”

“വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ കട്ടിലില്‍ നിന്നും ഇരുന്നും ഒക്കെയാ ചെയ്യുന്നേ…” യ്യുേ

“ഞാന്‍ മാത്രം അല്ലച്ചോ എന്‍റെ കൂട്ടുകാര്‍ തോമസുകുട്ടിയും ഷുക്കൂറിന്‍റേം ഒക്കെ കൂടെയാ ചെയ്തേ”

അച്ചന്റെ തൊണ്ട വല്ലാണ്ട് വരളാന്‍ തുടങ്ങി

ആരെങ്കിലും ഒരു ഗ്ലാസ് വെള്ളം കൊണ്ട് തന്നെങ്കില്‍ എന്നു ആശ്വസിച്ചു പോയി പാവം അച്ഛന്‍….

ജോമോന്‍ പാവം തല താഴ്ത്തി ഇരുന്നു കരയുകയായിരുന്നു അപ്പോഴും,,,

അച്ചന്‍ മെല്ലെ ഒന്നുകൂടെ ചോദിച്ചു……

“അല്ലടാ ഉവ്വേ നീ എങ്ങനാടാ ഇത്രേം ഒക്കെ വ്യഭിചരിച്ചേ…”,

“അച്ചന് കാണണോ…?”

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടു അച്ചന്‍ പിന്നെയും വിയര്‍ക്കാന്‍ തുടങ്ങി

“ബുദ്ധിമുട്ടില്ലേല്‍ ഒന്ന് കണ്ടാല്‍ കൊള്ളാമായിരുന്നു”

അച്ചന്‍ മൊഴിഞ്ഞു..

“ഇപ്പോ കാണിച്ചു തരാം അച്ചോ..”

എന്നും പറഞ്ഞു ജോമോന്‍ എണീറ്റു കുമ്പസാര കൂടിന്‍റെ മുന്നില്‍ നിന്നു

ജിംനാസ്റ്റിക്സില്‍ ചൈനക്കാര്‍ തോറ്റു പോകുന്ന പോലെ അഞ്ചാറ് വ്യഭിചാരം അങ്ങ് കാച്ചി…

തല കുത്തി മറിഞ്ഞു അങ്ങോട്ട്? ….പൊറകോട്ടു…കുത്തി മറിഞ്ഞു ഇങ്ങോട്ട് വരുന്നു…… ചന്നം പിന്നം അടുപ്പിച്ചു അങ്ങ് ചറ പറാ വ്യഭിചാരം…

അച്ചന്‍ ഇതും കണ്ടു പുലിവാല്‍ കല്യാണത്തിലെ കാറ്റ് പോയ സലിം കുമാറിനെ പോലെ ഒറ്റ ഇരിപ്പ്.

കുമ്പസരിക്കാന്‍ വന്ന അന്‍പതോളം ഇടവകക്കാര്‍ കണ്ണും തള്ളി ഒറ്റ നില്‍പ്പും..

രണ്ടു മൂന്നു മിനിറ്റ് നേരത്തെ വ്യഭിചാരവും കഴിഞ്ഞു പാവം ജോമോന്‍ ക്ഷീണിച്ചു അച്ചന്റെ മുന്നില്‍ വന്നു നിന്നു മൊഴിഞ്ഞു

“പ്രായശ്ചിത്തം പറയച്ചോ. എനിക്ക് ഈ പാപം എല്ലാം കഴുകി കളയണം”

“മോനെ നീ ആ പുണ്യാളന്‍റെ മുന്നില്‍ പോയിരുന്ന് 5 സ്വര്‍ഗ്ഗസ്ഥനായ പിതാവേയും 10 നന്മനിറഞ്ഞ മറിയമേയും ചൊല്ലുന്നേനു മുന്നേ പള്ളി മേടയില്‍ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തോണ്ട് വാടാ…”

ഇപ്പോ കൊണ്ടുവരാമെന്നു പറഞ്ഞു ജോമോന്‍ മേടയിലേക്കു ഒറ്റ ഓട്ടം

അച്ചന്‍ ഒന്ന് ശ്വാസം വിട്ടിട്ടു അടുത്ത ആളെ കുമ്പസരിക്കാന്‍ വിളിച്ചു..

പക്ഷെ ആ പള്ളിടെ അകത്തു ഒറ്റ മനുഷ്യകുഞ്ഞു പോലും ഇല്ലായിരുന്നു.

ഇവന്മാരൊക്കെ ഇത് എവിടെ പോയടാ ഉവ്വേ എന്ന് ഒരു ആത്മഗതവും…

പള്ളിയില്‍ കുമ്പസാരിക്കാനെന്നും പറഞ്ഞു പോയ അന്തോണി ചേട്ടന്‍ ഡബിള്‍ സ്പീഡില്‍ തിരിച്ചിറങ്ങി വരുന്നത് കണ്ട വറീതേട്ടന്‍ ചോദിച്ചു,

“എന്നാടാ അന്തോണി കുമ്പസാരിച്ചില്ലേ”

“എന്‍റെ പൊന്നോ വേണ്ട. അച്ചന്‍ വത്തിക്കാനില്‍ പോയി വന്നേ പിന്നെ കുമ്പസാരത്തിന്‍റെ രീതി ഒക്കെ മാറിയടെ”

“കടുത്ത പ്രായശ്ചിത്തങ്ങളാ ഒരു കൊച്ചു പയ്യന് കൊടുത്തത് കണ്ടാല്‍ പെറ്റ തള്ള സഹിക്കുകേല. തല കുത്തി മറിയിക്കുവായിരുന്നു അഞ്ചാറ് വട്ടം..ഞാന്‍ ഈ വയസാം കാലത്തു കുത്തി മറിഞ്ഞിട്ടു വേണം പെടലി ഉളുക്കി കിടക്കാന്‍.
ഇനി ഈ അച്ചന്‍ മാറിയിട്ടേ ഞാന്‍ കുമ്പസാര കൂട്ടിലോട്ടു ഉള്ളേ …”


Print Friendly, PDF & Email

Related News

Leave a Comment