ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്കേര്‍പ്പെടുത്തിയതില്‍ ആശങ്കയറിയിച്ച് പ്രധാന മന്ത്രി; തെറ്റുപറ്റിയെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍

image_15ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രധാനമന്ത്രി വരെ ആശങ്ക അറിയിച്ചുവെന്ന് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. ”രണ്ട് കേരള ടിവി ചാനലുകള്‍ 48 മണിക്കൂര്‍ നേരത്തേയ്ക്ക് നിരോധിച്ചു. എന്താണ് സംഭവിച്ചതെന്ന് വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍ ചാനലുകള്‍ പെട്ടെന്ന് തന്നെ പുന:സ്ഥാപിച്ചു. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് അടിസ്ഥാനപരമായി ഞങ്ങള്‍ കരുതുന്നത്.” പ്രകാശ് ജാവദേക്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

”ഇതാണ് മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത. മാധ്യമസ്വാതന്ത്ര്യം ചവിട്ടിയരയ്ക്കപ്പെട്ട അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരാണ് ഞങ്ങള്‍. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കൂടുതല്‍ പരിശോധിച്ച് നടപടികള്‍ എടുക്കും. ഇത് ഉത്തരവാദിത്വമുള്ള സ്വാതന്ത്ര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.” മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴരയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര നടപടി ഉണ്ടായത്. ഡല്‍ഹി കലാപത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ ഏഷ്യാനെറ്റിന്റെയും രാവിലെ 9.30യോടെ മീഡിയ വണിന്റെയും നിരോധനം നീക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News