ന്യൂദല്‍ഹി: ടിക് ടോക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. നോയിഡയിലെ ഹോട്ടല്‍ ജീവനക്കാരനായ രാഘവ്കുമാറിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ഫ്ളാറ്റില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞദിവസമാണ് ഗ്രേറ്റര്‍ നോയിഡയിലെ അരിഹാന്ത് ഗാര്ഡന് സൊസൈറ്റിയിലെ ഫ്ളാറ്റില്‍ നീരജ ചൗഹാന് (49) എന്ന വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന് ഫ്ളാറ്റിലെത്തിയിട്ടും അമ്മയുടെ പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. സംഭവദിവസം രാവിലെ രാഘവ്കുമാര്‍ നീരജയുടെ ഫ്ളാറ്റിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
നീരജ ചൗഹാനും രാഘവ്കുമാറും രണ്ടരവര്‍ഷത്തിലേറെയായി ടിക് ടോക്, ലൈക്കീ തുടങ്ങിയ സാമൂഹികമാദ്ധ്യമങ്ങളിലൂടെ അടുപ്പത്തിലായിരുന്നു. ഇരുവരും നിരന്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ രാഘവ്കുമാര്‍ നീരജയോട് നിരന്തരം പണം ആവശ്യപ്പെടാൻ തുടങ്ങി. കുറച്ചുപണം നല്‍കിയിരുന്നെങ്കിലും പിന്നീട് പണം നല്കാന് നീരജ കൂട്ടാക്കിയില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഫ്ളാറ്റ് പുറത്തുനിന്ന് പൂട്ടിയാണ് രാഘവ്കുമാര്‍ രക്ഷപ്പെട്ടത്. ഇയാളില്‍നിന്ന് ഫ്ളാറ്റിന്റെ താക്കോലും വീട്ടമ്മയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തു. വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply