Flash News

ആനക്കാലായില്‍ ആച്ചിയമ്മയും കൂഞ്ഞിക്കാലായില്‍ കുഞ്ഞവറാനും (നര്‍മ്മ കഥ)

March 7, 2020 , തോമസ് ഫിലിപ്പ് പാറയ്ക്കാമണ്ണില്‍

bannerആനക്കാലായില്‍ ആച്ചിയമ്മ, ഫൊക്കാനയില്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ലോകത്തില്‍ ഏറ്റവും അധികം പൊസിഷനുകളുള്ള അമേരിക്കയിലെ വലിയ സേവന സംഘടനയാണ് ‘പോക്കാന’ എന്ന് പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു.

അമേരിക്കന്‍ മലയാളി സേവന സംഘടനകള്‍ ഗ്യാസ് സ്റ്റേഷനുകള്‍ പോലെ കണക്കില്ലതെ അമേരിക്കയിലുണ്ടെങ്കിലും പലതിനും അമേരിക്കയിലെ ലക്ഷക്കണക്കിന് മലയാളികളുമായി പറയത്തക്ക സാമീപ്യ സമ്പര്‍ക്കങ്ങള്‍ ഇല്ലെന്നുള്ളതാണ് സത്യം.

നോര്‍ത്തമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പറയത്തക്ക ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ ഫൊക്കാനയ്ക്കും ഫോമയ്ക്കുമൊന്നും കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തില്‍ തൊഴിലൊന്നും ചെയ്യാതെ സുഖിച്ചു വാഴുന്ന മലയാളികള്‍ക്ക് ‘ആന എഴുന്നെള്ളിപ്പു’കളും തട്ടിപ്പു ഷോകളും കാണാന്‍ ഇഷ്ടമാണ്. എല്ലാ സേവനവും കേരളത്തിലുമാണല്ലോ.

വായനക്കാരേക്കാള്‍ അധികം എഴുത്തുകാരും, കവികളും കവയിത്രികളും, അംഗങ്ങളേക്കാളധികം സംഘടനകളും നേതാക്കന്മാരുമുള്ള അമേരിക്കന്‍ മലയാളി കലാസ്നേഹികളുടെയും സാഹിത്യകാരന്മാരുടേയും തലതൊട്ടപ്പന്മാര്‍ എന്നും കേരളത്തിലാണ്. അമേരിക്കന്‍ സാംസ്ക്കാരിക സംഘടനാ നേതാക്കന്മാരും ഇന്ന് തൊട്ടുവണങ്ങുന്നതും ഈ തലതൊട്ടപ്പന്മാരെ തന്നെയാണ് !

ഒരു അമേരിക്കന്‍ മലയാളി എഴുത്തുകാരനോ മാധ്യമത്തിനോ ഒരു 50 ഡോളര്‍ ക്യാഷ് അവാര്‍ഡോ പ്രോത്സാഹനമോ നല്‍കി ആദരിക്കാത്ത അമേരിക്കന്‍ സാംസ്ക്കാരിക സംഘടാകള്‍ കേരളത്തില്‍ പോയി അവിടത്തെ സൂപ്പര്‍ കലാകാരന്മാര്‍ക്ക് ക്യാഷ് അവാര്‍ഡുകളോ പാരിദോഷികങ്ങളോ ഒക്കെ കൊടുക്കും.

മലയാളിക്ക് പേരും പ്രശസ്തിയും വേണം. സല്‍‌പേരോ നിലനില്‍ക്കുന്ന പേരോ വേണമെന്നൊന്നും മലയാളിക്ക് നിര്‍ബ്ബന്ധമില്ല. വാട്സ്‌ആപ്പിലോ ഫെയ്സ്ബുക്കിലോ സുവനീറിലോ ഏത് തുക്കടാ പത്രത്തിലായാലും ശരി പേരും ഫോട്ടോയും ഒന്ന് പ്രസിദ്ധീകരിച്ച് കണ്ടാല്‍ മതി – അടപ്രഥമന്‍ കഴിച്ച സുഖം ഫലം ! ആരെ തുലച്ചാലും ശരി ‘അളിയന് സുഖിക്കണം’ അതാണ് മലയാളി! കേരളത്തിന്റെ പേരും ഇനിയും ‘കൊച്ചു ബംഗ്ലാദേശ്’ എന്ന് മാറിയെന്നും വരാം. അനുദിനം അത്രമാത്രം ബംഗാളികളെക്കൊണ്ട് നിറഞ്ഞു കൊണ്ടിരിക്കുകയാണ് കേരളം ഇന്ന്! ജീവിക്കുവാന്‍ വേണ്ടി നാടും വീടും വിട്ട് മലയാളി എന്നും പാലായനം ചെയ്തുകൊണ്ടുമിരിക്കുന്നു!

കുഞ്ഞവറാന്റെ നാട്ടിലെ അധികം പ്രജകള്‍ക്കും സത്യവും നീതിയും നട്ടെല്ലും നരിയാണിയും പ്രതികരണശേഷിയും ഇല്ലാത്തവരുമാണ്. ആര്‍ക്ക് എന്തെല്ലാം സംഭവിച്ചാലും, കുട്ടികളും സ്ത്രീകളും ബലാല്‍ക്കാരം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടാലും, അക്രമങ്ങളും അധര്‍മ്മവും ആകാശത്തോളം ഉയര്‍ന്നാലും കേരളത്തിലെ സാംസ്ക്കാരിക നായകന്മാര്‍ക്കോ, എഴുത്തുകാര്‍ക്കോ മാധ്യമങ്ങള്‍ക്കോ സാഹിത്യകാരന്മാര്‍ക്കോ സൂപ്പര്‍ സിനിമാ താരങ്ങള്‍ക്കോ, രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ, ആത്മീയ നേതാക്കന്മാര്‍ക്കോ, ആള്‍ദൈവങ്ങള്‍ക്കുപോലും യാതൊരു പ്രതികരണമോ പ്രതിഷേധമോ ഇല്ലേ ഇല്ല ! മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും ‘ഞമ്മക്ക് കൊഴപ്പ’മൊന്നും ഉണ്ടാകാതിരുന്നാല്‍ മതി മലയാളിക്ക്! കേരളത്തിലെ ഒരു ജനപ്രിയ നടന്‍ സാധുവായ ഒരു നടിയെ അസൂയ മൂത്ത് റൗഡികളെക്കൊണ്ട് ബലാല്‍ക്കാരം ചെയ്യിച്ച് അവളുടെ ഭാവി ജീവിതം നശിപ്പിച്ച് കളഞ്ഞിട്ടുപോലും മലയാളി വര്‍ഗം ‘ജനപ്രിയനെ’ ആരാധിച്ച് ഈ പ്രിയന്റെ പുറകെ ഇന്നും നടക്കുന്നു! തന്റെ നിരപരാധിത്വത്തിന് ‘ക്ലീന്‍ ചിറ്റ്’ വാങ്ങാന്‍ ജനപ്രിയന്‍ സുപ്രീം കോടതി വരെ പോയി കേസ് കൊടുക്കുന്നു. കേരളത്തിലെ പല പ്രിയന്മാരുടേയും പ്രിയമാരുടേയും ശോഭയുള്ള തൊലിക്കും മനഃസ്സാക്ഷിക്കും കണ്ടാമൃത്തിന്റെ തൊലിയേക്കാള്‍ കട്ടിയുമുണ്ട് !! തിരുവസ്ത്രവും തലയില്‍ കിരീടവും കഴുത്തില്‍ പാവനമായ കുരിശും ധരിച്ചുകൊണ്ട് പാവപ്പെട്ട കന്യാസ്ത്രീകളെ ബലാല്‍ക്കാരവും ചെയ്ത് സുഖിച്ചു വാഴുന്ന ‘ഫ്രാങ്കോ പിതാക്കന്മാരും’ കത്തോലിക്കാ സഹയുടെ ദൃഷ്ടിയില്‍ കുറ്റവാളികളോ പാപികളോ അല്ല! ഇനിയും ദൈവത്തെ സേവിക്കുന്ന അനവധി ‘തിരുമേനിമാര്‍’ വേറെയുമുണ്ട്. പാവങ്ങളെയും അവരുടെ കഷ്ട ദുഃഖങ്ങളെയും അറിയാത്ത ‘തിരുമേനിമാര്‍’! ‘കപട ഭക്തരായ സര്‍പ്പ സന്തതികളേ, വെള്ള തേച്ച ശവക്കല്ലറകളേ… നിങ്ങള്‍ക്ക് ഹാ.. കഷ്ടം!’ എന്ന് ക്രിസ്തു വിളിച്ചു പറഞ്ഞത് നിങ്ങളെപ്പറ്റിയല്ലാതെ മറ്റാരെപ്പറ്റിയാണ്? കപട ഭക്തന്മാരേ, ഓര്‍ക്കുക ക്രിസ്തുവിന് അന്തിയുറങ്ങാന്‍ അരമനയും സഹായത്തിന് സെക്രട്ടറിയും ഇല്ലായിരുന്നു !

ഇനിയും നമുക്ക് കുഞ്ഞവറാന്‍ ആച്ചിയമ്മ പ്രേമ കഥയിലേക്ക് കടക്കാം. ഓള്‍ ഇന്ത്യാ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിംഗ് പാസായ ആനക്കാലായില്‍ ആച്ചിയമ്മ ആ വര്‍ഷം തന്നെ ബാങ്ക്ലൂരിലുള്ള മാര്‍ത്താസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചു. മെട്രിക്കുലേഷന്‍ മൂന്നു തവണ എഴുതി പാസായ കൂഞ്ഞിക്കാലായില്‍ കുഞ്ഞവറാന്‍ ചെങ്ങന്നൂരില്‍ നിന്നും 10 മാസത്തെ സിവില്‍ എഞ്ചിനീയര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ബാങ്ക്‌ളൂരി പോയി അവിടത്തെ ഒരു ചെറിയ ഫാക്ടറിയില്‍ ഫിറ്റര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. നക്ഷത്രഫല പ്രകാരമുള്ള ഒരു തട്ടിപ്പു നാളില്‍ ജനിച്ച കുഞ്ഞവറാന്‍ പെണ്ണുങ്ങളെ വലയില്‍ പെടുത്താനായി ടൈയും കെട്ടി കോമള വേഷത്തിലേ പുറത്തിറങ്ങാറുള്ളൂ. ടൈ കെട്ടിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞവറാന്‍ ആളു മാറി വി.ഐ.പിയായി. കേരളത്തിലെ പണ്ടത്തെ കാരണവന്മാര്‍ അടിവയറിന് താഴെ ടൈ കെട്ടുന്നവരായിരുന്നു. ‘ആയാലൊരാന, പോയാലൊരു വാക്ക്’ അതാണ് കുഞ്ഞവറാന്റെ ജീവിതപ്രമാണം. ജീവിതം തന്നെ ചതിയും ഒരു ‘ഷോ’യുമാണെന്ന് കുഞ്ഞവറാനുമറിയാം.

‘വേപ്പിന്‍ കുരുവിന് കാഞ്ഞിരക്കുരു സാക്ഷി’ എന്നു പറഞ്ഞതുപോലെ കുഞ്ഞവറാന്റെ എല്ലാ കൂട്ടുകാരും നാട്ടുകാരും ജന നേതാക്കന്മാരും ചതിയന്മാരും തട്ടിപ്പുകാരുമാണ്. ബിഷപ്പിനെ പോലും ആര്‍ക്കും ഇന്ന് വിശ്വസിക്കാന്‍ പറ്റില്ലെന്നുള്ളതാണ് സത്യം.

‘ഉര്‍‌വ്വശീ ശാപം ഉപകാരം’ എന്നു പറഞ്ഞതുപോലെ ഒരു ഞായറാഴ്ച രാവിലെ കുഞ്ഞവറാന് വലിയൊരു വയറിളക്കമുണ്ടായി. കുഞ്ഞവറാന്റെ കൂട്ടുകാരന്‍ കുളിരുകാലായില്‍ കുഞ്ഞാപ്പി കുഞ്ഞവറാനെ ഓട്ടോയില്‍ കയറ്റി ആനക്കാലായില്‍ ആച്ചിയമ്മ ജോലി ചെയ്യുന്ന മാര്‍ത്താസ് ഹോസ്പ്പിറ്റലിലെ ഒരു വാര്‍ഡില്‍ അഡ്മിറ്റു ചെയ്തു. ടൈയും കെട്ടി കോമളാംഗനായി വന്നിരിക്കുന്ന അപരിചിതനായ ഈ ലൂസ് മോഷന്‍ പേഷ്യന്റിനെ വി ഐ പി പരിഗണനയില്‍ ആച്ചിയമ്മ ശുശ്രൂഷിച്ചു. നവാഗതനായ ഈ വി ഐ പി പേഷ്യന്റിന്റെ കാണാനായി ചായപ്പൊടി അച്ചനും മദര്‍ സുപ്പീരിയറും, കന്യാസ്ത്രീകളും, ധൂമക്കുറ്റി കപ്യാരും, അടുത്ത വാര്‍ഡില്‍ നിന്നും തലകറക്കം തങ്കമ്മയും, സന്ധിവാതം ശങ്കര പിള്ളയും, ആശ, നിഷ, സുമ, ശീലാവതി എന്നീ നഴ്സുമാരും വന്നു പോയി. ആണ്ടു തോറും അമേരിക്കയില്‍ പോയി വരുന്ന പിരിവുകാലായില്‍ പാസ്റ്റര്‍ കുഞ്ഞുവര്‍ക്കിയും വിവരമറിഞ്ഞ് വല്ലതും കിട്ടുമെന്ന് പ്രതീക്ഷിച്ച് വന്ന് കുഞ്ഞവറാനു വേണ്ടി ഉറക്കെ പ്രാര്‍ത്ഥിച്ചിട്ടും ഒന്നും കിട്ടാതെ പോകേണ്ടി വന്നു. മേലാല്‍ ഈ കുഞ്ഞവറാനെപ്പോലുള്ള ‘ഉരുപ്പടി’കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പാന്‍ താന്‍ ഇനിയും പോകുകയില്ലെന്ന് കുഞ്ഞുവര്‍ക്കി പാസ്റ്റര്‍ പോകുന്ന വഴി പ്രതിജ്ഞ എടുക്കുകയും ചെയ്തു.

തുടരും….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top