Flash News

പാര്‍ലമെന്റിന്റെ അന്തസും വിശ്വാസ്യതയും

March 8, 2020 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Parliamentinte bannerനമ്മുടെ പാര്‍ലമെന്റ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ ‘നടപടിദൂഷ്യ’ങ്ങളുടെ അസഹ്യമായ പ്രതീകമായി രൂപം മാറുകയാണ്. കേരളത്തില്‍ നിന്നുള്ള നാലുപേരടക്കം ഏഴ് കോണ്‍ഗ്രസ് എം.പിമാരെ ‘നടപടിദൂഷ്യം പറഞ്ഞ്’ ബജറ്റ് സമ്മേളനം കഴിയുംവരെ സഭയ്ക്കു പുറത്തുനിര്‍ത്താനുള്ള തീരുമാനം അതാണ് കാണിക്കുന്നത്. അധ്യക്ഷ വേദിയില്‍ വരാതെ സ്പീക്കര്‍ ചേംബറിലിരിക്കുകയും ബി.ജെ.പിയുടെ മാധ്യമ വക്താവായ മീനാക്ഷി ലേഖി സ്പീക്കറുടെ വേദിയിലിരുന്ന് ഇതു നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

ഇതിനുപുറമെ മറ്റൊന്നുകൂടി സ്പീക്കറുടെ അസാന്നിധ്യത്തില്‍ പ്രമേയം അംഗീകരിച്ച് ലോകസഭ തീരുമാനിച്ചു. മാര്‍ച്ച് 2 മുതല്‍ 5വരെ സഭ തടസപ്പെടുത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍. ഇതിനൊരു കമ്മറ്റിയെ നിയോഗിക്കാനുള്ള പ്രമേയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ചു. കുറ്റം ചെയ്തവരെ കണ്ടെത്തിയാല്‍ അവരുടെ അംഗത്വം റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകസഭയിലെ വന്‍ ഭൂരിപക്ഷം ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ വായ പൊത്തുക മാത്രമല്ല പരിമിതമായ അവരുടെ സാന്നിധ്യം പോലും സഭയില്‍ ഇല്ലാതാക്കാനാണ് ഭരണകക്ഷിയുടെ നീക്കമെന്നു വ്യക്തം.

PHOTOഒരുകണക്കിന് കന്നിക്കാരനായ സ്പീക്കര്‍ ഓം ബിര്‍ള ഈ ദിവസങ്ങളില്‍ അധ്യക്ഷ വേദിയില്‍ വരാതെ ദു:ഖിതനായി ചേംബറിലിരുന്നത് നന്നായി. സഭയുടെ വക്താവ് അധ്യക്ഷ പാനലിലെ അംഗങ്ങളല്ലെന്നും സ്പീക്കറാണെന്നുമാണ് സ്പീക്കറുടെ വെബ്‌സൈറ്റ് പറയുന്നത്. സഭാംഗങ്ങളുടെ അധികാരങ്ങളുടെയും അവകാശങ്ങളുടെയും മുഖ്യവക്താവാണെന്നും. പോരാ, പാര്‍ലമെന്ററി അന്തസ് പരിപാലിക്കുന്നതിന്റെ നാഥനും. പക്ഷെ, ഇതിനൊക്കെയുള്ള അധികാരം സ്പീക്കര്‍ ആര്‍ജ്ജിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയില്‍നിന്നാണ്. പാര്‍ലമെന്ററി കീഴ് വഴക്കങ്ങളില്‍നിന്നും നടപടി ക്രമങ്ങളില്‍നിന്നും ലോകസഭാ പെരുമാറ്റം സംബന്ധിച്ച നിയമങ്ങളില്‍നിന്നുമാണ് – എന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ചും പാലിച്ചുമാണോ പാര്‍ലമെന്ററികാര്യ മന്ത്രി ജോഷിയും പാനല്‍ അധ്യക്ഷ മീനാക്ഷി ലേഖിയും സ്പീക്കറെ ചേംബറിലിരുത്തി വ്യാഴാഴ്ച ലോകസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ഏഴ് അംഗങ്ങളെ സഭയ്ക്കു പുറത്തേക്ക് തള്ളിയതെന്ന് ഇനി പ്രധാനമന്ത്രി മോദിതന്നെ വിശദീകരിക്കേണ്ടിവരും.

ജനാധിപത്യത്തില്‍ കേന്ദ്രസ്ഥാനത്ത് ജനങ്ങള്‍ തന്നെയാണ്. ഭൂരിപക്ഷം നേടുന്ന കക്ഷിയോ അവര്‍ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയോ സ്പീക്കറോ അല്ല. ജനങ്ങളെ പ്രതിനിധീകരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ ലോകസഭയിലെത്തുന്നത്. തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളുടെ അടിയന്തരപ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ അവസരം നിഷേധിക്കുമ്പോള്‍ ജനങ്ങളുടെ നിരാശയും ദു:ഖവും പ്രതിഷേധവുമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. നിയമസഭകളില്‍നിന്ന് രാജ്യസഭയിലേക്ക് ജനപ്രതിനിധികള്‍ തെരഞ്ഞെടുത്തയക്കുന്ന എം.പിമാരുടെ കാര്യവും ഇതുതന്നെയാണ്.

പതിവ് സാധാരണ വിഷയങ്ങള്‍കൊണ്ടല്ല ബജറ്റ് സമ്മേളനം ഇത്തവണ തുടര്‍ച്ചയായി സ്തംഭിച്ചത്. ഭരണകക്ഷിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ വംശീയകലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു.

അമ്പത്തിമൂന്നു ആളുകളാണ് വെടിയേറ്റും വെന്തെരിഞ്ഞും കല്ലേറിലും മരണപ്പെട്ടത്. വെടിയുണ്ടയേറ്റും കല്ലേറുകൊണ്ടും പരിക്കേറ്റവര്‍ നൂറുകണക്കില്‍. ഇനിയും കാണാതായവരുടെ കൃത്യമായ കണക്കുപോലുമില്ല. വീടുകള്‍ക്കും സ്‌ക്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും തീവെച്ചു. കത്തിച്ചാമ്പലായ വാഹനങ്ങളുടെ ശ്മശാനമായി രാജ്യ തലസ്ഥാനം. ജനാധിപത്യബോധമുള്ള, മാനവികതയ്ക്കു വിലകല്പിക്കുന്ന രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ഡല്‍ഹിയിലെ വര്‍ഗീയാക്രമണം തടയണമെന്ന് ആവശ്യപ്പെടുന്നു. ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് മറുപടി പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുന്നു.

ജനങ്ങള്‍ ചോദിക്കാനും പറയാനും അവര്‍ക്കുവേണ്ടി അയച്ച പാര്‍ലമെന്റില്‍ ഈ വിഷയങ്ങളാകെ ചര്‍ച്ച ചെയ്യേണ്ടേ? അത് ആവശ്യപ്പെട്ട പ്രതിപക്ഷ എം.പിമാരാണോ മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അന്തസ് തകര്‍ക്കുന്നത്. അതോ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്തുകൂടെന്നു പറയുന്ന, അതിന് ഇനിയും സമയമുണ്ടെന്നു സുപ്രിം കോടതിയില്‍ പോലും വാദിക്കുന്ന മോദി ഗവണ്മെന്റാണോ നമ്മുടെ പാര്‍ലമെന്റിന്റെ വിശ്വാസ്യതയും വിലയും ഇടിച്ചുകളഞ്ഞത്.

ഒരാഴ്ച കടന്നുപോയിരിക്കുന്നു. സഭയിലെ പ്രതിഷേധം സമാധാനിപ്പിക്കാന്‍ പ്രധാനമന്ത്രി വരുന്നില്ല. ഡല്‍ഹിയുടെ ക്രമസമാധാന ആഭ്യന്തരമന്ത്രി അമിത് ഷാ അതിനു മുതിരുന്നില്ല. ഒടുവിലിപ്പോള്‍ സ്പീക്കര്‍ പോലും ചേംബറിലിരുന്ന് സങ്കടപ്പെടുകയാണത്രെ.

ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് വനിതാ അംഗം രമ്യാ ഹരിദാസിനെ ബി.ജെ.പി അംഗങ്ങള്‍ കയ്യേറ്റം ചെയ്തു. സ്പീക്കറുടെ മുമ്പില്‍ പൊട്ടിക്കരഞ്ഞാണ് രമ്യാ ഹരിദാസ് തന്റെ അനുഭവം വിവരിച്ചതും ബന്ധപ്പെട്ട എം.പിമാര്‍ക്കെതിരെ പരാതി നല്‍കിയതും. തന്റെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിച്ച എം.പിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാരെകൂട്ടി അമിത് ഷാ തന്നെ സ്പീക്കറെ കാണുകയായിരുന്നു!

ഡല്‍ഹി കലാപത്തിന്റെ ചര്‍ച്ചയുമായി ബന്ധപ്പെട്ടല്ല വ്യാഴാഴ്ച കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങിയതും അവരില്‍ ചിലര്‍ സ്പീക്കറുടെ പോടിയത്തില്‍ കയറിയതും. ബി.ജെ.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ രാജസ്ഥാനില്‍നിന്നുള്ള എം.പി ഹനുമാന്‍ ബേണിവാല്‍ സഭയുടെ അന്തസിനു നിരക്കാത്ത പരാമര്‍ശം നടത്തി തീയില്‍ എണ്ണയൊഴിച്ചപ്പോഴാണ്. കൊറോണ വൈറസ് ഇറ്റലിയില്‍നിന്ന് പകരുന്നതുകൊണ്ട് ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിശോധനയ്ക്കു വിധേയരാക്കണമെന്ന് ആക്ഷേപിച്ചതുകൊണ്ടാണ്. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ രണ്ടു പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങളാണ് അവരെന്നതുപോലും വിസ്മരിച്ച് സഭയുടെ അന്തസ് കെടുത്തുകയാണ് രാജസ്ഥാന്‍ എം.പി ചെയ്തത്.

ആ പരാമര്‍ശം സഭാ നടപടികളില്‍നിന്നു നീക്കുമെന്നും അത്തരം തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ഭരണപക്ഷത്തെ അംഗങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം പാര്‍ലമെന്ററികാര്യ മന്ത്രിക്കും സഭയില്‍ അധ്യക്ഷയായിരുന്ന ബി.ജെ.പി വക്താവുകൂടിയായ മീനാക്ഷി ലേഖിക്കും ഉണ്ടായിരുന്നു.

അതിനുപകരം സ്പീക്കറുടെ മേശപ്പുറത്തുനിന്ന് ഒരു കടലാസ് വലിച്ചെടുത്ത് അമ്മാനമാടിയെന്നും ഇത്തരമൊരു സംഭവം ചരിത്രത്തില്‍ ആദ്യമാണെന്നും പറയുകയാണ് പാനല്‍ ചെയര്‍മാനായ മീനാക്ഷി ലേഖി ചെയ്തത്. അതിന്റെ പേരില്‍ ഏഴ് എം.പിമാരെ ഈ സമ്മേളന കാലംവരെ സഭയില്‍നിന്ന് സസ്‌പെന്റു ചെയ്യുന്ന തീരുമാനമാണ് പ്രഖ്യാപിച്ചത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റം തെളിഞ്ഞാല്‍ എം.പിമാരുടെ അംഗത്വം തന്നെ റദ്ദാക്കുമെന്നുമാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.

എന്നാല്‍ രമ്യാ ഹരിദാസിന്റെ പരാതിയില്‍ നടപടിയുണ്ടായില്ല. അത് സഭയുടെ അന്തസിന് ചേര്‍ന്നതാണോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. കൊറോണ വൈറസ് പടരുന്നതിനെതിരായ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നു പറഞ്ഞാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

ഡല്‍ഹി കലാപത്തിന് പ്രേരണ നല്‍കിയത് കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ കപില്‍ മിശ്ര തുടങ്ങിയവ ബി.ജെ.പി നേതാക്കളാണ് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. കലാപം ബി.ജെ.പിയുടെ സൃഷ്ടിയാണെന്നതും. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ഇവര്‍ക്കെതിരെ ഉടനെ കേസെടുക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കഠിനശ്രമം നടത്തി. അതിന്റെ തുടര്‍ച്ചയാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നത്.

പ്രതിപക്ഷം ശക്തമായ രാജ്യസഭയില്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമായി. ഒടുവില്‍ ഡല്‍ഹി കലാപം മാര്‍ച്ച് 11ന് ചര്‍ച്ചചെയ്യാമെന്ന് ചെയര്‍മാന്‍ വെങ്കയ്യനായിഡു സമ്മതിച്ചു. എന്നിട്ടും ലോകസഭയില്‍ സര്‍ക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ വ്യാഴാഴ്ച കാലത്താണ് സ്പീക്കര്‍ കക്ഷിനേതാക്കളെ വിളിച്ചത്. രാജ്യസഭയിലേതുപോലെ 11ന് ചര്‍ച്ച അനുവദിക്കാമെന്ന് സമ്മതിച്ചത്. എന്നാല്‍ ചര്‍ച്ച നേരത്തെയാക്കണമെന്ന് രാജ്യസഭയിലും ലോകസഭയിലും പ്രതിപക്ഷം തുടര്‍ന്നും ആവശ്യപ്പെട്ടത് ന്യായം. എന്തുകൊണ്ട് ചര്‍ച്ച ഇത്തരമൊരു അടിയന്തരവിഷയത്തില്‍ അടിയന്തരമായി നടത്തിക്കൂടാ. സഭ നിര്‍ത്തിവെച്ചു ചര്‍ച്ചചെയ്യാനുള്ള വകുപ്പും ചട്ടവും ഉണ്ടായിരിക്കെ.

മൂന്നുദിവസമായി അധ്യക്ഷവേദിയില്‍ വരാതെ ചേംബറിലിരിക്കുകയാണ് സ്പീക്കര്‍ ഓംബിര്‍ള. പാനല്‍ സ്പീക്കര്‍മാരാണ് സഭ നടത്തിക്കൊണ്ടുപോകുന്നതും സ്പീക്കറുടെ പേരില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും. അസാധാരണമായ പ്രതിഷേധ സമരമാണ് സ്പീക്കറും നടത്തുന്നത്.

പാര്‍ലമെന്റിന്റെ അന്തസ് സംബന്ധിച്ച ബി.ജെ.പിയുടെ യഥാര്‍ത്ഥ സങ്കല്‍പ്പം മറ്റൊന്നാണ്. 2005 ഡിസംബറില്‍ രാജ്യസഭയിലെയും ലോകസഭയിലെയും പത്ത് അംഗങ്ങള്‍ പണം സ്വീകരിച്ച് സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതായി അനിരുദ്ധ ബാഹല്‍ ഒളിക്യാമറ ഉപയോഗിച്ച് വാര്‍ത്ത തെളിവുകൊണ്ടുവന്നു. ഗുരുതരമായ ഈ ആക്ഷേപം സംബന്ധിച്ച് വി കിഷോര്‍ ചന്ദ്ര എസ് ദേവിന്റെ അധ്യക്ഷതയില്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു. സഭയിലെ കക്ഷിനേതാക്കളുമായി ആലോചിച്ചായിരുന്നു തീരുമാനം. ഒളിക്യാമറയില്‍ പിടികൂടിയ എം.പിമാരെ പുറത്താക്കണമെന്ന് കമ്മറ്റി ശുപാര്‍ശചെയ്തു. സഭാനേതാവ് പ്രണവ് മുഖര്‍ജി അവതരിപ്പിച്ച പുറത്താക്കല്‍ പ്രമേയം സഭ അംഗീകരിക്കുകയും ചെയ്തു. പാര്‍ലമെന്റിന്റെ പ്രതിച്ഛായ സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തുന്നതായിരുന്നു നടപടി. കുറ്റകൃത്യം തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ പൊതുജീവിതത്തില്‍ സത്യസന്ധ്ത ഉറപ്പുവരുത്താന്‍ കടുത്ത നടപടി ആവശ്യമാണെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി നിലപാടെടുത്തു.

അന്വേഷണ റിപ്പോര്‍ട്ട് ലോകസഭ ചര്‍ച്ചചെയ്തപ്പോള്‍ പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനി കണ്ടെത്തലുകളോട് യോജിച്ചു. എന്നാല്‍ പുറത്താക്കല്‍ നടപടിയെ ചോദ്യംചെയ്തു. അത്രയും കടുത്ത നടപടി ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പുറത്താക്കപ്പെട്ട എം.പിമാരില്‍ ഏറെപേരും ബി.ജെ.പിയില്‍ നിന്നുള്ളവരായിരുന്നു.

ഇപ്പോള്‍ സ്പീക്കറുടെ മേശപ്പുറത്തെ കടലാസെടുത്ത് എറിഞ്ഞെന്ന് ആരോപിച്ച് ഏഴ് എം.പിമാരെ സഭയില്‍നിന്നു പുറത്താക്കുന്നു. അംഗത്വംതന്നെ റദ്ദാക്കാന്‍ അന്വേഷണ കമ്മറ്റിയെ നിയോഗിക്കുന്നു!

ജനങ്ങളെ ആക്രമിച്ചും ചുട്ടും കൊല്ലുന്നതാണോ സഭയുടെ അന്തസ്, അതല്ല ആവിഷയം സഭയില്‍ ചര്‍ച്ചചെയ്ത് വിശ്വസനീയമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതോ. അങ്ങനെചെയ്യുമ്പോള്‍ ബി.ജെ.പിയുടെ യഥാര്‍ത്ഥ ഭരണഅജണ്ട മാറ്റിവെക്കേണ്ടി വരും. അതിലേറെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപത്തിലേക്ക് പ്രപതിപക്ഷ രോഷം കേന്ദ്രീകരിക്കുന്നതു തടയാന്‍ കലാപം സംബ്ധിച്ച ചര്‍ച്ച കോടതിയിലായാലും പാര്‍ലമെന്റില്‍ ആയാലും ഉയരാതിരിക്കേണ്ടത് സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും ആവശ്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top