ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിലിടപെടുന്നതായി റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ ദമ്പതികള്‍ പിടിയില്‍

Untitledന്യൂഡല്‍ഹി: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുവരുന്ന പ്രതിഷേധ സമരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇടപെടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെ മറവില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദമ്പതികള്‍ ഡല്‍ഹിയില്‍ പിടിയിലായി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ദമ്പതികളെ ജാമിയ നഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവര്‍ കശ്മീര്‍ സ്വദേശികളാണെന്നാണ് വിവരം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ മറവില്‍ മുസ്ലീം യുവാക്കളെ ഭീകരാക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു.

ജഹാന്‍സാഹിബ് സമി, ഭാര്യ ഹിന ബഷീര്‍ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതായാണ് സൂചന. ചാവേറാക്രമണത്തിനായി ആയുധങ്ങള്‍ ശേഖരിച്ചു വരികയായിരുന്ന ജഹാന്‍സാഹിബ് സമി ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു.. ജമ്മു കശ്മീരിന് പുറമെ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സമി ശ്രമിച്ചു വരികയായിരുന്നു. ഇതിനായി ഇയാള്‍ സൈബര്‍ സ്പേസ് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

കശ്മീരി യുവാക്കളെ വ്യാപകമായി ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ച ഇസ്ലാമിക് സ്റ്റേറ്റ് പാകിസ്ഥാന്‍ ഘടകം തലവന്‍ ഹുസൈഫ അല്‍ ബാകിസ്ഥാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് പിടിയിലായിരിക്കുന്ന ജഹാന്‍സാഹിബ് സമി. ലഷ്കര്‍ ഇ ത്വയിബ ഇസ്ലാമിക് സ്റ്റേറ്റില്‍ ലയിച്ചപ്പോള്‍ മുതല്‍ സജീവ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വന്നിരുന്ന പാക് സ്വദേശിയാണ് ഹുസൈഫ അല്‍ ബാകിസ്ഥാനി. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഓണ്‍ലൈന്‍ റിക്രൂട്ടര്‍ എന്ന നിലയിലും ഇയാള്‍ കുപ്രസിദ്ധനായിരുന്നു. ഇയാള്‍ കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment