സ്ത്രീ വെറുമൊരു കാഴ്ചവസ്തുവല്ല (എഡിറ്റോറിയല്‍)

sthree verumoru bannerതങ്ങളുടെ രാജ്യങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ചരിത്രത്തില്‍ അസാധാരണമായ പങ്ക് വഹിച്ച സാധാരണ സ്ത്രീകളുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതിനും മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നതിനും ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നതിനുമുള്ള സമയമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലോകം അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു രാജ്യവും ലിംഗസമത്വം നേടിയിട്ടില്ല. അമ്പത് വര്‍ഷം മുമ്പ് ഞങ്ങള്‍ ചന്ദ്രനില്‍ വന്നിറങ്ങി; കഴിഞ്ഞ ദശകത്തില്‍, ഞങ്ങള്‍ പുതിയ മനുഷ്യ പൂര്‍വ്വികരെ കണ്ടെത്തി എന്നൊക്കെ വീമ്പിളക്കുമെങ്കിലും, നിയമപരമായ നിയന്ത്രണങ്ങള്‍ 2.7 ബില്യണ്‍ സ്ത്രീകളെ പുരുഷന്മാരുടേതിന് സമാനമായ ജോലികളില്‍ നിന്ന് തടയുകയും ചെയ്തു. 2019 ലെ കണക്കനുസരിച്ച് പാര്‍ലമെന്‍റംഗങ്ങളില്‍ 25 ശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍. മൂന്നില്‍ ഒരാള്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ അനുഭവിക്കുന്നുമുണ്ട്.

ലോകമെമ്പാടും വനിതാ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആഹ്വാനം ചെയ്യുകയാണ് അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. ദേശ-സംസ്കാര-ജാതി-വര്‍ണ്ണ-ഭാഷകളുടെ അതിരുകള്‍ക്കപ്പുറത്ത്, സര്‍വ്വരാജ്യ വനിതകള്‍ക്കുമായി ഒരു ദിനം. ഈ ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്.

സ്ത്രീ സുരക്ഷ നടപ്പാക്കുമെന്ന മാറിമാറി വന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനങ്ങള്‍ ഇപ്പോഴും ജലരേഖകളായി തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ചില കാര്യങ്ങളില്‍ പ്രതീക്ഷാനിര്‍ഭരമായ തുടക്കങ്ങള്‍ കുറിക്കാന്‍ ഓരോ സര്‍ക്കാരിനും കഴിഞ്ഞിട്ടുണ്ടെങ്കിലും സമ്പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള സ്ത്രീസുരക്ഷ വാഗ്ദാനം മാത്രമായി തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിനു വഴിയൊരുക്കിയത്. ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്‍റെ പിന്‍ബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും പോരാട്ടവും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്‍റെ കഥയും ഇന്നും ആവേശം വിതയ്ക്കുന്ന മാതൃകകളാണ്.

ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്‍റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്‍റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം. ഇന്ന് സ്ത്രീകള്‍ പല നേതൃത്വസ്ഥാനങ്ങളിലും വിരാജിക്കുന്നുണ്ടെങ്കിലും ആ പദവിയില്‍ ഇരിക്കെത്തന്നെ പുരുഷാധിപത്യ സമൂഹത്തിന്‍റെ മേല്‍ക്കോയ്മകളാല്‍ അപമാനിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല.

നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് ഇക്കാലത്ത് ഓരോ സ്ത്രീയും പ്രവര്‍ത്തിക്കുന്നത്. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിപ്പിടം നിഷേധിക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഭൂരിപക്ഷം ഇടങ്ങളിലും അതൊന്നും ഇല്ലാത്ത സാഹചര്യമാണ്. ഇരട്ടനീതിയെന്നത് യാഥാര്‍ഥ്യം തന്നെയാണ്.

വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുനേരെ പൊതുസമൂഹത്തിന് ഇപ്പോഴും യാഥാസ്ഥിതിക മനോഭാവമാണുള്ളത്. പുരുഷന്‍ ഏത് വസ്ത്രം ധരിക്കണമെന്നത് പുരുഷന്‍ തീരുമാനിക്കുംപോലെ സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീ തന്നെയാണ് തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും.

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള സ്‌ത്രീ പീഡനങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ന് നാം വനിതാദിനം ആചരിക്കുന്നത്. ഓരോ പീഡനകഥയും കുറച്ചുനാള്‍ സജീവമായ്‌ നിന്ന ശേഷം വിസ്‌മൃതിയിലാണ്ടുപോകുന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീ സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിയമസഹായം ലഭ്യമാകുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, സമൂഹത്തില്‍ നിന്ന്‌ വേണ്ടത്ര പിന്തുണ കിട്ടാതെ വരല്‍, ഇവയെല്ലാം മൂലം, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ കിട്ടാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്‌. സ്‌ത്രീകള്‍ക്ക്‌ പീഡനങ്ങളില്‍ നിന്ന്‌ രക്ഷ നേടുന്നതിനും പീഡനശ്രമങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കുന്നതിനും, മെച്ചപ്പെട്ട മാനസിക നിലവാരവും, മതിയായ സുരക്ഷിതത്വബോധവും ഉളവാക്കുന്നതിനും വേണ്ടി ശരിയായ ബോധവത്‌കരണം ആവശ്യമാണ്‌. .

മാതൃകാപുരുഷോത്തമന്മാരെ ഉയര്‍ത്തിക്കാട്ടാനായി നവംബര്‍ 19 പുരുഷദിനമായി കൊണ്ടാടുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായ് അനീതിക്കെതിരെ വിരല്‍ ചൂണ്ടുകയോ ശബ്ദം ഉയര്‍ത്തുകയോ ചെയ്താല്‍ പലര്‍ക്കും ”അവള്‍ നാടിന് അപമാനമാണ്.”

കേരളത്തിലടക്കം ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ ലൈംഗിക പീഡനങ്ങളിലൂടെയും കൂട്ട ബലാത്സംഗങ്ങളിലൂടെയും ആക്രമിക്കപ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിന് ഉത്തരവാദികള്‍ ആരൊക്കെയാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വച്ച് അതിക്രൂരമായി ബലാത്കാരം ചെയ്ത് കൊലചെയ്യപ്പെട്ട നിർഭയ മുതൽ കേരളത്തില്‍ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വച്ച് പീഡിപ്പിക്കപ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ട യുവനടി വരെയുള്ളവരുടെ ഉദാഹരണങ്ങള്‍ ഈ സമൂഹത്തിൽ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് സ്വയം വിളിച്ചുപറയുന്നു.

പുരോഹിതരും വൈദികരും പൂജാരികളും അടക്കമുള്ളവര്‍ പോലും പുരുഷാധിപത്യ സമൂഹത്തിലെ പീഡകരായ പുരുഷന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നു എന്നത് ലജ്ജാകരമാണ്. നന്മയുടെ പാഠങ്ങള്‍ ചൊല്ലികൊടുക്കേണ്ട ഗുരുക്കന്മാരില്‍ നിന്നുപോലും ബാല പീഡനങ്ങളുണ്ടാവുന്നു.

സ്ത്രീയെ വേറിട്ട്‌ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ ഉരുത്തിരിയുന്നത്. നിയമങ്ങളുണ്ടായിട്ടും സംരക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. സ്ത്രീ പുരുഷ സമത്വം മഹത്തായ ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും സ്ത്രീയെ കാഴ്ചവസ്തുവായി കാണാനുള്ള പലരുടെയും ത്വര അവസാനിപ്പിച്ചേ മതിയാകൂ. ചില വിദേശ രാജ്യങ്ങളെങ്കിലും സ്വീകരിച്ചിട്ടുള്ള നിയമാവലികള്‍ നടപ്പാക്കിയാല്‍ മാത്രമേ സ്ത്രീപീഡനങ്ങള്‍ക്ക് ശമനമുണ്ടാവുകയുള്ളൂ. കടുത്ത ശിക്ഷാ നടപടികള്‍ കൊണ്ടുവരണം.

അന്താരാഷ്ട്ര വനിതാ ദിനം വെറുമൊരു ചടങ്ങല്ല. ചടങ്ങായി കാണുകയുമരുത്. അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ പ്രസക്തിയും അതോടെ നഷ്ടപ്പെടും. ഉയര്‍ന്നു വരുന്ന ആഗോള സമവായം, ചില പുരോഗതികള്‍ക്കിടയിലും, ലോകത്തിലെ ഭൂരിഭാഗം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും യഥാര്‍ത്ഥ മാറ്റം വളരെ മന്ദഗതിയിലാണ്. ഇന്ന്, ഒരു രാജ്യത്തിന് പോലും ലിംഗസമത്വം നേടിയെന്ന് അവകാശപ്പെടാന്‍ കഴിയില്ല. ഒന്നിലധികം തടസ്സങ്ങള്‍ നിയമത്തിലും സംസ്കാരത്തിലും മാറ്റമില്ലാതെ തുടരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും വിലകുറച്ച് കാണുന്നത് തുടരുന്നു; അവര്‍ കൂടുതല്‍ ജോലി ചെയ്യുകയും കുറച്ച് വേതനം വാങ്ങുകയും ചെയ്യുന്നു; സമ്പാദ്യവും കുറവ്; വീട്ടിലും പൊതു ഇടങ്ങളിലും വിവിധ തരത്തിലുള്ള അക്രമങ്ങള്‍ അനുഭവിക്കുന്നു.

ചീഫ് എഡിറ്റര്‍

Print Friendly, PDF & Email

Related News

Leave a Comment