Flash News

കടങ്കഥ പോലൊരു ലോക കേരള സഭ

March 9, 2020 , ബ്ലെസന്‍ ഹ്യൂസ്റ്റന്‍

Loka kerala sabha bannerലോക കേരളസഭ വീണ്ടും വിവാദത്തില്‍ ഇക്കുറി സഭ കൂടിയപ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ വിലയെ ചൊല്ലിയാണ് വിവാദം. ഒരു വെറു വിവാദത്തിനപ്പുറം അതില്‍ കാര്യങ്ങളുണ്ടെന്നതാണ്‌സത്യം. ഒരാള്‍ കഴിച്ച ഭക്ഷണത്തിന്റെ വില ഒരു ദിവസത്തേക്കു കണക്കാക്കിയാല്‍ ശരാശരി ഒരു കുടുംബത്തിനു കഴിയ്ക്കാനുള്ള തുകയുണ്ട്. ഒരു നേരം ഒരംഗം കഴിച്ച തുക കണ്ടാല്‍ തീറ്റ റപ്പായിപോലും മൂക്കത്ത് വിരല്‍ വെച്ചുപോകും. അദ്ദേഹം ഒരു ദിവസം കഴിച്ച തുക പോലും ഒരു നേരത്തിന്റെ അത്രയുമോ അതില്‍ കൂടുതലുമോ ആണ് എന്നതാണ്‌ സത്യം. അങ്ങനെ തീറ്റ റപ്പായിയെപോലും പുറകിലാക്കിക്കൊണ്ടാണ് ഈ സഭയില്‍ പങ്കെടുത്ത അംഗങ്ങള്‍ ഭക്ഷണം കഴിച്ചതെന്നതാണ് കണക്കുകളില്‍കൂടി വ്യക്തമാക്കുന്നത്. അവരങ്ങനെ കഴിച്ചില്ലെങ്കിലും സര്‍ക്കാര്‍ നിരത്തിയ കണക്കില്‍ അതാണ്‌ വ്യക്തമാകുന്നത്. അതിനെ ദൂര്‍ത്തായിട്ടാണ് ജനം ഇപ്പോള്‍ വിലയിരുത്തുന്നത്. അല്ലെങ്കില്‍ ആര്‍ഭാടമായിട്ടാണ് ജനം കാണുന്നത്. അതാണ്‌ ലോക കേരള സഭയുടെ പുതിയ വിവാദത്തിന് കാരണം. എന്നാല്‍ സര്‍ക്കാര്‍ ഭാഷ്യം മറ്റൊന്നാണ്. ഇത്‌ സര്‍ക്കാരിനെ കരിവാരിതേക്കാന്‍ പ്രതിപക്ഷവും സര്‍ക്കാര്‍ വിരുദ്ധരും ചേര്‍ന്നുണ്ടാക്കിയ കഥ മാത്രമാണെന്നാണ്. എന്തൊക്കെ ആയാലും ഇതില്‍ ദൂര്‍ത്തും ആര്‍ഭാടവും കൂടികലര്‍ന്നിട്ടുണ്ടെന്നു തന്നെ പറയാം.

ഇത്രയേറെ ചിലവേറിയ ഈ സമ്മേളനം ആര്‍ക്കുവേണ്ടിയായിരുന്നു. അതില്‍ ആര്‍ക്ക് നേട്ടമുണ്ടായിയെന്നുമുള്ള ചോദ്യങ്ങളും ഈ വിവാദത്തിന് ആഴം കൂട്ടുന്നുണ്ട്. ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ യാതോരു പ്രയോജനവുമില്ലെന്നു പറയുന്നതുപോലെയാണ്‌ ലോക കേരള സഭയും അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും പറയാന്‍ കഴിയുന്നത്. ഇത് ആരുടെ മനസ്സില്‍ ഉദിച്ച ആശയമാണെന്നറിയില്ല. തലച്ചോറില്ലാത്ത തലപോലെയുള്ള ആശയമായിരുന്നു ലോക കേരള സഭയെന്ന അത്ഭുത സഭയുടെ ആശയം. പ്രവാസി ഭാരത ദിവസമെന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവാസികള്‍ക്കു വേണ്ടിയുള്ള ദിനാചരണവും സമ്മേളനവുമാണ് ആര്‍ക്കും യാതൊരു പ്രയോജനവുമില്ലാത്ത മറ്റൊരു മഹാസമ്മേളനം. കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് വയലാര്‍ രവിയെന്ന കേന്ദ്ര പ്രവാസി മന്ത്രിയുടെ കാലത്ത് തുടങ്ങിയതാണെങ്കിലും മാറിവന്ന ബി.ജെ.പി. സര്‍ക്കാരുകളും ഇന്നും മുടക്കമില്ലാതെ പ്രവാസികളെ ഉദ്ധരിക്കാന്‍വേണ്ടി എല്ലാ വര്‍ഷവും ദിനാചരണവും സമ്മേളനവും നടത്താറുണ്ട്. ഈ ദിനാചരണംകൊണ്ട് ലക്ഷങ്ങള്‍ ചിലവഴിക്കുകയും സമ്മേളനത്തിലേക്ക് ഇഷ്ടക്കാരെ ക്ഷണിക്കുകയുമെന്ന കലാപരിപാടിയല്ലാതെ അതില്‍ നിന്ന് ഏതെങ്കിലുമൊരു പ്രവാസിക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചതായിട്ടറിവില്ല. പ്രവാസ ജീവിതത്തിലെ പ്രവാസിയുടെ കഷ്ടപ്പാടിന് കുറവോ മാറ്റമോ വന്നതായിട്ടും അറിവില്ല.

സ്വന്തക്കാരെയും ഇഷ്ടക്കാരെയും ഒപ്പം സ്ഥിരം പ്രാഞ്ചിയേട്ടന്മാരെയും ക്ഷണിച്ച് ഒരു വലിയ സമ്മേളനം നടത്തി ആഹാരവും കഴിച്ച് കുശലാന്വേഷണവും നടത്തി പരസ്പരധാരണ പ്രകാരം ഏതാനും അവാര്‍ഡുകളും നല്‍കി വീണ്ടും ഇതേ സ്ഥലത്ത്‌ വച്ച് അടുത്ത വര്‍ഷവും കാണാമെന്നുള്ള ഉറപ്പും നല്‍കിയുള്ള ഒരു വേര്‍പിരിയലുമല്ലാതെ യാതൊരു മഹാസംഭവങ്ങളും അതിന്റെ തുടക്കം മുതല്‍ ഇന്നേവരെയുള്ള ഒരു സമ്മേളനങ്ങളിലും നടന്നിട്ടില്ല. പണകൊഴുപ്പിന്റെ ഈ മാമാങ്കം ആരെ കാണിക്കാനാണെന്നും ആരെ ബോദ്ധ്യപ്പെടുത്താനാണെന്നുമുള്ള ചോദ്യത്തിന് ഇന്നുവരെ ഉത്തരം പറയാന്‍ ഇതിന്റെ സംഘാടകര്‍ക്കോ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ സമ്മേളനങ്ങള്‍ എല്ലാം നടത്തിയിട്ടും പ്രവാസികളായ ഇന്ത്യക്കാര്‍ ഇന്നും കുമ്പിളില്‍ തന്നെ എന്നത് അവര്‍തന്നെ സമര്‍ത്ഥിക്കുന്നു സത്യമാണ്. പ്രവാസലോകത്ത് പകലന്തിയോളം പണിയെടുത്താല്‍ കഷ്ടിച്ച് ജീവിതം മുന്നോട്ടു നീങ്ങുമെന്നതാണ് ഭൂരിപക്ഷം വരുന്ന പ്രവാസികളുടെയും അവസ്ഥ. കയ്യിലുള്ള പണം കൊണ്ട് തങ്ങളുടെ അടുപ്പക്കാരെ സന്തോഷിപ്പിക്കുകയല്ലാതെ ഒരു നേട്ടവുമവകാശപ്പെട്ടാനില്ലാത്ത കേന്ദ്രം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പ്രവാസി ഭാരത ദിനം പോലെയാണ് ലോക കേരള സഭയെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ആഗോള സഭ.

പേരു കേള്‍ക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയേക്കാള്‍ വലിയ ഏതോ സഭയാണെന്നു തോന്നുന്നതാണ് ലോക കേരള സഭയെങ്കിലും അത്‌ കേവലം ഒരു സുഖിപ്പിക്കല്‍ കടലാസ്സു സഭ മാത്രമാണെന്ന് ഇതുവരെയുള്ള അതിന്റെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഓവര്‍സ്സീസ് കോണ്‍ഗ്രസ്സെന്ന പോലെയാണ് ലോക കേരള സഭയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു തോന്നല്‍. ഭരണഘടന അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള കേരള നിയമസഭയേക്കാളും അധികാരവും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളേക്കാള്‍ അവകാശവും ഉണ്ടെന്ന രീതിയിലാണ് ലോക കേരളസഭയിലെ ചിലരുടെ ഭാഷ്യം. കിട്ടിയ അവസരം പാഴാക്കാതെ അവരില്‍ പലരും സോഷ്യല്‍ മീഡിയായില്‍ കൂടി നടത്തുന്ന പരസ്യ പ്രചരണം സത്യത്തില്‍ ജനത്തെ കുഴപ്പിക്കുന്നുണ്ടെന്ന് തുറന്നുതന്നെ പറയാം.

മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി മെമ്പര്‍ എന്നതുപോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതില്‍ മിക്കവരും തങ്ങളെക്കുറിച്ച് ആമുഖം സോഷ്യല്‍ മീഡിയയില്‍ നടത്തി രംഗത്തു വരുന്നത്. മെമ്പര്‍ ഓഫ് ലോക കേരള സഭയെന്ന തലക്കെട്ടോടെ അവര്‍ രംഗത്തു വരുമ്പോള്‍ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ അല്പം പാടുപെടേണ്ടിവരും സാധാരണക്കാരായ ജനങ്ങള്‍. ചാന്തുപൊട്ട് എന്ന സിനിമയില്‍ ദിലീപ് പറയുന്ന ഒരു രംഗമുണ്ട്. കൃഷ്ണനില്‍ ക്രിയുണ്ട് ക്രിസ്തുവില്‍ ക്രിയുണ്ട് എന്ന്. അതുപോലെയാണ് ഇവിടെയും ലോകകേരള സഭയിലും കേരള നിയമസഭയിലും മെമ്പറും സഭയും കേരളവുമെല്ലാമുണ്ട്. ഒരു വ്യത്യാസം മാത്രമെഉള്ളു. ഒരാള്‍ ഒറിജിനലും മറ്റെയാള്‍ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമാണെന്ന വ്യത്യാസമെയുള്ളു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സര്‍ക്കാര്‍ വാഴ്ത്തുകയും അത്ഭുതസഭയായി അതിലെ അംഗങ്ങള്‍ കരുതുകയും ചെയ്യുന്ന ലോക കേരള സഭയെന്ന മഹാസഭയിലേക്ക് അംഗങ്ങളെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്നുയെന്നതിന് സര്‍ക്കാര്‍ യാതൊരു വിശദീകരണവും ഇതുവരെയും നല്‍കിയിട്ടില്ലായെന്നതാണ് ഒരു വസ്തുത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ പ്രതിനിധികളായിട്ടാണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പോലും തങ്ങള്‍ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന് പറയാന്‍ കഴിയുന്നില്ല.

ഓരോ ഭാഗത്തു നിന്നും അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ അവരെ ആര് തിരഞ്ഞെടുക്കുന്നു എന്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നുയെന്നുള്ള രൂപരേഖയുണ്ടായിരിക്കണം. ഇവിടെ രൂപരേഖ പോയിട്ട്‌ രൂപം പോലുമില്ലെന്നു മാത്രമല്ല അതിനെക്കുറിച്ച് യാതൊരു വിധമായ അറിവും ആര്‍ക്കുമില്ലെന്നതാണ്‌ സത്യം. രാഷ്ട്രീയമോ സംഘടനാ പ്രാധാന്യമോ സമൂഹത്തിനു നല്‍കിയ മികച്ച സംഭാവനകളോ എന്തെങ്കിലുമായി ഒരു പ്രത്യേകത ഇതില്‍ അടങ്ങിയിട്ടില്ലായെന്നതും എടുത്തു പറയേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട അംഗത്തിനുപോലും തങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടുയെന്ന് പറയാന്‍ കഴിയാത്ത ലോകത്തിലെ ഏക പ്രതിനിധി സഭയെന്നു വേണമെങ്കില്‍ പറയാം ഈ ലോക കേരളസഭയെ.

ഇനിയും അംഗങ്ങളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും ഇതിന്റെ സമ്മേളനത്തിലുണ്ട്. അവരെയും എങ്ങനെ ക്ഷണിക്കുന്നുയെന്നും യാതൊരു അറിവുമില്ല. അംഗങ്ങളായി തിരുകി കയറ്റാന്‍ പറ്റാത്തവരെ അകത്തിരുത്താന്‍ കണ്ട മാര്‍ഗമാണോ പ്രത്യേകം ക്ഷണിതാവ്. അതോ അധികം വന്നവരെ ഉള്‍പ്പെടുത്തിയതാണോ ഈ ക്ഷണിതാവ് പദവി.

മേല്‍പ്പറഞ്ഞതുപോലെ ഇവര്‍ക്കുമറിയില്ല തങ്ങളും ഏത് മാര്‍ഗ്ഗത്തില്‍ അല്ലെങ്കില്‍ ഏത് മാനദണ്ഡത്തില്‍ക്കൂടി ക്ഷണിതാവായെന്ന്. ഒരു കാര്യത്തില്‍ ക്ഷണിതാവും അംഗങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തിനു മുന്‍പും അതിനുശേഷവും അതിന്റെ മദ്ധ്യത്തിലും ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയായില്‍ക്കൂടി പുറംലോകത്തെ അറിയിക്കുന്നുണ്ട് തങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടെന്ന്. ഇത് കണ്ട് തങ്ങളുടെ അസൂയക്കാര്‍ എതിരാളികള്‍ ഞെളിപിരികൊള്ളട്ടെയെന്നതാണ് ഇതിന്റെ പിന്നിലെ മനഃശാസ്ത്രം. പ്രാഞ്ചിയേട്ടന്‍ എന്ന്‌ വിളിക്കുന്നതുപോലും അലങ്കാരവും അഭിമാനവുമായി കരുതുന്നവര്‍ക്ക് ഇതൊന്നും കാര്യമല്ലെന്നുചിന്തിക്കണം. എങ്ങനെയും മാലോകരെ തങ്ങളൊരു സംഭവമാണെന്നും മലയാളിയെന്നാല്‍ തങ്ങളാണെന്നും അറിയിക്കുക അത്രതന്നെ. അത് അവരുടെ വ്യക്തിപരമായ കാര്യമാണെങ്കിലും അതിന് സര്‍ക്കാര്‍വക പണം ഉപയോഗിക്കുമ്പോഴാണ് അത് വിമര്‍ശിക്കപ്പെടുക. അങ്ങനെ അംഗങ്ങളും അംഗങ്ങളെപ്പോലെ അനൗദ്യോഗിക അംഗങ്ങളുമുണ്ടെങ്കിലും അവരെങ്ങനെ ഇതില്‍ ഉള്‍പ്പെടുന്നുയെന്നതിന് അറിവില്ലാത്ത സഭയാണ് ലോക കേരള സഭ.

പ്രവര്‍ത്തന രീതിയെക്കുറിച്ചാണെങ്കില്‍ പ്രവര്‍ത്തനവുമില്ല രീതിയുമില്ലായെന്നതാണ് ഇതിനെക്കുറിച്ച് പറയാന്‍ കഴിയുക. സഭയ്‌ക്കോ സഭയിലെ അംഗങ്ങള്‍ക്കോ എന്ത് ഉത്തരവാദിത്വമാണ് നല്‍കിയിട്ടുള്ളതെന്നും അവരുടെ ചുമതലകള്‍ എന്തൊക്കെയാണെന്നും ഇതുമായി ബന്ധപ്പെട്ടിട്ടെന്ന് വ്യക്തമാക്കുകയോ വിജ്ഞാപനപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു സ്ഥാനമുണ്ട് അധികാരമില്ല സഭയാണ് നാഥനുമില്ലാത്ത ഒരു സഭയാണ് ലോക കേരള സഭയെന്നു പറയുന്നതാകും ശരി. കേരളത്തിലെ ചില കോര്‍പ്പറേഷനുകളും അതിന്റെ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന ചെയര്‍മാന്‍മാരും പോലെ.

അങ്ങനെ അന്തമില്ലാത്ത ഒരു സഭയാണ് ലക്ഷങ്ങള്‍ പൊടിച്ച് വര്‍ഷം തോറും സമ്മേളനങ്ങള്‍ നടത്തുന്നത്. ആ സമ്മേളനത്തില്‍ ആണെങ്കില്‍ ആശയവുമില്ല ആമാശയവുമില്ലാത്ത അവസ്ഥയാണ്. ഇതുകൊണ്ട് ആര്‍ക്ക്എന്ത് പ്രയോജനമെന്ന് ചോദിച്ചാല്‍ അത് മൗനം വിദ്വാന് ഭൂഷണമെന്നാണ് സര്‍ക്കാരും ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും ചുരുക്കത്തില്‍ കടങ്കഥപോലെ ആര്‍ക്കും ഉത്തരമില്ലാത്ത ഒരു സഭയെന്ന് വേണം പറയാന്‍. ലോക കേരള സഭയെക്കുറിച്ച് ജനങ്ങളുടെ പണം കൊണ്ട് ഇങ്ങനൊയൊരു സഭ പ്രവര്‍ത്തിക്കുമ്പോള്‍ അത് അവര്‍ക്ക് പ്രയോജനകരമാക്കാന്‍ കഴിയണം. അതിനുള്ള പ്രവര്‍ത്തന രീതിയുണ്ടാകണം. ഇല്ലെങ്കില്‍ അത് വിമര്‍ശിക്കപ്പെടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top