കൊറോണ വൈറസ്: ഖത്തര്‍ യാത്രാവിലക്ക്; മാര്‍ച്ച് 17 വരെ ഇന്‍ഡിഗോ ദോഹയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

indigoകൊറോണ വൈറസ് ഭയത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെ തുടര്‍ന്ന് മാര്‍ച്ച് 17 വരെ ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതായി ബജറ്റ് കാരിയര്‍ ഇന്‍ഡിഗോ.

കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും മറ്റ് 13 രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകളുടെ പ്രവേശനം ഖത്തര്‍ താല്‍ക്കാലികമായി നിരോധിച്ചു.

മാര്‍ച്ച് 17 വരെ ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിരോധനം എടുത്തുകഴിഞ്ഞാല്‍ കൂടുതല്‍ അപ്ഡേറ്റുകള്‍ പങ്കിടുകയും ചെയ്യും,’ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഖത്തറിന്‍റെ താല്‍ക്കാലിക നിരോധനം ബാധകമാകും.

ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ ഒന്നിലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാ വിലക്ക് കാരണം ഇന്‍ഡിഗോ 2020 മാര്‍ച്ച് 17 വരെ ദോഹയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ജമ്മു കശ്മീര്‍, ന്യൂഡല്‍ഹി, ഉത്തര്‍ പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 43 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം, വൈറസ് ബാധിച്ച് ആരും രാജ്യത്ത് ഇതുവരെ മരണമടഞ്ഞിട്ടില്ല.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ 8,255 വിമാനങ്ങളിലായെത്തിയ 8,74,708 രാജ്യാന്തര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 1,921 യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ 177 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

കേരളം, ലഡാക്ക്, ന്യൂഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലോകമാകമാനം 1,05,836 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 95 രാജ്യങ്ങളിലായി ഇതുവരെ 3,595 പേര്‍ മരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment