Flash News

കദ്യത്ത

March 9, 2020 , ഹണി സുധീര്‍

Kadyatha bannerകുട്ടികാലം തൊട്ടേ മനസ്സില്‍ പതിഞ്ഞ പോയ ചില മുഖങ്ങള്‍ ഉണ്ടാകും…. കാലം എത്ര കഴിഞ്ഞാലും പരസ്പരം കണ്ടില്ലേലും നമ്മുടെ മനസ്സില്‍ അവരും ജീവിക്കുന്നുണ്ടാകും നാം പോലും അറിയാതെ…… അങ്ങനെ എന്‍റെ മനസ്സില്‍ ജീവിക്കുന്ന ഒരു വ്യക്തിത്വം എന്ന് തന്നെ പറയാം എന്‍റെ ‘കദ്യത്ത’

ശരിക്കും പേര് കദീജ….. എല്ലാര്‍ക്കും കദ്യ, എനിക്ക് കദ്യത്ത……… ന്‍റെ ഓര്‍മയില്‍ ചുരുങ്ങിയത് ഒരു 33 വര്‍ഷം പഴക്കം ഉണ്ടാകും ഈ ബന്ധത്തിന്….

കുഞ്ഞായിരിക്കുമ്പോ എനിക്കു ഇവരെ പേടി ആയിരുന്നു…. ഭക്ഷണം കഴിക്കാന്‍ മടി പിടിച്ചാലോ ഉടുപ്പ് ഇടാന്‍ മടി കാണിച്ചലോ അമ്മ പേടിപ്പിക്കുന്നത് കദ്യ വരട്ടെ ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്…. എന്നായിരുന്നു. കാരണം കദ്യത്തയുടെ കൈയ്യില്‍ ഒരു പിച്ചാത്തി ഉണ്ട്, തത്തമ്മ ചുണ്ട് പോലെ നീണ്ടു വളഞ്ഞത്.. അടക്ക പൊളിക്കാന്‍ എടുക്കുന്ന പിച്ചാത്തി ആണത്……

അന്ന് ഈ കത്തി കാണിച്ചു എന്നെ പേടിപ്പിച്ചു നിര്‍ത്തും കദ്യത്ത. പിന്നെ നിന്ന നില്പില്‍ ഞാന്‍ ചോറുണ്ണും, ഉടുപ്പും ഇടും അതൊരു കാലം… എന്‍റെ ഒരോ പ്രായത്തിലും അവരുടെ ഒരോ ഓര്‍മ്മപാടുകള്‍ മനസ്സില്‍ ഇടം പിടിചിട്ടുണ്ട്…..

ഇനി കദ്യത്തയെ പറ്റി പറയട്ടെ…വീടിന്‍റെ തോട്ടരികത്തു കൂടി ഒഴുകുന്ന ഇരുവഞ്ഞി പുഴ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ ആണ് പാലം പണി തുടങ്ങുന്നത്. അത് വരെ വേനലില്‍ പുഴ മുറിച്ചു കടക്കാം ഒട്ടും വെള്ളം ഉണ്ടാകില്ല. മഴക്കാലം വന്നാല്‍ തോണി ഉണ്ടാകും…. പുഴക്ക് അക്കരെ ഉള്ള റബ്ബര്‍ തോട്ടത്തില്‍ ആണ് അവര്‍ ജോലിക്ക് പോയിരുന്നത്..എന്‍റെ ഓര്‍മ വച്ച കാലം മുതല്‍…..

അന്ന് അഞ്ചു കിലോമീറ്റര്‍ നടന്നു വേണായിരുന്നു തോട്ടത്തില്‍ വരാന്‍. വരുമ്പോ അരയില്‍ മുണ്ടിനിടയില്‍ തിരുകി വെറ്റില പൊതി ഉണ്ടാകും, കൈയ്യിലെ തൂക്കില്‍ ഉച്ച ഭക്ഷണവും…… രാവിലെ അമ്മമ്മ പറയും കദ്യ ഇതിലെ പോയാല്‍ സമയം 8 മണി ക്ലോക്കില്‍ നോക്കേണ്ട എന്ന്… 8.30ന് പണിക്കു കയറും.. .. തിരിച്ചു വീടിനു മുന്നില്‍ കൂടി കൃത്യം 5 മണിക്ക് എത്തും … അപ്പോ തലയില്‍ ഒരു കെട്ടു വിറകും ഉണ്ടാകും….. സമയത്തില്‍ മാറ്റം ഉണ്ടായിട്ടെ ഇല്ല….

ഇത്രയും വിറകും ചുമന്ന് 5 കിലോമീറ്റര്‍ തിരിച്ചു നടക്കും…. അന്ന് അന്നാട്ടില്‍ ഒരേ ഒരു ആശ്രയം കെ‌എസ്‌ആര്‍‌ടിസി ബസ് ആയിരുന്നു….. 5 മണിക്ക് ആ ബസ് ഉണ്ടെങ്കിലും കയറില്ല. നടന്നു തന്നെ പോകും. ഭര്‍ത്താവ് അവരുടെ മകന് രണ്ടു വയസു ഉള്ളപ്പോഴോ മറ്റോ മരിച്ചു പോയി. കുഞ്ഞു നാളിലെ ഇത്തിരി മാനസിക പ്രശ്നം ഉള്ള മകനും.

ജീവിക്യാ എന്ന്സ് ഒറ്റ ലക്ഷ്യം മാത്രേ അവരില്‍ ഞാന്‍ കണ്ടുള്ളു. മകനെ വളര്‍ത്തി അവര്‍ക്കൊരു താങ്ങും ആകും എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത സ്വപ്നം ആയി മാറി. മകന്‍റെ ചികിത്സ, ജീവിത ചിലവ് ഒക്കെ അവരുടെ ഓട്ടത്തില്‍ നിന്നും ഉണ്ടാകണം…. ഒരിക്കല്‍ പോലും അവരെ ചിരിക്കാതെ കണ്ടിട്ടില്ല….. കുന്നോളം പ്രയാസങ്ങള്‍ ഉള്ളില്‍ ഉണ്ടേലും ഒരു പുഞ്ചിരി അവര്‍ മുഖമുദ്ര ആയി കൊണ്ട് നടന്നിരുന്നു.

വലുതായപ്പോ എന്നെ എടി എന്ന് വിളിക്കും.

“എന്തെടി ഒരു ക്ഷീണം നിനക്ക് അറിയിച്ചോ നീയ്” അത് കേട്ടാല്‍ എനിക്ക് ദേഷ്യം വരും..

“ദേ കദ്യത്തെ വൃത്തികേട് പറയരുതെന്ന്” ഞാനും മറുപടി പറയും.

“എന്ത് വൃത്തികേട്, പെണ്ണായി പിറന്നാല്‍ ഒരു നാള്‍ ഇതൊക്കെ ഉണ്ടാകും നല്ല ചീര മുരിങ്ങ ഇതൊക്കെ കൂട്ടി കഴിക്കണം ഇപ്പോ…. പെണ്‍കുട്ടികള്‍ ഇങ്ങനെ തിളങ്ങി നിക്കണം. നിക്ക് ഞാന്‍ നാളെ വരുമ്പോ തോട്ടത്തില്‍ നിന്ന് ചീര കൊണ്ട് തരാം” എന്നൊക്കെ പറഞ്ഞൂ….. ഒരമ്മയുടെ സ്ഥാനത്ത് ചെലപ്പോ അവര്‍ വരും..

“എനിക്കു അള്ളാഹു ഒരു പെണ്‍കുട്ടിനെ തന്നില്യ…” എന്ന് എപ്പോഴും സങ്കടപ്പെടും…..

സ്കൂള്‍ കഴിഞ്ഞു കോളേജില്‍ ഇത്തിരി റിബല്‍ ഒക്കെ നടക്കാന്‍ തുടങ്ങിയ കാലത്തു കദ്യത്തയെ കാണുമ്പോള്‍ ഞാന്‍ ഒരു ഇന്‍റര്‍വ്യൂ ഒക്കെ നടത്തും …..

ഒരിക്കല്‍ ഇന്‍റര്‍വ്യൂ കഴിഞ്ഞപ്പോ എന്‍റെ കൈക്ക് നല്ലൊരു തല്ലും കിട്ടി….

ഒരു സെക്കന്‍റ് മാരീജ് ചെയ്യായിരുന്നീലേ എന്ന് ചോദിച്ചു പോയി ഞാന്‍… അതവരെ വല്ലാതെ വിഷമിപ്പിച്ചു.

“മുന്നേ എല്ലാരും പറഞ്ഞത് ആണ് മോളെ പക്ഷെ ബുദ്ധിയില്ലേലും എന്‍റെ മകനെ ഞാന്‍ ഉപേക്ഷിച്ചു പോകേണ്ടി വരും എന്ന ഒറ്റ കാരണത്താല്‍ പതിനെട്ടാം വയസ്സിലെ രണ്ടാം വിവാഹം വേണ്ടെു വച്ചു”

പിന്നീട് ഒരിക്കലും ഇത്തരം ചോദ്യോത്തരം ഞാന്‍ നടത്തിട്ടില്ല….. ഇപ്പോ വെക്കേഷന് വീട്ടില്‍ എന്‍റെ കുട്ടികള്‍ ആ വിഷയം ഏറ്റെടുത്തു ഭംഗി ആയി ചെയുുണ്ട്.

“ഇങ്ങനെ യന്ത്രം പോലെ ജോലി ചെയ്യുന്നതു കൊണ്ട് കദ്യ ഉമ്മുമ്മക്ക് “Women of the year” അവാര്‍ഡ് കൊടുക്കണം” എന്ന് ന്‍റെ മൂത്ത പുത്രി

അത് കേട്ടപ്പോ അവരുടെ മറുപടി “പണ്ട് മോള്‍ടെ തള്ള ഇതേ സ്വഭാവം തന്നെ ആയിരുന്നു, വിത്ത് ഗുണം പത്തു ഗുണം അല്ലാതെന്തു പറയാന്‍” എന്ന്

തോട്ടത്തിലെ പണിയില്‍ നിന്നും പിരിഞ്ഞ ശേഷം ഞങ്ങളുടെ വീടിന്‍റെ അടുത്ത് തന്നെ കുറച്ചു സ്ഥലം വാങ്ങി അവരൊരു വീട് വച്ചു ….. മകന്‍ ഒരു വിവാഹം കഴിപ്പിച്ചാല്‍ ശരിയാകും എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ട് ഒരു വിവാഹം കഴിപ്പിച്ചു. ഒരു പേരക്കുട്ടിയും ആയി. മകന്‍റെ അസുഖം ഇത്തിരി ഭേദമായി. എങ്കിലും മരുമകളെയും പേരക്കുട്ടിയെയും കൂടി നോക്കേണ്ട ഉത്തരവാദിത്വം ഉള്ളത്കൊണ്ട് അവര്‍ ഇന്നും ജോലിക്കു പോകുന്നുണ്ട്. ആകെ ഒരു മാറ്റേ ഉള്ളു അവര്‍ക്കു.. മുണ്ടും ജാക്കറ്റും മാറി നൈറ്റി ആക്കി വേഷം…. എന്നാലും ഇന്നും അവര്‍ പുറത്ത് പോകുമ്പോള്‍ മുണ്ടും ജാക്കറ്റും തന്നെയാ വേഷം…..

എന്‍റെ വീട്ടില്‍ ഒരു മധുരം അധികം ഉണ്ടാക്കിയാലോ എന്ത് വിരുന്ന് ഉണ്ടേലോ ഉമ്മാക്കു കൂടി ഒരില അവിടെ ഉണ്ടാകും. ഇന്നും എന്നും അവര്‍ ഈ പുഞ്ചിരിയോടെ ഉണ്ടാവട്ടെ… ആ കുടുംബത്തിന്‍റെ നേടുംതൂണ്‍ എന്നു തന്നെ പറയാം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “കദ്യത്ത”

  1. സൂസന്‍ says:

    നല്ലെഴുത്ത്…. ആത്മാര്‍ത്ഥ ബന്ധങ്ങള്‍ എന്നെന്നും നിലനില്‍ക്കുമെന്നതിന്റെ നല്ലൊരു ഉദാഹരണം. കീപ് ഇറ്റ് അപ്

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top