ടൊറന്റോ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ടൊറന്റോ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജയ്ഹിന്ദ് വാര്‍ത്താ പത്രത്തിന്റെ റീജണല്‍ ഡയറക്ടര്‍ ബിന്‍സ് മണ്ഡപമാണ് പ്രസിഡന്റ്. ടൊറന്റോയിലെ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ സ്വപ്ന ജോയിയെ സെക്രട്ടറിയായും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ജിസ്മോന് കുര്യനെ ട്രഷററായും തെരഞ്ഞെടുത്തു കോളമിസ്റ്റും എഴുത്തുകാരിയുമായ ലീന തോമസ് കാപ്പനാണ് വൈസ് പ്രസിഡന്റ്. ദൃശ്യമാധ്യമപ്രവര്‍ത്തക മേഘ സുബ്രഹ്മണ്യത്തിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന് സ്ഥാപക ഡയറക്ടറായ ബിന്‍സാണ് ഹാള്‍ട്ടണ്‍ മേഖലയില്‍ സ്പോര്‍ട്സ് ക്ലബ്, മലയാളം ക്ലാസ്, കേരളപ്പിറവി സാംസ്കാരിക പരിപാടി എന്നിവയുടെ ആരംഭപ്രവര്ത്തനങ്ങള്ക്കു മുന്‍കൈയെടുത്തത്. ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന് പ്രസിഡന്റ് (2014-2016), സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പാരിഷ് കൗണ്‍സില്‍ അംഗം (2019), സോഷ്യല്‍ കമ്മിറ്റി ആനിമേറ്റര്‍, വിവിധ സുവനീറുകളുടെയും ഡയറക്ടറികളുടെയും എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹാള്‍ട്ടണ്‍ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂള്‍ ബോര്‍ഡില്‍ ഐടി ഡെവലപ്മെന്റ് ഓഫീസറാണ്.
വിവിധ ചാനലുകളില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പത്താണു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ്വപ്നയുടെ മുതല്‍ക്കൂട്ട്. ജീവന് ടിവി (2004), ഏഷ്യാനെറ്റ് ന്യൂസ് (2005), സൂര്യ ടിവി (2005), റിപ്പോര്‍ട്ടര്‍ ടിവി (2011), ജീവന് ടിവി (2011), ഏഷ്യാനെറ്റ് (2011), ജയ്ഹിന്ദ് ടിവി (2013) എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ടൊറന്റോയില്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറാണ്. 2014-ലാണ് സ്വപ്ന കാനഡയില്‍ സ്ഥിരതാമസമാക്കിയത്. വാന്‍കൂവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ടൊറന്റോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജിസ്മോന് കുര്യന് ടൊറന്റോയില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ്. ഗ്രാഫിക് ഡിസൈനര്‍ മേഖലയില്‍ പരിചയസമ്പത്തുള്ള അദ്ദേഹം മിസിസാഗ ലയണ്‍സ് ക്ലബിലെ വിവിധ പരിപാടികളുടെ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലീന തോമസ് കാപ്പന് ഇന്ത്യന്‍ എക്സ്പ്രസ്, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി, മംഗളം, ജയ്ഹിന്ദ് വാര്‍ത്ത, സംഗമം എന്നിവയുള്‍പ്പെടെ ഒട്ടുമിക്ക പത്രങ്ങളിലും ആരോഗ്യ മാസികകളിലും ആരോഗ്യ കോളങ്ങള്‍ എഴുതുന്നു. മാതൃഭൂമി ബുക്സ്, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് എന്നിവ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. കൊച്ചി ആകാശവാണിയില്‍ റേഡിയോ അനൗണ്സര് കം പ്രോഗ്രാമറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്റാറിയോയില്‍ ഫാര്‍മസിസ്റ്റായ ലീന തോമസ് കാപ്പന്, എംഒഎസ് സി മെഡിക്കല്‍ കോളജ്, അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രഫസറായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് മെഡിക്കല്‍ കോളജില്‍ സീനിയര്‍ ലക്ചര്‍ പദവിയും വഹിച്ചിട്ടുണ്ട്.
ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മേഘ സുബ്രഹ്മണ്യന് എഴുത്ത്, നൃത്തം, ചലച്ചിത്രം എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കാനഡ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ ടിവി, ചലച്ചിത്ര മേഖലകളിലെ സജീവ സാന്നിധ്യമായ മേഘ, യുഎസ്എയില്‍ നിന്നുള്ള ചലച്ചിത്ര ബിരുദധാരിയാണ്. ടൊറന്റോയില്‍ അഭിനയം എന്ന നൃത്ത വിദ്യാലയം നടത്തുന്ന മേഘ, ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിശദീകരിക്കുന്ന ഒരു ബ്ലോഗും കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങളെക്കുറിച്ചുള്ള ഡാന്‍സ് യുവര്‍ വേ ഔട്ട് എന്ന സ്റ്റോറി കളറിംഗ് ബുക്കും പ്രസിദ്ധീകരിച്ചിരുന്നു.
ഫ്രീലാന്‍സ് ജേണലിസ്റ്റായ അഭി ലെനിനെ കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു. അടുത്തിടെ കാനഡയിലേക്കു കുടിയേറിയ അഭി ലെനിന് ദുബായില്‍ താമസിക്കുമ്പോള്‍ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളായ എഎന്‍ആര്‍എ, സേവനം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. മിസിസാഗയില്‍ ടാക്സ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു
ഉപദേശക സമിതി ചെയര്‍മാനായി ഐഎപിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഡഫ്റിന്‍-പീല്‍ സ്കൂള്‍ ബോര്‍ഡ് അധ്യാപകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ജെയ്സണ്‍ മുണ്ടയ്ക്കലിനെ തെരഞ്ഞെടുത്തു. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്-ടിസ്ഫയുടെ സ്ഥാപകനും ബ്ലു സഫയര്‍ എന്റര്‍ടൈന്‍മെന്റ് ആന്റ് ബിഎസ്ഇ മലയാളം ടിവിയുടെ സിഇഒയുമായ അജീഷ് രാജേന്ദ്രന്, ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും മാനേജ്മെന്റ് വിദഗ്ധനുമായ ജെറാള്‍ഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. കഴിഞ്ഞ 24 വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന ജെറാള്‍ഡ് 20 വര്‍ഷമായി ഒരു അമേരിക്കന്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുകയും ടൂറിസം ബിസിനസ് രംഗത്തും കഴിവുതെളിയിക്കുകയും ചെയ്ത വ്യക്തിയാണ്.
ഐഎപിസി സ്ഥാപക ചെയര്മാന് ജിന്‍സ് മോന് പി.സക്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പുയോഗത്തില്‍ ഐഎപിസി ദേശീയ നേതാക്കളായ ഡോ. മാത്യു ജോയിസ്, തമ്പാനൂര്‍ മോഹനന്, ആഷ്ലി ജോസഫ്, ഡോ. ബൈജു പി.വി, ബൈജു പകലോമറ്റം എന്നിവര്‍ പങ്കെടുത്തു. ഐഎപിസിയുടെ ടൊറന്റോ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികള്‍ക്ക് ഐഎപിസി ദേശീയ നേതൃത്വം ആശംസകള്‍ നേര്‍ന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply