Flash News

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ടു; മധ്യപ്രദേശ് സര്‍ക്കാർ പ്രതിസന്ധിയില്‍

March 10, 2020

6543ഭോപ്പാല്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് സിന്ധ്യ രാജി സമര്‍പ്പിച്ചു.

അതേസമയം, പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് ജ്യോതിരാദിത്യ സിന്ധ്യയെ ഇന്ത്യൻ നാഷണൽ  കോൺഗ്രസിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റിന്റെ അംഗീകാരത്തോടെ പുറത്താക്കിയെന്ന് കെ സി വേണുഗോപാൽ അറിയിച്ചു.

“കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്ന കാര്യം ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ലക്ഷ്യവും ഉദ്ദേശ്യവും മുന്‍പുള്ളത് പോലെ തന്നെ തുടരും. സംസ്ഥാനത്തേയും രാജ്യത്തേയും ജനങ്ങളെ സേവിക്കും. ഈ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട് ഇനി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല”- സിന്ധ്യ തന്റെ രാജിക്കത്തില്‍ പറഞ്ഞു.

ഇന്നു തന്നെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്നും സിന്ധ്യക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

ഇതോടെ, മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാർ വന്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചര്‍ച്ച നടത്തി.

പരസ്യമായി വിമതസ്വരം ഉയർത്തിയ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തന്നെ അനുകൂലിക്കുന്ന 18 എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റിയ നടപടിക്ക് പിന്നാലെയായിരുന്നു  ഇത്.

ESu2fb1U8AA7YyLബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.

സിന്ധ്യയുമായി അനുരഞ്ജനത്തിന് കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും സിന്ധ്യ ചര്‍ച്ചക്ക് തയ്യാറായില്ല. പിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് കമല്‍നാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിന്‍ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു.

സിന്ധ്യയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങ് അറിയിച്ചിരുന്നു. “സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതു കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ക്ക്  ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കും.  ധര്‍മ്മബോധമുള്ള ആളുകള്‍ പാര്‍ട്ടിയില്‍ തുടരും.”-  ദിഗ് വിജയ് സിങ്ങ്  മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എംഎല്‍എമാരെ മാറ്റിയ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും കമല്‍നാഥ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്.

രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ്  ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും തമ്മില്‍ ഭിന്നത രൂക്ഷമായത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന സിന്ധ്യ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. 2012 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ഊര്‍ജ്ജ മന്ത്രി ആയിരുന്നിട്ടുണ്ട്.

ESun-bIUwAEOaRQ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top