260ല്‍ അധികം ശിഷ്യര്‍ക്ക് ദീക്ഷ നല്‍കാനൊരുങ്ങി മാതാ അമൃതാനന്ദമയി മഠം. ബ്രഹ്മചാരിണികളും, ബ്രഹ്മചാരികളുമായ ശിഷ്യര്‍ക്കാണ് സന്യാസബ്രഹ്മചാര്യ ദീക്ഷകള്‍ നല്‍കുന്നത്. അമൃതപുരിയിലെ മഠത്തിന്റെ ആസ്ഥാനത്ത്, മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 11ന് വൈദിക ചടങ്ങുകളോടെ ബ്രഹ്മചര്യ സന്യാസദീക്ഷകള്‍ നടക്കും. ദീക്ഷാ ചടങ്ങുകള്‍ക്ക് മുതിര്‍ന്ന സന്യാസി ശിഷ്യരോടൊപ്പം ശ്രീ മാതാ അമൃതാനന്ദമയി ദേവി നേതൃത്വം നല്‍കും. ചടങ്ങില്‍ വച്ച് ശിഷ്യര്‍ക്ക് പുതിയ ദീക്ഷാനാമങ്ങള്‍ അമ്മ നല്‍കും. 200ല്‍ അധികം പേര്‍ക്ക് ബ്രഹ്മചര്യ ദീക്ഷയും, അന്‍പതിലധികം പേര്‍ക്ക് സന്യാസ ദീക്ഷയും നല്‍കും. വര്‍ഷങ്ങള്‍ നീണ്ട ആധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്യാസ ദീക്ഷ നല്‍കുന്നത്. അമ്മയുടെ ഉപദേശങ്ങളോടൊപ്പം, വിവിധ ഭാരതീയ ദര്‍ശനങ്ങളിലും അവഗാഹം നേടിയതിനു ശേഷമാണ് ദീക്ഷ നല്‍കുന്നത്. ഭാരതീയരും, വിദേശികളുമായ ബ്രഹ്മചാരി-ബ്രഹ്മചാരിണി ശിഷ്യര്‍ ദീക്ഷാചടങ്ങുകള്ക്കായി തയ്യാറെടുക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഠത്തില്‍ ദീക്ഷാ ചടങ്ങുകള്‍ നടക്കുന്നത്.
ആദി ശങ്കരാചാര്യരാല്‍ സ്ഥാപിതമായ ദശനാമി സമ്പ്രദായത്തില്‍, ‘പുരി’ പരമ്പരയുടെ ഭാഗമാണ് മാതാ അമൃതാനന്ദമയി മഠം. 1989 ല്‍ സന്യാസദീക്ഷ ലഭിച്ച സ്വാമി അമൃതസ്വരൂപാനന്ദ പുരിയാണ് അമ്മയുടെ പ്രഥമ സന്യാസി ശിഷ്യന്. തുടര്‍ന്ന് ഭാരതീയരും, വിദേശികളുമടങ്ങുന്ന ശിഷ്യര്‍ക്ക് സന്യാസ ദീക്ഷ ലഭിച്ചു. സന്യാസി സന്യാസിനിമാര്‍ കാവി വസ്ത്രമാണ് ധരിക്കുക, ത്യാഗത്തിന്റെ പ്രതീകമായ അഗ്നിയെയാണ് കാവിവസ്ത്രം പ്രതിനിധാനം ചെയ്യുന്നത്. സന്യാസിമാരെക്കൂടാതെ ‘ചൈതന്യ’ എന്നവസാനിക്കുന്ന ദീക്ഷാനാമത്തോടെ ബ്രഹ്മചാരി, ബ്രഹ്മചാരിണികള്‍ക്കും അമ്മ ദീക്ഷ നല്‍കിയിട്ടുണ്ട്. ഇവര്‍ മഞ്ഞ വസ്ത്രമാണ് ധരിക്കുക.
സന്യാസ ദീക്ഷയ്ക്ക് മുന്നോടിയായി തന്റെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി, ബന്ധുജനങ്ങള്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും, ഒടുവില്‍ തനിക്കുവേണ്ടി തര്‍പ്പണം മുതലായ മരണാന്തരകര്‍മ്മങ്ങള്‍ ചെയ്യുന്നു. പിന്നീട് വിരാജാഹോമം ചെയ്ത് ബ്രഹ്മചര്യത്തിന്റെ ചിഹ്നങ്ങളായ ശിഖ (കുടുമ), യജ്ഞോപവീതം (പൂണൂല്) മുതലായവയൊക്കെ ഉപേക്ഷിച്ച് സന്യാസ ദീക്ഷ സ്വീകരിച്ച് കാഷായവസ്ത്രം ധരിക്കുന്നു. അതോടെ മഹാ ഋഷിമാരുടെ കണ്ണിയറ്റാത്ത പരമ്പരയുടെ ഭാഗമായിതത്തീരുന്നു. ‘ആത്മനോ മോക്ഷാര്‍ത്ഥം’ എന്ന വൈദികദര്ശനം അനുസരിച്ച് ആത്മാവിന്റെ മോക്ഷത്തിനും, ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടി ശിഷ്ടകാലം ഉപയോഗപ്പെടുത്തുന്നു.
കോവിഡ് 19 (കൊറോണ വൈറസ്) ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെയും, ലോകാരോഗ്യ സംഘടനയുടെയും പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍, പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി സന്ദര്‍ശക നിയന്ത്രണം തുടരാന്‍ ആശ്രമം നിര്‍ബന്ധിതമായിരിക്കുകയാണ്. അതുകൊണ്ടു പൊതുപരിപാടിയായല്ല ആശ്രമ അന്തേവാസികള്‍ മാത്രം പങ്കെടുക്കത്തക്ക രീതിയിലാണ് ദീക്ഷാ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply