Flash News

ആനക്കാലായില്‍ ആച്ചിയമ്മയും കുഞ്ഞിക്കാലയില്‍ കുഞ്ഞവറാനും (നര്‍മ്മം – ഭാഗം 2): തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

March 11, 2020

bannerഅപ്രതീക്ഷിതമായി കൈവന്ന സുവര്‍ണ്ണാവസരത്തെ ഫലപ്രദമാക്കി തീര്‍ക്കുവാന്‍ കുഞ്ഞവറാന്‍ ആച്ചിയമ്മയെ സ്‌നേഹത്തിന്റെ കുടക്കീഴിലാക്കി, പ്രേമത്തിന്റെ കൊടുമുടിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആശുപത്രിയിലെ കുഞ്ഞവറാന്റെ ഒന്നാം ദിവസം! സന്ധ്യയായി.. ഇരുട്ടുമായി! ആച്ചിയമ്മയും തന്റെ സമീപത്തായി വന്നു നില്‍ക്കുന്നു. അപ്പോള്‍ ബാംഗളൂരില്‍ പതിവുപോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കറന്റ് കട്ടിംഗും ഉണ്ടായി. കുഞ്ഞവറാന്‍ തന്റെ അധരം കൊണ്ട് ആച്ചിയമ്മയെ ചുംബിച്ചു! എന്റെ പ്രിയേ, ആച്ചിയമ്മേ തേനേ, ചക്കരക്കുട്ടാ നീ എന്റെ ജീവനാണ് എന്ന് പറഞ്ഞ് കുഞ്ഞിക്കാലായില്‍ കുഞ്ഞവറാന്‍ ആനക്കാലയില്‍ ആച്ചിയമ്മയെ ഗാഢമായി ആലിംഗനം ചെയ്തു. അയ്യര്‍ വരുന്നതു വരെ അമാവാസി നില്‍ക്കുവേലെന്നറിയാവുന്ന വിളവന്‍ കുഞ്ഞവറാന്‍ വേഗം ആച്ചിയമ്മയെ വളച്ചൊതുക്കി കട്ടിന്‍ കീഴിലേക്ക് മറഞ്ഞു.

കുഞ്ഞവറാന്റെ കട്ടിന്‍ കീഴില്‍ പ്രകടനങ്ങളില്‍ സന്തുഷ്ടയായ ആച്ചിയമ്മ പിന്നെ കൂടുതലൊന്നും ചിന്തിക്കാന്‍ പോകാതെ കുഞ്ഞവറാനെ തന്നെ തന്റെ കാന്തനായി വരിച്ചോളാമെന്ന് കുഞ്ഞവറാന് വാക്കു കൊടുക്കുകയും ചെയ്തു. അപ്പോള്‍ എമര്‍ജന്‍സി ലൈറ്റുമായി ഡ്യൂട്ടി ഡോക്ടര്‍ സൂസന്‍ ചാണ്ടി രോഗികളെ നോക്കാന്‍ വാര്‍ഡിലേക്ക് വന്നു ആച്ചിയമ്മ കട്ടിന്‍ കീഴില്‍ ശ്വാസമടക്കി കിടന്നു. ലൂസ്‌മോഷന്‍ പേഷ്യന്റിനെയും സേവകനായ ആച്ചിയമ്മയെയും കാണാതെ വന്നപ്പോള്‍ മറ്റൊരു പനി രോഗിയെ നോക്കിയിട്ട് ഡോക്ടര്‍ തന്റെ മുറിയിലേക്ക് പോയി. ആ നല്ല സമയം നോക്കി അടച്ചു പൂട്ടിയ പെട്ടിക്കകത്തു നിന്നും മജീഷ്യന്‍ മുതുകാട് പുറത്തേക്കു വരുന്നതുപോലെ കുഞ്ഞവറാനും ആച്ചിയമ്മയും കട്ടിന്‍ കീഴില്‍ നിന്നും പൊന്തി വന്നു. എതിര്‍ ഭാഗത്തെ ബെഡില്‍ സ്വപ്‌നം കണ്ടു കിടന്ന പ്രസവ കുഞ്ഞമ്മ ഇത് കണ്ട് അടുത്ത ബെഡില്‍ കിടന്ന പാത്തുമ്മ ബീവിയോടു പറഞ്ഞു ചിരിച്ചു.

അഗ്നിയും അപവാദവും എത്രനാള്‍ മൂടിവയ്ക്കും? കുഞ്ഞവറാന്‍ ആച്ചിയമ്മ പ്രേമം ബാംഗളൂര്‍ മലയാളികളുടെ ഇടയില്‍ പരന്നു. പലരും തിരക്കഥ രചിച്ചു. മൂന്നാം നാള്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട കുഞ്ഞിക്കാലായില്‍ കുഞ്ഞവറാനെ വിവാഹം കഴിച്ചു. കഥ ഇനിം ചുരിക്കിപ്പറയാം. കുഞ്ഞവറാനെയും കൂട്ടി ന്യൂയോര്‍ക്കിലെത്തിയ ആച്ചിയമ്മ, അല്‍പ്പ വസ്ത്രധാരികളായ മദാമ്മമാരെ കണ്ട് കുഞ്ഞവറാന്‍ കാലുമാറുമോന്ന് ബലമായി സംശയിക്കുകയും ചെയ്തു. പക്ഷേ പല തട്ടിപ്പുകളും കയ്യിലുണ്ടെങ്കിലും ഉണ്ട ചോറില്‍ കല്ലിടുന്ന സ്വഭാവം കുഞ്ഞവറാനില്ല. കുഞ്ഞവറാന് ബര്‍ലിംഗ്ടണ്‍ കോട്ടു ഫാക്ടറിയില്‍ റിസീവറായി ജോലികിട്ടി.

മൂന്നര പതിറ്റാണ്ടത്തെ സ്തുത്യര്‍ഹമായ ആതുരസേവനത്തിനു ശേഷം റിട്ടയര്‍ ചെയ്ത ആച്ചിയമ്മ അമേരിക്കന്‍ മലയാളികളെ കൂടി സേവിക്കുവാന്‍ വേണ്ടിയാകുന്നു ഇപ്പോള്‍ ഫൊക്കാന കമ്പനിയില്‍ മത്സരിക്കുന്നത്. ‘ആന’ യെ അങ്ങനെ വിശ്വസിക്കുവാന്‍ പറ്റുകയില്ലെന്നും ആച്ചിയമ്മയ്ക്കറിയാം. ഇതിനകം എത്രയോ പാപ്പാന്മാരുടെ കഥകഴിച്ചിരിക്കുന്നു.

മലയാളിയെയും മനുഷ്യനെയും സേവിപ്പാന്‍ ‘ആനയും വേണ്ട, കുതിര’യും വേണ്ട. ശിങ്കാരി മേളകളും മോഹിനിയാട്ടവും, കൂടിയാട്ടവും വേണ്ട. ശ്രീ. തോമസ് കൂവള്ളൂരിനെപ്പോലുള്ള സുകൃതാത്മാക്കള്‍ പതിറ്റാണ്ടുകളായി മലയാളികള്‍ക്കും മനുഷ്യത്വത്തിനും വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന നിഷ്‌ക്കാമവും നിസ്തുല്യവുമായ സേവനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുക. സല്‍മനസ്സുണ്ടെങ്കില്‍ അമേരിക്കയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും, മാധ്യമ സേവനങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കും, എഴുത്തുകാര്‍ക്കും 56ഉം 28 ഉം കളിക്കാര്‍ക്ക് നല്‍കുന്ന വിധത്തിലുള്ള മാന്യമായ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുക. അസൂയയും കുശുമ്പും മാറിക്കിട്ടാന്‍ ധാരാളം നല്ല പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുക. ഒരു കാര്യം ഓര്‍ക്കുക, കാറ്റു പോയിക്കഴിഞ്ഞാല്‍-ശുദ്ധശൂന്യം! എല്ലാം സമം! സമം! ട്രമ്പും പൂജ്യം! എലിസബേത്ത് രാജ്ഞിയും പൂജ്യം! ലോക കോടീശ്വരന്‍ ബില്‍സ് ഗെയ്റ്റ്‌സും ഫ്രാന്‍സിസ് മാര്‍പാപ്പായും പൂജ്യം!

അമേരിക്കയില്‍ കാലു കുത്തിയ നാള്‍ തൊട്ട് കുഞ്ഞവറാനും ആച്ചിയമ്മയും ഫ്രീ ആയും സമൃദ്ധിയായും ജീവിക്കുന്നു. ഇവിടെ ഒന്നിനും ദാരിദ്ര്യമില്ല. കുഞ്ഞവറാന്‍ ആച്ചിയമ്മ ദമ്പതികള്‍ക്ക് സന്തതികളായി 2 ആണും ഒരു പെണ്ണുമുള്ളത് ‘ഗേ’ ആയും. ‘കൂ’ ആയും “0” ആയും സ്വന്തം ജഢസേവനങ്ങള്‍ നിര്‍ത്തിവച്ച് സര്‍വ്വത്ര ഫ്രീയായി അമേരിക്കയില്‍ ജീവിക്കുന്നു. മാത്രവുമല്ല, അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന അധികം മലയാളി പുത്രീ പുത്രന്മാര്‍ക്കും ഇന്ന് കല്യാണം കഴിക്കുകയും വേണ്ട! സര്‍വ്വത്ര ലാഭം ഫലം!

മറ്റൊരു സവിശേഷത, കാന്തനും കാന്തയും തമ്മില്‍ എന്തെല്ലാം പൊട്ടലും ചീറ്റലും അള്ളും മാന്തും മല്ലും വഴക്കുമൊക്കെ ഉണ്ടായാലും ലോകത്തിലേക്കും അധികം കെട്ടുറപ്പും ദീര്‍ഘായുസുമുള്ള ദാമ്പത്യജീവിതം മലയാളിയുടേതാണെന്ന് ദാമ്പത്യ ജീവിതം മലയാളിയുടേതാണെന്ന് ഭാനുമതിയും ഭാര്‍ഗ്ഗവന്‍നായരും, നളിനിയും നടേശനും ആയിഷയും അബൂബക്കേറും ആച്ചിയമ്മയും-കുഞ്ഞവറാനും സമ്മതിക്കും അശുദ്ധ ബന്ധങ്ങള്‍ അനവധിയുണ്ടെങ്കിലും മലയാളിക്ക് നിലവിലും റിക്കാര്‍ഡിലും ഒരു ഭാര്യയും ഒരു ഭര്‍ത്താവും മാത്രമേ ഉണ്ടായിരിക്കയുള്ളൂ. സായിപ്പിനും മാത്രമേ ഉണ്ടായിരിക്കയുള്ളൂ. സായിപ്പിനും മദാമ്മയുമാണെങ്കില്‍ തങ്ങളുടെ ഇണയേക്കാള്‍ ഇ്ഷ്ടം വില കൊടുത്തു വാങ്ങിയ കൊടിച്ചി പട്ടികളായിരിക്കും! എന്തായാലും തേനിനേക്കാള്‍ അധികമായി ആച്ചിയമ്മ കുഞ്ഞവറാനെ സ്‌നേഹിച്ചു. വീഞ്ഞിനേക്കാളും അടപ്രഥമനേക്കാളും അധികമായി കുഞ്ഞവറാന്‍ ആച്ചിയമ്മയെയും സ്‌നേഹിച്ചു.

കഴിഞ്ഞ വാലന്റൈന്‍ ഡേയില്‍ ഒരു സായംസന്ധ്യയില്‍ കുഞ്ഞവറാന്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയുടെ തീരത്ത് ഒരു മരച്ചുവട്ടില്‍ ഇരുന്ന് ഇ്ഷ്ടപാനീയം ആവശ്യത്തിനടിച്ചിട്ട് ഉള്ളൂരിന്റെ പ്രേമ സംഗീതം തട്ടി വിടാന്‍ തുടങ്ങി.

‘ഒരൊറ്റ മതമുണ്ടുലകിനു-
യിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മേ പാലമൃതൂട്ടും
പാര്‍വ്വണ ശശിബിംബം’

കവിതാലാപനം അത്രയുമായപ്പോള്‍ കുഞ്ഞവറാന്റെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ ഓണ്‍ ചെയ്ത് കുഞ്ഞവറാന്‍ സ്പീക്കിംഗ് പറഞ്ഞ് ഫോണ്‍ കുഞ്ഞവറാന്റെ ചെവിയോട് ചേര്‍ത്ത് പിടിച്ചു. ഫൊക്കാനയില്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന തനിക്ക് പൂര്‍ണ്ണ പിന്തുണ അര്‍പ്പിച്ചു കൊണ്ട് ന്യൂയോര്‍ക്കില്‍ നിന്നും ഒരു പറ്റം മലയാളി മങ്കമാര്‍ ഇപ്പോള്‍ നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നും കുഞ്ഞവറാന്‍ എപ്പോള്‍ വരുമെന്ന് അറിയാനായിട്ടുമാണ് താനിപ്പോള്‍ വിളിച്ചതെന്നും ആച്ചിയമ്മ കുഞ്ഞവറാനോട് പറഞ്ഞു.

കള്ള് ഉള്ളില്‍ ചെന്നാല്‍ കുഞ്ഞവറാന് ആച്ചിയമ്മയോടുള്ള പ്രേമത്തിന്റെ ഊഷ്മാവ് അങ്ങ് കൂടും. ആച്ചിയമ്മയുടെ ശബ്ദം കേട്ട് പ്രേമ വിവശനായ കുഞ്ഞവറാന്‍ ആച്ചിയമ്മയോട് ഇങ്ങനെ പറഞ്ഞു. എന്റെ പ്രിയേ, ആച്ചിയമ്മേ, നീ സുന്ദരി! സുന്ദരി! സര്‍വ്വാംഗ സുന്ദരി! എന്റെ പ്രിയേ, ആച്ചി മോളേ, നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലയ്ക്ക് സമം! ആച്ചിയമ്മേ, പ്രിയേ നിന്റെ നോട്ടവും പ്രേമവും എത്ര മനോഹരം! കാന്തേ ആച്ചിയമ്മേ, നിന്റെ നിതംബങ്ങള്‍ അറേബ്യന്‍ മരുഭൂമിയില്‍ കൂടി അലഞ്ഞു നടക്കുന്ന ഒട്ടകത്തിന്റെ മുതുകുപോലെ അതിമനോഹരം! കാന്തേ, പ്രിയ ആച്ചിയമ്മേ നിന്റെ അധരം സാല്‍മന്‍ മീന്‍കറി പൊഴിക്കുന്നു! പ്രിയേ, എന്റെ ഓര്‍മ്മ എപ്പോഴും ആ മീന്‍കറിയെപ്പറ്റി തന്നെയാകുന്നു! കാന്തേ ആച്ചിയമ്മേ, നീ എന്റേതും, ഞാന്‍ നിന്റേതും മാത്രമാകുന്നു. ആച്ചിയമ്മേ, പ്രിയേ മാര്‍ത്താസ് ഹോസ്പ്പിറ്റലിലെ കട്ടിന്‍കീഴെ ആ കിടപ്പ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

കുഞ്ഞവറാന്‍ ഫോണിലൂടെ ആച്ചിയമ്മയോട് പറഞ്ഞു കൊണ്ടിരുന്ന പ്രേമപീയൂഷം മുഴുവന്‍ സ്പീക്കറിലൂടെ കേട്ട ആച്ചിയമ്മയുടെ കൂട്ടുകാരെല്ലാം അങ്ങോട്ടുമിങ്ങോട്ടും തോളത്തടിച്ച് പൊട്ടിച്ചിരിച്ചു! ഫോണ്‍ ഓഫ് ചെയ്യുന്നതിനു മുമ്പായി ആനക്കാലായില്‍ ആച്ചിയമ്മ കൂടെ ഇരിക്കുന്ന അതിഥികളുടെ മുമ്പില്‍ വെച്ചു തന്നെ കുഞ്ഞിക്കാലായില്‍ കുഞ്ഞവറാനോട് ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. ഹായ്, തെന്നികാറ്റേ വെളിവില്ലാത്ത കനേഡിയന്‍ കാറ്റേ, പ്രിയനേ,കാന്താ, കുഞ്ഞവറാനേ ഞാന്‍ നിനക്കായി പഴയതും പുതിയതുമായ സാല്‍മന്‍ മീന്‍കറി ഒരുക്കി വെച്ചിരിക്കുന്നു. പ്രിയാ കാന്താ കുഞ്ഞവറാനേ, ആടി ആടി വഴിയിലെങ്ങും വീഴാതെ വേഗം നീ ഇങ്ങ് വാ. പിന്നെ കേട്ടത് പെണ്ണുങ്ങളുടെ ഒരു കൂട്ടച്ചിരിയായിരുന്നു!

(ഈ രചനയിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരുമായിട്ടും യാതൊരു ബന്ധവുമില്ലെന്ന് ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ. അവര്‍ ഭാവനാ സൃ്ഷ്ടികള്‍ മാത്രമാകുന്നു – ലേഖകന്‍)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top