കൊറോണ വൈറസ്: പത്തനം‌തിട്ടയില്‍ അഞ്ച് പേര്‍ ഹൈ റിസ്ക് കോണ്‍‌ടാക്റ്റില്‍

mcmsപത്തനംതിട്ട: ജില്ലയില്‍ കൊവിഡ് 19 രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധന ഫലം ഇന്ന് വരും. 25 പേരാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 5 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍പ്പെട്ടവരാണ്. കൊറോണ ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് 70 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഫലം വരുമ്പോള്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ അവരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും.

കൊവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്ന് പുറത്തുവിടും. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ കുട്ടിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കഴിയുന്ന വൃദ്ധ ദമ്പതികളുടെ ആരോഗ്യ നിലയും മെച്ചപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 3316 പേരാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 293 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം ഇന്നലെ വന്ന ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന എട്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

അതിനിടെ കൊവിഡ് 19 രോഗബാധയെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകളില്‍ നിന്ന് ആളുകളിലേക്ക് രോഗം പടര്‍ന്ന് പിടിയ്ക്കുന്ന നില വന്നതോടെയാണിത്. വളരെ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്നത്. നിലവില്‍ 100ലധികം രാജ്യങ്ങളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News