- Malayalam Daily News - https://www.malayalamdailynews.com -

യുവസംരംഭകരുടെ മാതൃക അനുകരണീയം: എ.പി. മണികണ്ഠന്‍

YOUTH ICON RELEASED 2

മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച യൂത്ത് ഐക്കണ്‍സ് കേരള ബിസിനസ് ഫോറം പ്രസിഡണ്ട് കെ.ആര്‍. ജയരാജിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ പ്രകാശനം ചെയ്യുന്നു

ദോഹ: വാണിജ്യ വ്യാപാര രംഗങ്ങളില്‍ കുതിച്ചുചാട്ടം നടത്തുന്ന ഖത്തറിന്റെ ഭൂമികയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന മലയാളികളായ യുവ സംരംഭകരുടെ മാതൃക അനുകരണീയമാണെന്നും പുതുതലമുറക്ക് പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന യൂത്ത് ഐക്കണ്‍സ് 2020 ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനമാണെന്നും ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച യൂത്ത് ഐക്കണ്‍സ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പക്ഷേ ചരിത്രത്തില്‍ ഇടംപിടിക്കുന്നതും സംരംഭകര്‍ക്കും ഗവേഷകര്‍ക്കും പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതുമായ ജീവിതയാത്രയുടെ നേര്‍കാഴ്ചയാകും യൂത്ത് ഐക്കണ്‍സിലെ പല പേജുകളും. ജീവിതത്തില്‍ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുവാന്‍ അവസരമൊരുക്കുന്ന ഈ ഉദ്യമം ഏറെ ശ്‌ളാഘനീയമാണ്. എല്ലാ സംരംഭകരും വായിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്ത് ഈ പ്രസിദ്ധീകരണം പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

YOUTH ICON RELEASEDകേരള ബിസിനസ് ഫോറം പ്രസിഡണ്ട് കെ.ആര്‍. ജയരാജ് ആദ്യ പ്രതി ഏറ്റുവാങ്ങി. പബ്‌ളിക് റിലേഷന്‍സ് രംഗത്ത് മീഡിയ പ്‌ളസിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ഈ പ്രസിദ്ധീകരണം ഏറെ സവിശേഷമായ സംഭാവനയാണെന്നും ജയരാജ് പറഞ്ഞു.

ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമകള്‍ സമ്മാനിച്ച ടീം മീഡിയ പ്‌ളസിന്റെ പുതുവല്‍സരോപഹാരമാണ് യൂത്ത് ഐക്കണ്‍സ് 2020 എന്ന് മീഡിയ പ്‌ളസ് സി.ഇ.ഒയും യൂത്ത് ഐക്കണ്‍സ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഖത്തര്‍ എന്ന കൊച്ചുരാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ചെറുതല്ല. എത്രയെത്ര പ്രവാസി മലയാളികളാണ് നിരന്തരമായ പരിശ്രമങ്ങളിലൂടെ ഇവിടെ കനകം വിരിയിച്ചത്. ഒരുപക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിമ്പലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വരെ കൗതുകം നല്‍കുന്നതാണ്.

അത്തരം വ്യക്തികള്‍, അവരുടെ കുടുംബം, സ്ഥാപനം എന്നിവയെ അടുത്തറിയാനും ചരിത്രത്തിന്റെ ഭാഗമാകാനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് യുവ സംരംഭകരുടെ ജീവിതാനുഭവങ്ങളും വ്യാപാര രംഗത്തെ മികവും ഭാവി തലമുറകള്‍ക്ക് വഴികാട്ടിയായും പ്രചോദനമായും വെളിച്ചം നല്‍കുമെന്നാണ് പ്രതീക്ഷ. കര്‍മരംഗത്തും ജീവിത രംഗത്തും ഓരോ സംരംഭകനും സാക്ഷാല്‍ക്കരിച്ച വിജയഗാഥ പുതിയ തലമുറകള്‍ക്കുളള പാഠ്യപദ്ധതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഠിനാദ്ധ്വാനത്തിലൂടെ ഖത്തറില്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളികളെ പരിചയപ്പെടുത്തിയ വിജയമുദ്ര, ഖത്തര്‍ മലയാളി മാന്വല്‍ എന്നിവയുടെ പ്രസിദ്ധീകരണവേളയില്‍ ലഭിച്ച പ്രതികരണങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സംരംഭവുമായി ഞങ്ങള്‍ മുന്നോട്ടു വന്നത്. പുസ്തക രൂപത്തിലും ഓണ്‍ലൈന്‍ മീഡിയയിലൂടേയും വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ കാലദേശാതിര്‍ത്തികള്‍ കടന്ന് ആഗോള മലയാളിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശില്‍പികള്‍ കണക്കു കൂട്ടുന്നത്.

അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശബീര്‍ ശുക്കൂര്‍, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, യൂത്ത് ഐക്കണ്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍, കോര്‍ഡിനേറ്റര്‍ അഫ്്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, സിയാഹുറഹ്മാന്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ വിജയിച്ച അമ്പത്തിരണ്ട് വയസ്സിന് താഴെ പ്രായമുള്ള 24 യുവസംരംഭകരുടെ അനുഭവ പാഠങ്ങളാണ് യൂത്ത് ഐക്കണ്‍സിലുള്ളത്. യൂത്ത് ഐക്കണ്‍സിന്റ സൗജന്യ കോപ്പികള്‍ക്ക് 44324853, 70413304, 70124359 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]