കൊച്ചി: കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനെയും കൂടെയുണ്ടായിരുന്ന 19 പേരെയും ഒഴിവാക്കി ബാക്കിയുള്ളവരുമായി വിമാനം യാത്ര പുറപ്പെട്ടു. വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഒരു മലയാളി സ്വമേധയാ യാത്രയില്‍ നിന്നും പിന്മാറി വീട്ടിലേക്ക് തിരിച്ചുപോയി. കൊറോണ ബാധിതനെയും ഭാര്യയെയും കളമശ്ശേരിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബാക്കിയുള്ള 17 പേരെ മൂന്നാറിലെ ഹോട്ടലില്‍ തന്നെ നിരീക്ഷണത്തിലാക്കും. അതിനിടെ ഐസൊലേഷനിലായിരുന്നവരെ വിട്ടയച്ച കെടിഡിസി ടീ കൗണ്ടി റിസോര്‍ട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കും.
കഴിഞ്ഞ പതിനൊന്നാം തിയതി മുതല്‍ മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്ന കൊറോണ ബാധിതനായ ലണ്ടന്‍ സ്വദേശിയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനത്തില്‍ കയറി കടന്നുകളയാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലില്‍ എത്തി. എന്നാല്‍ അപ്പോഴേയ്ക്കും ഇയാള്‍ അവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. ഇയാളുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. വീണ്ടും പരിശോധിച്ചപ്പോഴാണ് കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ബലംപ്രയോഗിച്ചാണ് ട്രാവല്‍ ഏജന്റ് ഇയാളെ ഹോട്ടലില്‍ നിന്ന് മാറ്റിയതെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു. ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതായി മനസ്സിലാക്കിയതോടെ ദുബായിലേക്കുള്ള വിമാനം റദ്ദാക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിമാനത്തില്‍ കയറിയ 270 പേരെയും തിരിച്ചിറക്കുകയും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അതിന് ശേഷം 250 പേരുമായി വിമാനം ദുബായിലേക്ക് പറന്നു. മൂന്ന് മണിക്കൂറിലേറെ വൈകിയാണ് വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്താവളം പൂര്‍ണമായി അണുവിമുക്തമാക്കിയിട്ടുണ്ട്. സിഐഎസ്എഫ് ഉദ്യോഗസ്ഥരെയടക്കം ഐസൊലേഷനിലാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply