നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20-ന് പുലര്‍ച്ചെ 5.30-ന്; ഡമ്മി പരീക്ഷണം നടത്തി

nirbhaya-convicts-1-640x427രാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തി. ആരാച്ചാര്‍ പവന്‍ ജെല്ലാദ് ബുധനാഴ്ച രാവിലെയാണ് ഡമ്മി പരീക്ഷണം നടത്തിയത്. മുകേഷ് സിങ്, അക്ഷയ് സിങ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ മാര്‍ച്ച് 20-ന് പുലര്‍ച്ചെ 5.30-നാണ് നടപ്പാക്കുക.

“കേസിലെ നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണ്, ഇതുപോലുള്ള ചില ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് മറുപടി”- പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ് നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൃത്യം നടന്ന ദിവസം താന്‍ ദല്‍ഹിലുണ്ടായിരുന്നില്ലെന്ന് കാണിച്ച് പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ദല്‍ഹി പട്യാല ഹൗസ്‌ കോടതി തള്ളിയിരുന്നു. ശിക്ഷ സ്റ്റേ ചെയ്യാന്‍ നിയമപരമായ എല്ലാ വഴികളും അവസാനിച്ചതോടെ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികള്‍ അന്താരാഷ്ട്ര കോടതിയേയും സമീപിച്ചിരുന്നു .എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണ വാറണ്ടാണിത്. നേരത്തെ മൂന്ന് തവണയും പ്രതികളുടെ ഹര്‍ജികളില്‍ കോടതി തീര്‍പ്പ് കല്‍പിക്കാത്തതിനാല്‍ വിചാരണ കോടതി മരണ വാറണ്ട് റദ്ദാക്കിയിരുന്നു.  ജനുവരി 22-നും ഫെബ്രുവരി ഒന്നിനും  മാർച്ച് 3-നും പ്രതികളെ  തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു.  എന്നാല്‍ പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ ഗുപ്ത എന്നിവര്‍ ഓരോരുത്തരായി വിവിധ സമയങ്ങളില്‍ തിരുത്തല്‍ ഹര്‍ജികളും ദയാഹര്‍ജികളും നല്‍കിയതിനാല്‍ മരണശിക്ഷ നീണ്ടുപോയി. അവസാനം പവന്‍ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയതോടെ പ്രതികള്‍ക്ക് മുമ്പില്‍ മറ്റ് നിയമനടപടികളൊന്നുമില്ലാതായി.

ഓരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതിനാൽ ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നിച്ചു നടപ്പിലാക്കാനായിരുന്നു  നിർദ്ദേശം.

കുറ്റവാളികളെ തൂക്കിലേറ്റുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12-നും  ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനസുരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.

രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗ സംഭവം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെയും  തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാന്‍ ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2012 ഡിസംബര്‍ 16-നാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 23-കാരി ന്യൂദല്‍ഹിയില്‍ ഒരു ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ക്രൂരമായ പീഡനത്തിനു ശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വഴിയില്‍ തള്ളി. ബലാത്സംഗത്തില്‍ യുവതിയുടെ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ആദ്യം ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് യുവതി മരണത്തിന് കീഴടങ്ങി.

ആറ് പേരായിരുന്നു ‘നിർഭയ’ക്കേസിലെ കുറ്റവാളികൾ. കേസില്‍ പ്രതിയായ റാം സിങ് നേരത്തെ ജയിലിനുള്ളില്‍ തുങ്ങിമരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വര്‍ഷത്തെ ജുവനൈല്‍ വാസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു.

ബാക്കിയുള്ള പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തേ ശരിവെച്ചിരുന്നു.

വധശിക്ഷ വിധിച്ച ശേഷം ഏഴുവർഷം കഴിഞ്ഞാണ് വിധി നടപ്പാക്കാനൊരുങ്ങുന്നത്.

Print Friendly, PDF & Email

Related News

Leave a Comment