Flash News

കൊവിഡ് മരണം 8944; ഇന്ത്യയില്‍ 169 പേര്‍ക്ക് രോഗബാധ; കേരളത്തില്‍ പുതിയ കേസുകളില്ല

March 19, 2020

chinaലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയില്‍ ഒരു ദിവസം കൊണ്ട് 475 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2978 ആയി. ഇറാനില്‍ 147 പേരും സ്‌പെയിനില്‍ 105 പേരും ഒരു ദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടനില്‍ മരണം 100 കടന്നിട്ടുണ്ട്. 2900 പേര്‍ക്ക് ഇന്നലെ മാത്രം ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89 പേരാണ് ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. പാകിസ്ഥാനിലും ഇന്നലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പരിശോധന കൂട്ടണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ ആഘാതമാണ് തൊഴില്‍ മേഖലയില്‍ കൊവിഡ് മഹാമാരി സൃഷ്ടിക്കുകയെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയും മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 169 ആയി. ഇവരില്‍ 25 പേര്‍ വിദേശികളാണ്. 18 സംസ്ഥാനങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് വിദേശികളടക്കം 45 പേര്‍ക്കാണ് ഇവിടെ രോഗബാധ. ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം കണ്ടെത്തിയിരിക്കുന്നത് ഹരിയാനയിലാണ്- 14 വിദേശികള്‍.

രോഗ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ കൊവിഡ് പ്രതിരോധവും ജാഗ്രതയും ശക്തമായി തുടരുകയാണ്. കാല്‍ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 237 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 2140 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചത് നെഗറ്റീവാണ്. ഇന്ന് കൂടുതല്‍ ഫലങ്ങള്‍ വന്നേക്കും. സംസ്ഥാനത്ത് ഇതുവരെ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പുതിയ കേസുകള്‍ ഇല്ലാത്തത് ആശ്വാസകരമാണെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. സാമൂഹ്യവ്യാപനത്തിലേക്ക് പോകാതിരിക്കാന്‍ അതീവ ജാഗ്രതയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. അത്യാവശ്യമുള്ള സന്ദര്‍ശകരെ മാത്രമായിരിക്കും ഇനി ഓഫീസുകളിലേക്ക് കയറ്റിവിടുക. തെര്‍മല്‍ സ്‌കാനിങ് ഉപയോഗിച്ച് സന്ദര്‍ശകരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ഫിസിക്കല്‍ ഫയലുകള്‍ ഒഴിവാക്കി ഇ ഫയലുകള്‍ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സിബിഎസ്ഇ, ഐസിഎസ്ഇ, ഐ‌എസ്‌സി ബോർഡ് പരീക്ഷകള്‍ മാറ്റിവച്ചു. എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദ്ദേശം നൽകി. മൂല്യനിര്‍ണ്ണയങ്ങളും നിര്‍ത്തിവെക്കും. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. എന്നാല്‍ സ്റ്റേറ്റ് സിലബസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് കാരണം രാജ്യത്താകമാനം 168 ട്രെയിനുകള്‍ റദ്ദാക്കി. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയളവില്‍ സര്‍വ്വീസ് നടത്താനിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top