നിര്‍ഭയക്കേസ്: നാലു പ്രതികളേയും തൂക്കിലേറ്റി

nirbhaya-case-after-7-years-4-gang-rape-convicts-hanged-in-tihar-jail-twitter-says-finally-justice-served-0001ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തിഹാര്‍ ജയിലില്‍ രാവിലെ 5.30ന് നടപ്പാക്കി. പവന്‍ഗുപ്ത, അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരെയാണ് ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെയ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തള്ളിയിരുന്നു. ആറ് മണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്‌കരിക്കും.

സുപ്രീകോടതി തീരുമാനം വന്നതോടെ പുലര്‍ച്ചെ നാലരയോടെ പ്രതികളെ ഉണര്‍ത്തി ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുള്ള അന്തിമ തീരുമാനം അറിയിച്ചു. തുടര്‍ന്ന് സെല്ലിന് പുറത്തെത്തിച്ച് വൈദ്യ പരിശോധന നടത്തി. അതിന് ശേഷം അഞ്ചേകാലോടെ തൂക്കുമരത്തട്ടിലെത്തിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് പ്രതികളെ മരണവാറന്റ് വായിച്ചു കേള്‍പ്പിക്കുകയും ശിക്ഷ നടപ്പാക്കാനുള്ള നിര്‍ദേശം അരാച്ചാര്‍ക്ക് നല്‍കുകയും ചെയ്തു. ശിക്ഷ നടപ്പാക്കിയ സമയത്ത് ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കി.

ശിക്ഷ നടപ്പാക്കുന്നത് തടയാനും നീട്ടിവെയ്ക്കാനുമായി പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നിയമപോരാട്ടം നടത്തിയിരുന്നു. എങ്കിലും ഫലമുണ്ടായില്ല. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് മൂന്ന് തവണ മരണശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ആത്യന്തിക വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.

2012 ഡിസംബര്‍ 16ന് രാത്രിയാണ് കേസിനാസ്പദമായ കുറ്റകൃത്യം അരങ്ങേറിയത്. 23 വയസ്സുകാരിയെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഓടുന്ന ബസില്‍ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ശേഷം റോഡില്‍ തള്ളുകയുമായിരുന്നു. മാരകമായ മുറിവുകളേറ്റ പെണ്‍കുട്ടി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞു. തന്നെ ഉപദ്രവിച്ചവര്‍ക്കുള്ള ശിക്ഷ നടപ്പാക്കണമെന്നായിരുന്നു മരിക്കുന്നതിന് മുമ്പ് നിര്‍ഭയ ആവശ്യപ്പെട്ടിരുന്നത്. ആ ആഗ്രഹമാണ് 7 വര്‍ഷത്തെ നിയമപ്പോരാട്ടതിനൊടുവില്‍ നടപ്പിലാക്കിയിരിക്കുന്നത്.

ഫോട്ടോയെ അഭിവാദ്യം ചെയ്ത് അമ്മ മകളോട് പറഞ്ഞു “നിനക്ക് നീതി ലഭിച്ചു”

ഞങ്ങളുടെ ഏഴ് വര്‍ഷത്തെ പോരാട്ടം ഇന്ന് ഫലവത്തായി എന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. രാജ്യത്ത് ആദ്യമായി നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റി, വൈകിയാണെങ്കിലും ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ഇതിന് രാജ്യ സര്‍ക്കാരിനും രാഷ്ട്രപതിക്കും കോടതികള്‍ക്കും നന്ദി. ഞങ്ങളുടെ മകള്‍ക്ക് സംഭവിച്ചതില്‍ രാജ്യം മുഴുവന്‍ ലജ്ജിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ കുറ്റവാളികളെ തൂക്കിലേറ്റിയതിനാല്‍ മറ്റ് പെണ്‍മക്കള്‍ക്കും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 20 ന് നിര്‍ഭയ ദിനമായി ആചരിക്കുമെന്നും അവര്‍ പറഞ്ഞു.


Print Friendly, PDF & Email

Related News

Leave a Comment