പാലക്കാട് :മുതലമട മൊണ്ടിപതി കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സുരക്ഷിത ഭവനം നിര്‍മിക്കാനുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്. കുടുംബത്തിന് സുരക്ഷിതമായ ഭവനം പോലുമില്ല. പിന്നോക്ക ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പലപ്പോഴായി നടക്കുന്നതിന്റെ പ്രധാനപ്പെട്ടൊരു കാരണം സുരക്ഷിതയിടങ്ങളുടെ അഭാവമാണ്. ഇത്തരം മേഖലകളില്‍ സുരക്ഷിതമായ ഭവന നിര്‍മാണം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം.
കേസന്വേഷണം സംബന്ധിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുള്ള പരാതി മുഖവിലക്കെടുക്കാന്‍ പോലീസ് തയ്യാറാകണം. കസ്റ്റഡിയിലെടുത്ത ഏക പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പലരെയും സംശയമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകണം അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ബന്ധുക്കളുടെ പരാതി ഗൗരവപൂര്‍വം മുഖവിലക്കെടുക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്, സെക്രട്ടറി സമദ് പുതുപ്പള്ളി തെരുവ്, മണ്ഡലം കണ്‍വീനര്‍ നദീര്‍, അക്ബറലി കൊല്ലങ്കോട്, ഹക്കീം തോത്തംപാടം എന്നിവരുടെ നേതൃത്വത്തില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ മൊണ്ടിപതിയിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു ബന്ധുക്കളുമായി സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply