എ.പി. സിംഗ്: ക്രൂരനും ക്രിമിനല്‍ സ്വഭാവവുമുള്ള ക്രിമിനല്‍ വക്കീല്‍

poliglot_2_20200316_571_855”പ്രതികളുടെ വക്കീല്‍ എന്നോട് പറഞ്ഞു…അനിശ്ചിതകാലത്തോളം അവരുടെ വധശിക്ഷ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുമെന്ന്…” ജനുവരി 31-ാം തിയതി പട്യാല ഹൗസ് കോടതിയുടെ മുമ്പില്‍ നിന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി, പ്രതിഭാഗം വക്കീല്‍ എപി സിങ്ങിന്റെ അഹന്തയെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി. നിയമത്തെ തനിക്കിഷ്ടമുള്ളതുപോലെ എക്കാലവും എടുത്തുപയോഗിക്കാമെന്ന് ധരിച്ച ക്രൂരതയുടെ ആ ന്യായീകരണത്തൊഴിലാളി ഇന്ന് പരാജയപ്പെട്ടിരിക്കുന്നു. 2012 ഡിസംബര്‍ 16-ാം തിയതി, 23 വയസ്സുള്ള ഒരു യുവതിയെ പിച്ചിച്ചീന്തി കൊന്ന നരാധമന്‍മാരെ തൂക്കിലേറ്റുന്നത് നീട്ടിവെയ്ക്കാന്‍ നിയമത്തിലെ സകല പഴുതുകളും പ്രയോഗിച്ച എപി സിങ് എന്ന ക്രിമിനല്‍ വക്കീലീന്റെ തോല്‍വി ഇന്ന് രാജ്യം മുഴുവന്‍ ആഘോഷമാക്കുകയാണ്. ആരുടെയൊക്കെ ജീവന്‍ കൈവിട്ടു പോകാതിരിക്കാന്‍ അയാള്‍ പുലര്‍ച്ചെ വരെ കിണഞ്ഞു പരിശ്രമിച്ചുവോ അവരുടെയെല്ലാം ശ്വാസം രാവിലെ 5.30 ആയപ്പോള്‍ നിലച്ചു. ആശാദേവി തന്റെ നീണ്ട 7 വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ വിജയം രുചിച്ചു. തന്റെ മകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞു. തന്നെ പിച്ചിച്ചീന്തിയവരെ ശിക്ഷിക്കണമെന്ന നിര്‍ഭയയുടെ അവസാന ആഗ്രഹവും സഫലമായി.

കേസിലെ നാല് പ്രതികളില്‍ പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, എന്നിവര്‍ക്ക് വേണ്ടിയാണ് അഡ്വക്കേറ്റ് അജയ് പ്രകാശ് സിങ് വാദിച്ചത്. മുകേഷ് കുമാറിന് വേണ്ടി വാദിച്ചതാകട്ടെ, ഈ കേസില്‍ അമിക്കസ്‌ക്യൂറിയായിരുന്ന വൃന്ദ ഗ്രോവര്‍ എന്ന അഭിഭാഷകയും. 46 വയസ്സുള്ള എപി സിങ് ലക്‌നൗ സര്‍വ്വകലാശാലയില്‍ നിന്നും ക്രിമിനോളജിയില്‍ ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണ്. 1997 മുതല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്നു. സകേത് കോടതിയില്‍ നിര്‍ഭയക്കേസ് വിചാരണയ്‌ക്കെത്തിയത് മുതല്‍ക്കാണ് എപി സിങ്ങും പ്രശസ്തിയിലേക്കുയരുന്നത്.

കോടതിയിലെ ഇയാളുടെ വാദങ്ങള്‍ കേട്ടവര്‍ പരസ്പരം പറഞ്ഞു….”ഇയാളെയും തൂക്കിലേറ്റണം”… എന്ന്. കാരണം പ്രതികളെ രക്ഷിച്ചെടുക്കുന്നതിനേക്കാള്‍ നിര്‍ഭയയെ തേജോവധം ചെയ്യുന്നതിലായിരുന്നു എപി സിങ്ങിന്റെ ശ്രദ്ധ. ഇതിന് ഡല്‍ഹി ഹൈക്കോടതി ഇയാളെ രൂക്ഷമായി വിമര്‍ശിക്കുക പോലുമുണ്ടായി. ബാര്‍ കൗണ്‍സില്‍ ഒന്നിലധികം തവണ എപി സിങ്ങിന് നോട്ടീസ് അയച്ചു.

ഒരു അഭിമുഖത്തില്‍ എപി സിങ് പറഞ്ഞു.. ”എന്റെ അമ്മയാണ് ഈ കേസ് എടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചത്. പ്രതികൡലൊരാളായ അക്ഷയുടെ ഭാര്യ, തന്റെ ഭര്‍ത്താവിനെ കാണാന്‍ ബിഹാറില്‍ നിന്നും തിഹാര്‍ ജയിലിലെത്തിയിരുന്നു. അവിടെ വെച്ച് ആരോ അവര്‍ക്ക് എന്റെ നമ്പര്‍ കൈമാറി. അവര്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അമ്മയെ കണ്ടു. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ എന്നോട് പറഞ്ഞു…’ഈ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടാന്‍ പോരാടണമെന്ന്’..

ഞാന്‍ അമ്മയോട് ഈ കേസ് എടുത്താലുള്ള ഭവിഷ്യത്തുകളെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തു. പക്ഷേ അവര്‍ക്ക് അതൊന്നും മനസ്സിലായില്ല. എന്റെ മാതാപിതാക്കള്‍ സാധാരണക്കാരായ മനുഷ്യരാണ്. അത്മീയകാര്യങ്ങളില്‍ നിഷ്‌കര്‍ഷത് പാലിക്കുന്നവരാണ്. അവര്‍ ടിവിയൊന്നും കാണാറില്ല. ജന്ദര്‍മന്ദറിലെയും രാംലീല മൈദാനത്തെയും പ്രതിഷേധപ്രഹസനങ്ങളും മെഴുകുതിരി-ചന്ദനത്തിരി പ്രകടനങ്ങളും അവര്‍ കണ്ടിട്ടില്ല.” എപി സിങ് പറഞ്ഞു.

കോടതിയിലെ വിചാരണയ്ക്കിടയിലെല്ലാം ക്രൂരമായി കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയെ തേജോവധം ചെയ്തതില്‍ അയാള്‍ക്ക് ഇപ്പോഴും കുറ്റബോധമില്ല. അയാള്‍ പറയുന്നു..

”ആ പെണ്‍കുട്ടി രാത്രി വൈകി ചെറുപ്പക്കാരനുമൊത്ത് എന്തു ചെയ്യുകയായിരുന്നുവെന്ന് ഞാന്‍ ചോദിക്കേണ്ടതല്ലേ… ഇത് തെളിവിന്റെ ഭാഗമാണ്. അവര്‍ തമ്മില്‍ സഹോദര ബന്ധമായിരുന്നുവെന്നും രാഖി ആഘോഷിക്കാനാണ് പുറത്തുപോയതെന്നും ഞാന്‍ പറയില്ല. അവര്‍ സുഹൃത്തുക്കളായിരുന്നു. ഇന്ന് ആണും പെണ്ണും തമ്മിലുള്ള ബോയ്ഫ്രണ്ട്-ഗേള്‍ഫ്രണ്ട് ബന്ധം വളരെ സാധാരണമാണ്. എന്നാല്‍ ഞാന്‍ വളര്‍ന്നു വന്ന സംസ്‌കാരത്തില്‍ അത് ശരിയല്ല.”

2013 സെപ്തംബര്‍ 13ന് സകേത് കോടതിയില്‍ കേസ് പരാജയപ്പെട്ടതോടെ എപി സിങ് ജഡ്ജിയോടും പുറത്ത് മാധ്യമങ്ങളുടെ മുമ്പാകെയും പൊട്ടിത്തെറിച്ചു. ” എന്റെ സഹോദരിയോ മകളോ വിവാഹത്തിന് മുമ്പ് ആരെങ്കിലുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും സ്വയം പിഴച്ചവളായി, സ്വന്തം വ്യക്തിത്വവും പ്രതിച്ഛായയും നഷ്ടപ്പെടുത്തിയാല്‍, ഞാന്‍ അവളെ എന്റെ ഫാം ഹൗസില്‍ കൊണ്ടുവന്ന് മുഴുവന്‍ കുടുംബാംഗങ്ങളുടെയും മുമ്പില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിയ്ക്കും.” സിങിന് കോളേജില്‍ പഠിക്കുന്ന ഒരു മകളും ഒരു മകനുമാണുള്ളത്.

സിങിന്റെ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ ക്യാംപെയ്‌നുകള്‍ നടന്നു. എന്നാല്‍ പവന്‍ ഗുപ്തയുടെ കൂടെ വക്കാലത്ത് റ്റെടുത്തുകൊണ്ട് ഉയര്‍ന്ന കോടതികളില്‍ അപ്പീല്‍ പോവുകയാണ് അയാള്‍ ചെയ്തത്.

നിര്‍ഭയക്കേസിലെ പ്രതികളുടെ വക്കീല്‍ എന്ന വിശേഷണം ഒരു അലങ്കാരമായി കൊണ്ടുനടക്കുകയാണ് എപി സിങ് എന്ന ക്രിമിനല്‍ വക്കീല്‍. ബലാത്സംഗക്കേസ് പ്രതികളായ മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദ്, ആള്‍ദൈവം ഗുര്‍മീത് റാം റഹീം എന്നിവര്‍ക്ക് വേണ്ടി വാദിച്ച എപി സിങ്ങ് തന്റെ കുപ്രസിദ്ധിയുടെ ഉയരം നിര്‍ഭയക്കേസിലൂടെ വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. ഇതിന് മുമ്പ് ജനങ്ങള്‍ മുഴുവനും എതിരായിട്ടുള്ള പ്രതികള്‍ക്ക് വേണ്ടി വാദിച്ച് പ്രഗല്‍ഭരായിട്ടുള്ള വക്കീലന്‍മാരുടെ കൂട്ടത്തില്‍ ഇനി എപി സിങ്ങിനെയും എണ്ണാം. 1950കളില്‍ കെഎം നാനാവതിയ്ക്ക് വേണ്ടിയും ഇന്ദിരാ ഗാന്ധിയുടെ ഘാതകര്‍ക്ക് വേണ്ടിയും ജെസിക്കാ ലാല്‍ കൊലപാതക്കേസിലെ മനു ശര്‍മ്മയ്ക്ക് വേണ്ടിയും വാദിച്ച രാം ജെഠ്മലാനിയെപ്പോലെ.

Print Friendly, PDF & Email

Related News

Leave a Comment