Flash News

അമ്പലപ്പറമ്പിലെ കാള (ലേഖനം)

March 20, 2020 , ചാക്കോ കളരിക്കല്‍

bannerകൗമാര പ്രായക്കാരനായ ഒരാള്‍ സ്വയം കൊന്നതിനാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം എന്ന് ശവസംസ്ക്കാര ശുശ്രൂഷയിലെ പ്രസംഗത്തില്‍ ഒരു വൈദികന്‍ പറഞ്ഞാല്‍ മരിച്ചയാളിന്‍റെ മാതാപിതാക്കള്‍ പരിഭ്രാന്തരാകും. ആ പ്രസംഗത്തില്‍ തന്നെ പലപ്രാവശ്യം ആത്മഹത്യയെക്കുറിച്ച് പരാമര്‍ശിച്ചാല്‍ ആ മാതാപിതാക്കള്‍ക്കുണ്ടാകാവുന്ന വേദനയെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കുക. മരിച്ചടക്ക് ശുശ്രൂഷ മരിച്ചയാളിന്‍റെ ജീവിതം ആഘോഷിക്കലാണെന്ന കാര്യം തന്നെ ആ മണ്ടന്‍ പാതിരി മറന്നു പോകുന്നു. അത്തരം വൈദികര്‍ സാധാരണമല്ല. പക്ഷെ അവര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ക്ക് നാശം വിതയ്ക്കാന്‍ കഴിയും. നല്ല ഒരു വൈദികന്‍ വര്‍ഷങ്ങള്‍ പരിശ്രമിച്ച് ഒരു ഇടവകയെ കെട്ടിപ്പടുക്കുന്നു. എന്നാല്‍ പുതിയ ഒരു വികാരിക്ക് ചുരുങ്ങിയ ആഴ്ചകള്‍കൊണ്ട് എല്ലാം നശിപ്പിക്കാന്‍ കഴിയും.

Chacko Kalarikalഒരു മോശം പുരോഹിതനെക്കാള്‍ വേഗത്തില്‍ ഒരാളെ കത്തോലിക്ക സഭയില്‍ നിന്നും അകറ്റുന്നതൊന്നുമില്ല. പുരോഹിതന്‍ ഒരു ബാലപീഡകനോ സ്ത്രീപീഡകനോ ആകണമെന്നില്ല. അയാള്‍ അഹങ്കാരിയായ പുരുഷാധിപത്യക്കാരനോ വിവേകശൂന്യനോ പൊട്ടനോ ആകാം. കൂടുതല്‍ ജനങ്ങള്‍ സഭ വിട്ടുപോകുന്നത് സിദ്ധാന്തത്തില്‍മേലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടല്ല; മറിച്ച്, മോശം പുരോഹിതര്‍ കാരണമാണ്.

ഒരു സ്ത്രീ ദിവ്യബലി അര്‍പ്പിച്ചാല്‍ അവള്‍ അതിനാല്‍തന്നെ സഭയ്ക്ക് പുറത്താക്കപ്പെടും. എന്നാല്‍ ഒരു പുരോഹിതന്‍ പതിനാറുകാരിയെ ഗര്‍ഭിണിയാക്കി കുട്ടിയുടെ അപ്പനായാലും ഒരു മെത്രാന്‍ ക്യാസ്ത്രിയെ ലൈംഗികമായി പീഡിപ്പിച്ചാലും അവര്‍ക്ക് പുരോഹിതരായി സഭയില്‍ തുടരാം.

ഇത്രയും ആമുഖമായി എഴുതാന്‍ കാരണം സീറോ മലബാര്‍ സഭയുടെ ആധുനിക ദുരന്തമായ നോബിള്‍ തോമസ് പാറക്കല്‍ എന്ന മാനന്തവാടി രൂപതയിലെ പിആര്‍ഒയെപ്പറ്റി പറയാനാണ്. ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുന്നതു പോലെ സെമിനാരി റെക്ടറോ പട്ടം കൊടുത്ത മെത്രാനോ നോബിളിനെ മനഃശാസ്ത്രപരമായ വിലയിരുത്തലിന് വിധേയമാക്കിയിട്ടില്ലെന്ന് തോന്നും, ഇയാളുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശ്രീ റോയ് മാത്യു പണിയില്ലാത്തവനാണെന്നും ഏഷ്യനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍ മണ്ടത്തരം പറയുന്നവളാണെന്നും ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ അഡ്വ ജയശങ്കര്‍ വിദ്യാഭ്യാസപരമായി അയോഗ്യനാണെന്നും മറ്റും വിളമ്പുന്ന ഈ പാതിരി നാണംകെട്ട അലവലാതിയായി അധഃപ്പധിച്ചിരിക്കുകയാണ്. എല്ലാ മതാചാരങ്ങളും വേണ്ടെന്നു വെയ്ക്കാനും നിയന്ത്രിക്കാനും മനുഷ്യര്‍ക്ക് കഴിഞ്ഞു. അതുകൊണ്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ? ഒരു ചുക്കും സംഭവിച്ചില്ല എന്ന് ‘സിന്ധു ചേച്ചി’ പറഞ്ഞെന്നും, ആ യുക്തികൊണ്ടുതന്നെ സ്കൂളുകളും കോളേജുകളും അടച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ലായെന്നു പറയാന്‍ കഴിയുമോ എന്നുമാണ് പിആര്‍ഒയുടെ വാദം. ഹാലോ പാറക്കല്‍, സ്കൂള്‍ കോളേജ് വിദ്യാഭ്യാസങ്ങള്‍ മതാചാരങ്ങള്‍ പോലെയല്ലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. മതാചാരങ്ങളും മനുഷ്യന്‍റെ മറ്റു പ്രവര്‍ത്തികളുമായി തുലനം ചെയ്യുന്നതിലെ വിഢിത്തം ഇയ്യാളെ ആര് പറഞ്ഞു മനസ്സിലാക്കും? ഇയാളുടെ യുക്തി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലെയെ ഉള്ളൂ. ‘കുര്‍ബാന തൊഴിലാളി’ ആയതിനാല്‍ പാറക്കലിന് ആ തൊഴിലു ചെയ്യാനേ വിവരമുള്ളൂ എന്നു തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഇയാള്‍ സഭയ്ക്കു തന്നെ നാണക്കേടാണ്, ഒരു ദുരന്തമാണ്, ഒരു ഭാരമാണ്.

അല്പബുദ്ധിയെ മുതലെടുത്തുകൊണ്ട് യുക്തിവാദവും നിരീശ്വര വാദവും പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയായില്‍ക്കൂടി സഭാ വിരുദ്ധര്‍ അഴിഞ്ഞാടുകയാണ് എന്നാണ് ഇയാളുടെ പുതിയ കണ്ടുപിടുത്തം.

ലൂസി കളപ്പുര സിസ്റ്ററെ ‘മുന്‍ കന്യാസ്ത്രീ’, ‘കുമാരി’ എന്നെല്ലാം അഭിസംബോധന ചെയ്ത് ആക്ഷേപിച്ചു. അവര്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം ‘അശ്ലീല സാധനം’ ആണെന്നും ആ പുസ്തകം ഹൈക്കോടതി കണ്ടുകെട്ടിയെ കള്ളപ്രചാരണവും നടത്തി നുണപ്രവാചകനുമായി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിഷയത്തില്‍ ഡോക്ടറേറ്റിന് ഇയാള്‍ അര്‍ഹനാണ്. ചണ്ഡന്‍, മുണ്ടന്‍ എന്നീ അസുരന്മാരെ നിഗ്രഹിക്കാന്‍ അവതരിച്ച ചാമുണ്ഡിയുടെ രൗദ്രഭാവം ഈ താടിക്കാരനില്‍ പ്രകടമാണ്. ഈ വൈദികന്‍റെ എഴുത്തിലും സംസാരത്തിലും മൊത്തം പരിഹാസം, ഗര്‍വ്, ശത്രുഭാവമെല്ലാമാണ്. കായേന്‍റെ ചോരമണം.
പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടിക്കിട്ടാന്‍ പ്രാര്‍ത്ഥിച്ചും പെന്‍സില്‍ വെഞ്ചരിച്ചു കൊടുത്തും അത്ഭുത പ്രവര്‍ത്തനം നടത്തുന്ന സേവ്യര്‍ ഖാന്‍ വട്ടായി, ‘പ്രണയിക്കുന്നവര്‍ വ്യഭിചാരികള്‍’, ‘ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ പാപികള്‍’ എന്ന് ഉത്ഘോഷിച്ച ഡൊമിനിക് വളംനാല്‍, ലൈംഗിക കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന ഫ്രാങ്കോയ്ക്ക് രക്തസാക്ഷിപ്പട്ടം കൊടുത്ത മാത്യു നായ്ക്കംപമ്പില്‍, സഭയിലെ നാറ്റക്കേസുകള്‍ പുതപ്പിട്ടു മൂടുന്ന ഡാനിയേല്‍ പൂവനത്തില്‍, ‘കൃപാസനം’ പത്രക്കാരന്‍ ജോസഫ് വല്യവീട്ടില്‍ തുടങ്ങിയ ആത്മീയ കച്ചവടക്കാരെപ്പറ്റി ഈ പാറക്കലിന് ഒുന്നും പറയാനില്ല. ഫ്രാങ്കോ, റോബിന്‍, എഡ്വിന്‍, സോണി, കൊക്കന്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളെപ്പറ്റിയും ഈ ന്യൂജെന്‍ പുരോഹിതന്‍ മൗനിയാണ്.
ജിമുക്കി കമ്മല്‍ ലുങ്കി ഡാന്‍സ് കളിക്കുന്ന ക്യാസ്ത്രികളെ വിമര്‍ശിക്കാന്‍ സമയം കിട്ടാത്ത അച്ചന്‍ ലൂസി കളപ്പുര സിസ്റ്റര്‍ ചൂരിദാറിട്ടതിനെപ്പറ്റി ഘോരഘോരം പ്രസംഗിക്കും. അയാള്‍ക്ക് ഏതു വേഷത്തിലും പ്രത്യക്ഷപ്പെടാം. പുരോഹിതന്‍റെ വേഷം കെട്ടിയ ഒരു നടന്‍. ഞങ്ങളെ ഉപദേശിക്കുന്നത് കണ്ണിലെ തടി എടുക്കാനല്ലേ? സ്വന്തം കണ്ണിലേയ്ക്കും ഇടയ്ക്കൊന്നു നോക്കണം.

കോമാളി വേഷം കെട്ടുന്ന ഈ പാതിരിക്ക് ലവ് ജിഹാദിനെപ്പറ്റി നല്ലപോലെ സംസാരിക്കാനറിയാം. തിന്മയ്ക്ക് വളക്കൂറുള്ള മണ്ണായി സഭയെ വളര്‍ത്താന്‍ ഇദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഈ മനുഷ്യന്‍റെ പിആര്‍ഒ ഓഫീസ് ഒരു വന്യജീവി സങ്കേതം പോലെയായിരിക്കും. കപട നാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ആഭാസ പ്രകടനങ്ങളില്‍കൂടി അയാള്‍ക്ക് നൈമിഷിക ഉല്മാദങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അയാള്‍ സഭയ്ക്ക് അപശകുനമാണ്. സഭാതലത്തില്‍ ഈ പുരോഹിതനെ കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്. ഈ വൈദികന്‍റെ വിഷയത്തില്‍ സഭാംഗങ്ങള്‍ നിസ്സംഗതരോ സഹിഷ്ണത ഉള്ളവരോ ആയിരിക്കാന്‍ പാടില്ല. ജാഗ്രതയോടെ ഇദ്ദേഹത്തെ തിരുത്തിയെ പറ്റൂ.

വിലക്കപ്പെട്ട കനിയുടെ മോഹവലയത്തില്‍പ്പെട്ട അടുത്ത നാറ്റക്കേസ് എവിടെ നിന്ന് വരുമെന്ന ഭയത്തോടെ സഭാംഗങ്ങള്‍ കഴിയുമ്പോളാണ് മാധ്യമങ്ങള്‍ പുതിയ വാര്‍ത്തയുമായി രംഗത്തെത്തുന്നത്. സഭാപൗരര്‍ ലജ്ജകൊണ്ട് തല താഴ്ത്തുമ്പോള്‍ നോബിളിന് മാധ്യമങ്ങളിന്മേല്‍ കുരുപൊട്ടലാണ്. ക്രെെസ്തവ സഭയേയും പൗരോഹിത്യത്തേയും അപമാനത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന പൗരോഹിത്യ ലൈംഗിക പീഡനകഥകള്‍ മാധ്യമങ്ങള്‍ പുതപ്പിട്ട് മൂടണം പോലും! ആരോപണ വിധേയരായ മെത്രാന്മാരും വൈദികരും അവരുടെ നിരപരാധിത്വം ജനത്തിന് ബോധ്യപ്പെടും വരെ അവരെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താത്തതില്‍ കുമാരന് പ്രശ്നമില്ല.

അധികാരം, മോഹം. ആഡംബരഭ്രമം, സമ്പത്തിനോടുള്ള ആര്‍ത്തി, വിലക്കപ്പെട്ട കനി വേണ്ടുവോളും ശാപ്പിടുക, വിനയവും വിവേകവുമില്ലാതെ പെരുമാറുക, ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാതെ ജീവിക്കുക എല്ലാം ചെയ്യുന്ന വൈദികര്‍ സഭയുടെ വൃത്തികെട്ട പുഴുക്കുത്തുകളാണ്. അവരെ പുറത്താക്കിയേ പറ്റു. അനുദിനം വൈദികരുടെ ഇടയില്‍ മൂല്യച്യുതി സംഭവിക്കുന്ന ഈ കാലഘട്ടത്തിലും ആഭിജാത്യം, ബഹുമാന്യത, കാരുണ്യം, മര്യാദ, ജീവിത വിശുദ്ധി എല്ലാമുള്ള തങ്കപ്പെട്ട വൈദികരും സഭയില്‍ ധാരാളമുണ്ടെുള്ളത് ആശ്വാസകരമാണ്. ഫാ ഡൊമിനിക് പത്യാലയെപ്പോലെയും, ഫാ ഡേവിസ് ചിറമേലിനെപ്പോലെയും ഉള്ള വൈദികര്‍ സഭയ്ക്ക് മുതല്‍ക്കൂട്ടും ദൈവജനത്തിന് അഭിമാനവുമാണ്.

മാനന്തവാടി മെത്രാന്‍ ജോസ് പൊരുടേത്തിനോട്, താങ്കളുടെ പിആര്‍ഒ നോബിള്‍ പാറക്കല്‍ എന്ന പുരോഹിതനെ അമ്പലപ്പറമ്പിലെ കാളയെപോലെ മൂക്കുകയറില്ലാതെ സര്‍വസ്വാതന്ത്ര്യത്തോടെ അഴിച്ചുവിടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top