Flash News

മാനവികതയാണ് ഏറ്റവും വലിയ പുണ്യം (എഡിറ്റോറിയല്‍)

March 21, 2020

Manavikathayanu etavum valiya punyam bannerലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ പോലും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ കോവിഡ്-19 തകര്‍ത്തു തരിപ്പണമാക്കി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യത്തെ സര്‍ക്കാരുകളും മെഡിക്കല്‍ പ്രൊഫഷണലുകളും, ആരോഗ്യ രംഗത്തെ വിദഗ്ധരും, ലോകാരോഗ്യ സംഘടനയും ദിനംപ്രതി അണുബാധകള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ പോരാടുകയാണ്.

അതേസമയം, വികസിത രാജ്യങ്ങള്‍ നേരിടുന്ന മറ്റു ഭീഷണി ഇതിലും വലുതാണ്. കാരണം, ഈ രാജ്യങ്ങളിലെ തകര്‍ന്ന ആരോഗ്യ സംവിധാനങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരു ദുരന്തത്തിന് തന്നെ സാധ്യതയുണ്ട്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, എല്ലാ രാജ്യങ്ങളും നിസ്സാര വ്യത്യാസങ്ങള്‍ മാറ്റിവച്ച് അതിരുകളില്ലാത്ത ശത്രുവായ കൊറോണ വൈറസിനെതിരെ ശക്തമായി പോരാടണമെന്നാണ് പറയാനുള്ളത്.

ആഗോള പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നു മാത്രം വിശേഷിപ്പിക്കാവുന്ന നടപടികള്‍ നടപ്പിലാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിലെ ചിലര്‍ താല്‍പ്പര്യപ്പെടുന്നുവെന്നത് വ്യക്തമാണ്.

ഉദാഹരണത്തിന്, വൈറസ് ബാധിച്ച രാജ്യങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇറാനെതിരായ ഉപരോധം ലഘൂകരിക്കാന്‍ അമേരിക്ക വിസമ്മതിക്കുകയാണ്.

ഈ അത്യാഹിത സന്ദര്‍ഭത്തില്‍ പോലും ഇറാന്‍ ഭരണകൂടത്തിന്മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്ന നയം യു എസ് തുടരുമെന്ന, വാഷിംഗ്ടണില്‍ ഇറാന്‍ അഫയേഴ്സ് കൈകാര്യം ചെയ്യുന്ന ബ്രയാന്‍ ഹുക്കിന്റെ പ്രസ്താവന തന്നെ ക്രൂരവും മനുഷ്യത്വരഹിതവുമാണ്.

sanction2അല്ലെങ്കില്‍ തന്നെ ഇറാനെതിരെയുള്ള ഉപരോധം എന്തിന്റെ പേരിലാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. തെറ്റായ കീഴ്‌വഴക്കവും നീതീകരിക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ കാരണങ്ങള്‍ നിരത്തി ഇറാനെതിരെ ചുമത്തിയ ഉപരോധം പുനര്‍‌വിചിന്തനം നടത്തേണ്ട സമയമാണിത്.

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് കടുത്ത ആരോഗ്യ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാനികളിലേക്ക് സഹായം എത്തിക്കുന്നത് തടയാന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന നയം അമേരിക്കയുടെ അന്തസ്സിന് ചേര്‍ന്ന പ്രവര്‍ത്തിയല്ല. അതിന് യാതൊരു ന്യായീകരണവുമില്ല.

അണുബാധകളുടെയും മരണങ്ങളുടെയും എണ്ണം സംബന്ധിച്ച് അധികാരികള്‍ സുതാര്യമായിരുന്നില്ലെന്ന് ഇറാന്‍ ജനങ്ങള്‍ക്കുള്ളില്‍ നിന്നുപോലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വാസ്തവത്തില്‍, ഈ സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ കോവിഡ് 19 ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ അത് കൈകാര്യം ചെയ്യുന്നത് എളുപ്പമാവുമായിരുന്നു എന്നാണ് ഇറാനിയന്‍ ജനത വിശ്വസിക്കുന്നത്.

ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 1,500 പേരാണ് കൊറോണ വൈറസ് പിടിപെട്ട് മരിച്ചത്. കൂടാതെ, ഓരോ മണിക്കൂറിലും 50 പേര്‍ക്ക് രോഗം ബാധിക്കുന്നു. ഭയാനകമായ ഈ സാഹചര്യം മനസ്സില്‍ വെച്ചുകൊണ്ട് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ലോക നേതാക്കളോട് യാചിക്കുകയാണ്. തങ്ങള്‍ക്കെതിരെ അമേരിക്ക ചാര്‍ത്തിയിരിക്കുന്ന ഉപരോധം പിന്‍‌വലിക്കാന്‍ അനുകമ്പ കാണിക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്. കൊറോണ വൈറസില്‍ വിറങ്ങലിച്ച ചൈനയും അതു തന്നെ ആവശ്യപ്പെടുന്നു. മാനുഷിക പരിഗണന നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ അമേരിക്കയാകട്ടേ ഉപരോധം നീക്കുകയില്ലെന്നും മാത്രമല്ല, ഇറാനെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്. ഇതിനെ താന്‍പോരിമ അല്ലെങ്കില്‍ മുഷ്ക് എന്നല്ലാതെ എന്തു പറയാന്‍.

Iran1ഇറാനുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഭൗമരാഷ്ട്രീയവും പ്രത്യയശാസ്ത്രാപരവുമാണ്. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടുതാനും. എന്നിരുന്നാലും, ഈ സമയത്ത് രാഷ്ട്രങ്ങള്‍ സങ്കുചിത മനോഭാവങ്ങള്‍ വെടിഞ്ഞ് മാനുഷികമായ വഴികളിലൂടെ ചിന്തിക്കണം.

ഇറാനിലെ ഭീകരമായ സാഹചര്യം കണക്കിലെടുത്ത് പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ലോക സമൂഹം ഒന്നിച്ച് പ്രവര്‍ത്തിക്കുകയും, ജീവന്‍ രക്ഷിക്കാന്‍ അവശ്യസാധനങ്ങള്‍ അവര്‍ക്ക് അനുവദിച്ചു കൊടുക്കുകയുമാണ് മനുഷ്യത്വം.

ഈ പ്രതിസന്ധി രാജ്യത്തിന്‍റെ മിക്ക കോണുകളിലും സ്പര്‍ശിച്ചിട്ടുണ്ട്. ദരിദ്രരെയും തൊഴിലാളി വര്‍ഗത്തെയും സാരമായി ബാധിക്കുന്നുമുണ്ട്. പ്രായമായ പുരുഷന്മാരാണ് ഏറ്റവും കൂടുതല്‍ മരിക്കുന്നത്. കുട്ടികളേയും നവജാത ശിശുക്കളേയും ബാധിക്കുന്നു. സാമ്പത്തിക ആഘാതം പ്രത്യേകിച്ച് സ്ത്രീകളെ വേദനിപ്പിക്കുന്നു. കാരണം, ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവരും, ചുമതലകള്‍ വര്‍ധിപ്പിക്കുന്നതും, രോഗികളായ ബന്ധുക്കളെയും സ്കൂളില്‍ നിന്ന് വീട്ടില്‍ താമസിക്കുന്ന കുട്ടികളെയും നോക്കുന്ന ബാധ്യത അവര്‍ക്കാണ്.

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതും, യുഎസ് ഉപരോധം വീണ്ടും നടപ്പാക്കിയതും നിയന്ത്രിത സമ്പദ്‌വ്യവസ്ഥ തകരാറിലായതും ഇറാന്റെ കൊടുക്കല്‍ വാങ്ങള്‍ ശേഷി ഇടിഞ്ഞു. വൈറസ് ബാധിച്ചതോടെ ഭക്ഷണ ദൗര്‍ലഭ്യവും പോഷകാഹാരക്കുറവും മൂലം രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെട്ട അവസ്ഥയാണ്. പലര്‍ക്കും ആരോഗ്യ പരിരക്ഷ പോലുമില്ലാത്ത അവസ്ഥയിലാണ് ഇറാന്‍.

ഈ പാന്‍ഡെമിക് സമയത്ത് ഉപരോധം നിര്‍ത്തലാക്കുന്നത് ബുദ്ധിമുട്ടുള്ളതോ അസംഭവ്യമോ എന്ന് കരുതരുത്. തീവ്രമായ സമ്മര്‍ദ്ദം മാത്രമേ ഇറാനിയന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുകയുള്ളൂവെന്ന യുഎസ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ധാര്‍ഷ്ട്യമല്ല സമാധാനത്തിന്റെ വഴി. അമേരിക്കയിലുടനീളം കൊവിഡ്-19 പടര്‍ന്നു പിടിക്കുകയും, ജനങ്ങള്‍ മരിച്ചുവീഴുന്നത് കണ്ടിട്ടും, ‘ഞങ്ങളാണ് ലോക ശക്തി, ഞങ്ങളെ തൊടാന്‍ ഒരു വൈറസിനും സാധ്യമല്ല’ എന്നു പറയുന്നത് അധികാര മുഷ്‌ക്കിന്റെ ഭാഷയാണ്, സമാധാനകാംക്ഷിയുടേതല്ല.

ലോകം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വ്യത്യസ്ത കാലഘട്ടത്തിലാണ്. അത് മറന്ന് പ്രവര്‍ത്തിക്കുന്നത് ഏതൊരു ഭരണാധികാരിക്കും ഭൂഷണമല്ലതന്നെ. രാഷ്ട്രീയം പറയാന്‍ മറ്റൊരു ദിവസത്തിനായി എന്തുകൊണ്ട് കാത്തിരുന്നുകൂടാ?

മൊയ്തീന്‍ പുത്തന്‍‌ചിറ
ചീഫ് എഡിറ്റര്‍Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top