Flash News

കോവിഡ് -19 അങ്ങനെ പോകില്ല; സുഖം പ്രാപിച്ചാലും അത് ശ്വാസകോശത്തെ ബാധിക്കുമെന്ന് പഠനം

March 23, 2020

000_1PY0GZകൊവിഡ്-19 രോഗം ലോകമാകെ പടര്‍ന്ന് പിടിക്കുകയും മരണസംഖ്യ അനുദിനം വര്‍ധിച്ചുവരുകയും ചെയ്യുകയാണ്. കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ഒരു മരുന്നും ലഭ്യമല്ലാതിരിക്കേ, കനത്ത ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് ഓരോരുത്തര്‍ക്കും ചെയ്യാനുള്ളത്. എങ്കിലും കൊവിഡ്-19 രോഗം സുഖപ്പെട്ട് തിരിച്ചുവന്നവരുടെ കണക്കുകള്‍ ഈ ആശങ്കകള്‍ക്കിടയിലും ആശ്വാസം പകരുന്നതാണ്. 86,000 പേരാണ് കൊവിഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിന് കാരണം ഒന്നുകില്‍ കൊറോണ വൈറസിന്റെ വീര്യം കുറഞ്ഞ വകഭേദമായിരിക്കും ഇവരില്‍ രോഗമുണ്ടാക്കിയത്, അല്ലെങ്കില്‍ മികച്ച ചികിത്സ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടാകാം.

എന്നാല്‍ കൊറോണ വൈറസ് രോഗം ഭേദപ്പെട്ടവരുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ് എന്നതിനെക്കുറിച്ച് പൂര്‍ണമായ വിവരം ലഭ്യമല്ല. കൊറോണ പിടിമുറുക്കിയ ശരീരങ്ങള്‍ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നോ എന്നതാണ് ഉയരുന്ന ചോദ്യം. കൊറോണ വൈറസ് രോഗം പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതില്‍ തന്നെയും ശ്വാസകോശ അറയുടെ താഴ്ഭാഗത്തെ (ലോവര്‍ റെസ്പിരേറ്ററി ട്രാക്ട്). ഈ ഭാഗത്ത് അണുബാധയുണ്ടായാല്‍ വരണ്ട ചുമയും ശ്വാസോച്ഛ്വാസത്തിന് തടസ്സവും ന്യൂമോണിയയും ഉണ്ടാകും.

കൊറോണ വൈറസ് രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് ഹോങ്കോങ്ങിലെ ഗവേഷകര്‍ പറയുന്നത്. പന്ത്രണ്ട് പേരില്‍ നടത്തിയ പഠനത്തില്‍ മൂന്ന് പേരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ശേഷി കുറഞ്ഞതായി വ്യക്തമായി. ചിലരില്‍ 20 മുതല്‍ 30 ശതമാനം വരെയാണ് ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞത്. ഇവരുടെ ശ്വാസകോശങ്ങളില്‍ പോറലുകള്‍ വീണിട്ടുണ്ടോ (പള്‍മണറി ഫൈബ്രോസിസ്) എന്നതാണ് ഇനി ഗവേഷകര്‍ പരിശോധിക്കുന്നത്. പോറലുകള്‍ വീണ കോശങ്ങള്‍ക്ക് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ സാധിക്കും. ഇതോടെ ഓക്‌സിജനെ രക്തത്തില്‍ ലയിപ്പിക്കാന്‍ സാധിക്കാതെ വരും. ഇത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനെയും സാരമായി ബാധിക്കും. ഇത്തരത്തില്‍ കോശങ്ങളില്‍ പോറലുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഭേദമാക്കാന്‍ കഴിയില്ല. പകരം രോഗം വഷളാകാതെ തടയാന്‍ സാധിക്കുമെന്ന് മാത്രം.

കൊറോണ രോഗം ഭേദമായവര്‍ക്ക് സാര്‍സ് സിഒവി-2 വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഭൂരിപക്ഷം വൈറോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രോഗം വന്ന സമയത്ത് ശരീരം ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. എന്നാല്‍ കൊറോണ വൈറസ് പുതിയ രൂപത്തിലും ഭാവത്തിലും വന്നാല്‍ അതിനോട് ചെറുത്ത് നില്‍ക്കാന്‍ രോഗം ഭേദപ്പെട്ടവര്‍ക്കു പോലും കഴിയുമോയെന്ന കാര്യം സംശയമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top