തിരുവനന്തപുരം: കൊറോണ വൈറസ് എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 31 വരെ രാജ്യത്തൊട്ടാകെയുള്ള റെയില്‍വേ, മെട്രോ, അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതിനാല്‍ ഇന്ത്യ സ്തംഭനാവസ്ഥയിലായി.
കോവിഡ് 19 രോഗം സ്ഥിരീകരിച്ച ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ 80 നഗരങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
കേന്ദ്രത്തിന്റെ ഉത്തരവുകള്‍ക്ക് പുറമെ 13 സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, കേരളം, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ദില്ലി, നാഗാലാന്‍ഡ്, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിരോധിച്ചു.
പകര്‍ച്ചവ്യാധിക്കെതിരെ പോരാടാനുള്ള രാജ്യത്തിന്റെ കഴിവ് പരീക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ 14 മണിക്കൂര്‍ സ്വമേധയാ ‘ജനത കര്‍ഫ്യൂ’ രാജ്യം ആചരിച്ചതോടെയാണ് സംസ്ഥാന അടച്ചുപൂട്ടല്‍ നടപടികളിലേക്ക് നീങ്ങിയത്.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 400 കടന്നതോടെ അതിശക്തമായ നടപടികളിലേക്കാണ് രാജ്യം കടക്കുന്നത്. മഹാരാഷ്ട്രയില്‍ 13 പേര്‍ക്ക് കൂടെ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 89 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച 14 പേര് മുംബൈയിലാണ്. ഒരാള്‍ പൂണെയിലും.
അതിനിടെ കേരള മന്ത്രിസഭയുടെ അവൈലബിള്‍ ക്യാബിനറ്റ് രാവിലെ 10ന് ചേരും. തലസ്ഥാനത്തുള്ള മന്ത്രിമാരെ മുഖ്യമന്ത്രി യോഗത്തിന് വിളിച്ചിട്ടുണ്ട്. കൊവിഡ്-19 മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു തുടങ്ങി. കോഴിക്കോട് 2 പേര്‍ക്കെതിരെ കേസെടുത്തു. 50 ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് എലത്തൂര്‍ സ്വദേശിക്കെതിരെയും ക്വാറന്റൈന് നിര്‍ദേശം മറികടന്ന് ഇറങ്ങി നടന്നതിന് ചെമ്മങ്ങനാട് സ്വദേശിക്കെതിരെയുമാണ് കേസെടുത്തത്. കൊല്ലത്തും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ചതിന് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ പത്തനംതിട്ടയില്‍ ഒരാളെക്കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കാനഡയില്‍ നിന്നെത്തിയ ആളെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതിനിടെ പറവൂര്‍ പെരുവാരത്ത് ആരോഗ്യവകുപ്പ് ഐസൊലേഷനിലുള്ള രണ്ട് പേര് മുങ്ങി. യുകെയില്‍ നിന്ന് വന്ന ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 14 ദിവസത്തെ നിരീക്ഷണ കാലാവധി ഇവര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്കി.
കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകള്‍ നിര്‍ത്തും. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. ചരക്ക് കപ്പല്‍ സര്‍വ്വീസ് നടത്തും.
ജില്ലയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനം. രോഗികളുടെ എണ്ണക്കൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതല്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികള്‍ നേരിട്ട് ബന്ധപ്പെടും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply