Flash News

വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവരെ നിയന്ത്രിക്കണം

March 24, 2020 , ബ്ലെസന്‍ ഹ്യൂസ്റ്റന്‍

varthakal bannerകേരളത്തിലെ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ സമയം അതിക്രമിച്ചു കഴിഞ്ഞു. അതോടൊപ്പം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ക്കും കടിഞ്ഞാണിടമെന്ന അഭിപ്രായവും ഇപ്പോള്‍ ഉയരുന്നുണ്ടണ്ട്. വസ്തുനിഷ്ഠമായ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളും നടത്തിയിരുന്ന കേരളത്തിന്റെ സംസ്കാരത്തിനൊത്ത് പ്രവര്‍ത്തിച്ചിരുന്ന ചാനലുകള്‍ പോലും ഇന്ന് തരംതാഴ്ന്നരീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും സംഭവങ്ങള്‍ പോലും വളച്ചൊടിച്ച് വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന തരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സ്വാഭാവിക മരണത്തെപ്പോലും അസ്വാഭാവികമരണമായി ചിത്രീകരിക്കുകയുംആത്മ ഹത്യയെപ്പോലും കൊലപാതകമാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നരീതിയാണ് ഇന്ന് കേരളത്തില്‍ ചാനലുകളും ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളും ചെയ്തുകൊണ്ടിരിക്കുന്നത്. വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍ മാത്രമല്ല വാസ്തവിരുദ്ധമായ വാര്‍ത്തകള്‍ പോലും വളരെയേറെ പ്രാധാന്യത്തോടും വാസ്തവയോഗ്യമായ രീതിയിലുമാണ്ഇവര്‍ ജനത്തിനു മുന്നില്‍എത്തിക്കുന്നത്. പലപ്പോഴും ജനം സത്യംഅറിയാതെഇത്‌വിശ്വസിക്കാറണ്ടുണ്ട്. ഉറുമ്പിനെ പോലും ആനയാക്കിക്കൊണ്ടണ്ടും ആമയുടെ ഇഴച്ചിലിനെപ്പോലും കുതിരയുടെ ഓട്ടത്തിനു തുല്യമാക്കിക്കൊണ്ട് ഇവരുടെ അവതരണം ഒരുതരം അരോചകമായിട്ടാണ്‌ തോന്നാറ്.

പട്ടിയെ പൂച്ചയാക്കാനും സ്ത്രീയെ പുരുഷനാക്കാനും കഴിയുന്ന മാന്ത്രിക വിദ്യ കൈയ്യിലുള്ളവരാണ്‌ കേരളത്തിലെ ചാനലുകാര്‍. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയേക്കാള്‍ പാടവത്തോടെ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും മറ്റും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് കണ്ടാല്‍ സി.ബി.ഐ.യും എഫ്.ബി.ഐ.യും റോയുമൊക്കെ മാറി നിന്നു പോകും. അത്രകണ്ട് ആധികാരികമായാണ് ഏത്‌ കേസ്സുകളെക്കുറിച്ചും കേരളത്തിലെ ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. തട്ടിക്കൂട്ടിയ തെളിവുകളും മെനഞ്ഞെടുത്ത കഥകളുമായി അവര്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ പലപ്പോഴും വിശ്വാസത്തിലെടുക്കുമെന്നത്‌ കൊണ്ട് അതിനെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിക്കാറുണ്ട്. പോലീസിന്റെ അന്വേഷണം നടക്കുന്ന വേളയില്‍തന്നെ വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ ചാനലുകളും പുറത്തുവിടുന്നതുകൊണ്ട് പല തെറ്റിദ്ധാരണകളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് എന്ന രീതിയില്‍ പോലുമുള്ള സത്യവിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും കിട്ടിയ വിവരങ്ങളാണെന്നു പോലും ജനം ചിന്തിക്കുമ്പോള്‍ ശരിയായ അന്വേഷണത്തിനു പോലും വിലങ്ങുതടിയാകുമെന്നതാണ്‌ സത്യം. ശരിയായ രീതിയില്‍ അന്വേഷണം വന്നാല്‍പ്പോലും അത് ജനം മുഖവിലക്കെടുക്കാത്ത രീതിയില്‍ പോലും അത് പോകും.

ഇത്രയും വിവരണങ്ങള്‍ പറയാന്‍ പ്രധാന കാരണം ഈ അടുത്ത കാലത്ത് കൊല്ലത്ത് കാണാതാകുകയും അതിനുശേഷം പുഴയില്‍ മൃതശരീരം കണ്ടെത്തുകയും ചെയ്ത കുട്ടിയുടെ മരണത്തിനെ തുടര്‍ന്ന് വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളും പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളാണ്. കാണാതായപ്പോള്‍ തുടങ്ങി നാളിതുവരെയും ചാനലുകള്‍ നടത്തുന്ന സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് എന്ന സ്വയനിര്‍മ്മിത കെട്ടുകഥകള്‍ യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ മനസ്സില്‍ നിന്നും മെനഞ്ഞെടുത്തും കെട്ടിച്ചമച്ചതുമായ കഥകള്‍ കോര്‍ത്തിണക്കി ആ സംഭവത്തെ ഒരു അപസര്‍പ്പക നോവലുപോലെ അവതരിപ്പിക്കുമ്പോള്‍ സത്യാവസ്ഥയ്ക്ക്‌ വിപരീതമായ ഒരു പ്രവര്‍ത്തിയാണ്‌ ചെയ്യുന്നത്.

കുട്ടിയെ കാണാതായപ്പോള്‍ തുടങ്ങി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കുട്ടിയെ തട്ടികൊണ്ടുപോയവര്‍ അന്താരാഷ്ട്ര ഗൂഢസംഘങ്ങള്‍ ആണെന്നുപോലും ജനങ്ങള്‍ ഒരുവേള ചിന്തിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിനുശേഷം അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ അതിലേറെയായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത് ഏതോ അദൃശ്യശക്തിയാണ്‌ കൊലയ്ക്കു പിന്നിലെന്ന്. അതേ മാധ്യമം തന്നെ പിന്നീട് പറഞ്ഞത് കുട്ടിക്ക് ഏതോ അദൃശ്യശക്തിയുണ്ടെന്ന്. കൊലപാതകത്തില്‍ അയല്‍ക്കാര്‍ക്ക് പങ്കുണ്ടെന്നും അടുത്ത ബന്ധുക്കള്‍ക്കും അറിയാമെന്നും പിന്നീട് പറയുകയുണ്ടായി.

അങ്ങനെ അവര്‍ കണ്ടെത്തിയ അന്വേഷണം അടുത്ത ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വരെ നീണ്ടുപോകുകയും കുടുംബാംഗങ്ങളെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തുയെന്നതാണ്‌ സത്യം. പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ സുഹൃത്തുക്കളെയും നാട്ടുകാരേയും വീട്ടുകാരേയും സംഭവത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നത്. കുട്ടിയുടെ മാതാവിന്റെ വിവരണം പോലും വളച്ചൊടിച്ച് മറ്റൊരു രീതിയില്‍ ആക്കിയെടുത്തു കൊണ്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ ഇക്കൂട്ടരെ ചിത്രീകരിച്ചപ്പോള്‍ കുട്ടിയുടെ വീട്ടുകാര്‍ പോലും ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരെ രംഗത്തു വരികയുണ്ടായി. തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട്‌ വീട്ടുകാര്‍ രംഗത്തു വന്നിട്ടുകൂടി ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ അതുമായി യാതൊരു ബന്ധവുമില്ലാത്ത കഥകള്‍ ജനങ്ങള്‍ക്കിടയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് നാല് പേരെ പോലീസ്‌ ചോദ്യം ചെയ്തുവെന്നും അവരെ ഏത് നിമിഷവും അറസ്റ്റ്‌ ചെയ്യുമെന്നുമാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ പോലീസ് ഇതിന് യാതൊരു സാദ്ധ്യതയും ഒരു വിലയിരുത്തലും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്‌ കേവല ഒരു സൃഷ്ടികഥയായി തന്നെ ഇതിനെ കാണാം. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ ഇത് തെറ്റിദ്ധാരണ വര്‍ദ്ധിപ്പിക്കുകയേ ഉള്ളുയെന്നു മാത്രമല്ല നിരപരാധികള്‍ പോലും ക്രൂശിക്കപ്പെടുമെന്നതാണ്‌ സത്യം.

ഇവരുടെ ചാനലുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കാനും റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനും കാഴ്ചക്കാരുടെഎണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ളതു മാത്രമാണ് ഇതിനു പിന്നിലെ രഹസ്യം. കൂടുതല്‍ ആളുകളെ അംഗങ്ങളാക്കുകയോ കാഴ്ചക്കാരുടെഎണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നാല്‍ മാത്രമെ ഈ ചാനലുകള്‍ക്ക് നിലനില്‍പുള്ളു. റേറ്റിംഗ് കുറഞ്ഞുപോയാല്‍ ചാനലുകള്‍ പുറംതള്ളപ്പെടുകയും പിന്നീട്‌ യാതൊരു ജനശ്രദ്ധയും കിട്ടാതെയാവുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകാതെയിരിക്കാനാണ് ഇവര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍.

മാധ്യമ ധര്‍മ്മവും മാധ്യമ നിയമാവലിയുമൊന്നും പാലിക്കാതെ വായില്‍ തോന്നുന്നത്‌ കോതയ്ക്കു പാട്ട് എന്ന കണക്കിന് ഇവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാര്യമായില്ല. ഏത്‌ വാര്‍ത്തയും ഏത്‌ രീതിയിലും ഇവര്‍ക്ക് പ്രക്ഷേപണം ചെയ്യാമെന്ന സ്ഥിതിയാണ് എന്നതുകൊണ്ടു തന്നെ സത്യസന്ധമായതിനേക്കാള്‍ ജനശ്രദ്ധ പിടിച്ചു പറ്റാത്തതിനുതകുന്നതായ റിപ്പോര്‍ട്ടായിരിക്കും വരിക. ആളുകളെ എങ്ങനെയും തങ്ങളുടെ മുന്നില്‍ പിടിച്ചിരുത്തുകയും അതുവഴി തങ്ങളുടെ പരിപാടികള്‍ക്ക്‌ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുകയുമായിരിക്കും ലക്ഷ്യം. പണ്ട് കേരളത്തില്‍ നിന്നും ഇറങ്ങിയിരുന്ന പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ പോലെയെന്നു വേണം അത് കാണാന്‍. തുടര്‍ക്കഥയും തുടര്‍ നോവലുകളും കുറ്റാന്വേഷണ പരമ്പര വരെ പൊടിപ്പും തൊങ്ങലുമായി ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നപ്പോള്‍ വരിക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയുണ്ടായി. അതുവഴി ഇത്തരം പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുമുണ്ടണ്ടായി.

ഉദ്യോഗജനകമായി അവസാനിപ്പിച്ച് അടുത്ത ലക്കത്തിലേക്ക്‌ വായനക്കാരെ കാത്തിരിപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ഇവരുടെ രീതി. മാരിക്കായി കാത്തുകിടക്കുന്ന വേഴാമ്പലിനെപ്പോലെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നവരായിരുന്നു ഒരു കാലത്ത് ഈ പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ വായനക്കാര്‍. ഇവരുടെ അന്വേഷണ പരമ്പരകളും ഇതുപോലെ തന്നെയായിരുന്നു. സത്യസന്ധമായ റിപ്പോര്‍ട്ട് എന്നതല്ല മറിച്ച്‌ മെനഞ്ഞെടുത്ത കഥകളായിരുന്നു ഇതില്‍ ഏറെയും. വായനക്കാരെ ആകാംഷയുടെ നെറുകയില്‍ കയറ്റി നിര്‍ത്തി അടുത്ത ലക്കത്തില്‍ കോപ്പികള്‍ കൂട്ടി ചൂടപ്പം പോലെ വില്‍ക്കാനുള്ളതായിരുന്നു ആ ശ്രമങ്ങള്‍. അതില്‍ അവര്‍ വിജയിച്ചപ്പോള്‍ നിലവാരത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വാരികകള്‍ അതിനു മുന്‍പില്‍ പിടിച്ചു നില്‍ക്കാനാകാതെ പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ പാത പിന്‍തുടരുകയായിരുന്നു ചെയ്തത്.

അന്നുണ്ടായിരുന്ന പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ ടെക്‌നോളജി യുഗത്തിലെ പതിപ്പാണ് ഇപ്പോഴുള്ള ഓണ്‍ലൈന്‍ ചാനലുകള്‍. ഏത്‌ വാര്‍ത്തയും എങ്ങനെയും കൊടുക്കാമെന്ന ചിന്തയില്‍ കൂടിയാണ് അവരുടെ പോക്കെങ്കില്‍ അന്ന്‌ സമൂഹത്തില്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നതിന് യാതൊരു സംശയവുമില്ല. ഇവര്‍ക്ക് കാര്യമായ നിയന്ത്രണമോ ഒന്നും തന്നെ ഇല്ലായെന്നതാണ് ഒരു വസ്തുത. വാര്‍ത്താവിതരണ പ്രക്ഷേപണ നിയമാവലിയുടെ പരിധിയില്‍ വാര്‍ത്താ ചാനലുകള്‍ വരുമെങ്കിലും ഓണ്‍ലൈന്‍ വാര്‍ത്തകളിലെ റിപ്പോര്‍ട്ടിംഗില്‍ ദേശവിരുദ്ധ റിപ്പോര്‍ട്ടിംഗ് ഉള്‍പ്പെടുത്തരുതെന്നേയുള്ളു.

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയണം. അല്പജ്ഞാനി അപകടം വിളിച്ചുവരുത്തുന്നുയെന്നു പറയുന്നതുപോലെ അവിടന്നും ഇവിടുന്നും കിട്ടുന്ന വാര്‍ത്തയുമായി തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വാര്‍ത്തകള്‍ ചമച്ചു വിടുന്ന ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണവും നിയമാവലിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അത്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നാണ് നടപടിയുണ്ടാകേണ്ടത്. ഇല്ലെങ്കില്‍ റേറ്റിംഗിനായി നാട്ടില്‍ നടക്കുന്നതിനപ്പുറം കെട്ടിച്ചമച്ച കഥകളുമായിട്ടായിരിക്കും ഇവരെത്തുക. യാതൊരു നിലവാരവുമില്ലാത്ത സീരിയലുകള്‍ കൊണ്ട് മടുത്തിരിക്കുന ചാനലകളുടെ സീരിയലുകള്‍ നിരോധിക്കണമെന്നും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങള്‍ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. കൂണുപോലെ പൊങ്ങിവരുന്ന ഇത്തരം ചാനലുകള്‍ക്കും നിയന്ത്രണങ്ങളും നിയമാവലിയും കര്‍ശനമായി പാലിക്കുന്നുയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണുള്ളത്. വാര്‍ത്താവിതരണ മാധ്യമങ്ങള്‍ കേവലം ഒരു സ്ഥാപനം മാത്രമല്ല മറിച്ച് ജനങ്ങള്‍ക്ക് ശരിയായ രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്ന മദ്ധ്യവര്‍ത്തി കൂടിയാണ്. ജനങ്ങള്‍ ലോകത്തു നടക്കുന്ന കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ കൂടിയാണ്. ലോകത്തിനും ജനങ്ങള്‍ക്കുമിടയിലുള്ള മദ്ധ്യവര്‍ത്തികളാണ് വാര്‍ത്താവിതരണ സംപ്രേക്ഷണ സ്ഥാപനങ്ങള്‍ എന്ന് അതുകൊണ്ടാണ് വിളിക്കപ്പെടുന്നത്. അത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ ജനങ്ങള്‍ക്ക് വസ്തുനിഷ്ഠമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top