Flash News

കൊറോണ വൈറസ് അമേരിക്ക സൃഷ്ടിച്ചെടുത്ത ജൈവായുധമാണെന്ന് ഇറാന്‍

March 24, 2020

khomeniമാലോകരെ കൊന്നൊടുക്കുന്ന കൊറോണ വൈറസ് അഥവാ ‘കൊവിഡ്-19’ ചൈനയില്‍ നിന്നല്ല പടര്‍ന്നത് മറിച്ച് അത് അമേരിക്ക ഉണ്ടാക്കിയെടുത്ത ജൈവായുധമാണെന്ന് ഇറാന്‍ പരമോന്നത് നേതാവ് അയാത്തൊള്ള അലി ഖൊമൈനി. ഈ വൈറസ് ഇറാനു നേരെ പ്രയോഗിക്കാന്‍ യു എസ് പ്രത്യേകം സൃഷ്ടിച്ചതാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കന്‍ ഗൂഢാലോചനയുടെ ഫലമാണ് കൊവിഡ് മഹാമാരിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആരോപിച്ചതിന് പിന്നാലെയാണ് ഇറാന്‍ പരോമന്നത നേതാവിന്റെയും പ്രതികരണം.

ചൈനയ്ക്ക് പുറത്ത് വൈറസ് ബാധ അതിവേഗം പടര്‍ന്ന് പിടിച്ച രാജ്യങ്ങളാണ് ഇറ്റലിയും ഇറാനും. ഇറ്റലിയ്ക്ക് സഹായഹസ്തവുമായി ലോകരാജ്യങ്ങളെത്തിയെങ്കിലും അമേരിക്കന്‍ ഉപരോധമുള്ളതിനാല്‍ ഇറാനെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. യുഎസ് ഉപരോധമുള്ളതിനാല്‍ കടുത്ത മരുന്ന് ക്ഷാമമാണ് ഇറാനില്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ ഇറാനിലെ കൊറോണ വൈറസ് ബാധിതരുടെ ദുരിതം ചിന്തയ്ക്കപ്പുറമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോകരാജ്യങ്ങളുടെ നേതാക്കള്‍ക്ക് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കത്തയച്ചിരുന്നു. യുഎസിനെ വിമര്‍ശിച്ചുകൊണ്ടും ലോകരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ളതായിരുന്നു കത്ത്.

” നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും ഇതിനൊരു അറുതി വേണം. ഇറാനിലെ കൊറോണ വൈറസ് ബാധിതരുടെ ദുരിതം വിവരിക്കാന്‍ സാധിക്കില്ല. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാന്‍ ജനതയോടുള്ള കൊടിയ അപരാധമാണ്.” ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് അയച്ച കത്തില്‍ ഇറാന്‍ പ്രസിഡന്റ് വിവരിക്കുന്നു.

എന്നാല്‍ ഇറാന്റെ പരമോന്നത നേതാവ് യുഎസിന്റെ സഹായം നിരസിച്ചിട്ടുണ്ട്. ”കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായം നല്‍കാമെന്ന് യുഎസ് പലതവണ ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. എന്നാല്‍ വൈറസിനെ സൃഷ്ടിച്ചത് യുഎസ് ആണെന്ന് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമര്‍ശം ഉയര്‍ത്തുന്നുണ്ട്. ഉപരോധം കൊണ്ട് ഞങ്ങളെ ശ്വാസം മുട്ടിച്ച, ഞങ്ങളുടെ ജീവരക്തത്തിനായി ദാഹിക്കുന്ന നിങ്ങള്‍, ഞങ്ങള്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്നത് വിചിത്രമാണ്. കൊറോണ വൈറസിനെ നേരിടുന്നതിന് ഇറാന് പരിമിതികളുണ്ട്. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന മരുന്ന് കൊറോണ വൈറസിനെ എക്കാലത്തും ഇറാനില്‍ പ്രതിഷ്ഠിക്കുന്നതാണെങ്കിലോ?-” ആയത്തുല്ല അലി ഖമനയി ചോദിക്കുന്നു.

കൊറോണ വൈറസിന്റെ ഉപജ്ഞാതാവ് ആരെന്ന കാര്യത്തില്‍ യുഎസും ചൈനയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കൊറോണ വൈറസ് ” ചൈനീസ് വൈറസ്” ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ”വുഹാന്‍ വൈറസ്” ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ആരോപിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല, യുഎസില്‍ നിന്നാണെന്നായിരുന്നു ചൈനയുടെ വാദം. യുഎസ് സൈന്യം ആയിരിക്കാം വുഹാനിലേക്ക് വൈറസിനെ കൊണ്ടുവന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് സാവോ ലിജിയന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആയത്തുല്ല അലി ഖമനയിയുടെ പ്രസ്താവന.

ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് 1812 പേരാണ് ഇതുവരെ മരിച്ചത്. തിങ്കളാഴ്ച മാത്രം 17 പേര്‍ മരിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനം തയ്യാറാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top