സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം എട്ട്) : ഇന്ത്യയുടെ ‘ബിസ്മാര്‍ക്ക്’

adhyamam 8 bannerഓട്ടോവോന്‍ ബിസ്മാര്‍ക് ജര്‍മ്മനിയിലെ ഭരണകര്‍ത്താവായിരുന്നു(1815-1898) ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ജര്‍മ്മനിയുടെ ഏകോപനം നടന്നത്. പ്രിന്‍സ് ഓട്ടോ എഡ്വര്‍ഡ് ലിയോപോള്‍ഡ് വോന്‍ ബിസ്മാര്‍ക്കിനെ ദേശിയ നേതാക്കള്‍ക്ക് മാതൃകയായി ചരിത്രം രേഖപ്പെടുത്തുന്നു. ദേശീയ, രാജ്യാന്തര തലങ്ങളില്‍ ബഹുമതി പിടിച്ചു പറ്റിയ വ്യക്തികളെ അദ്ദേഹത്തോട് ഉപമിക്കാറുണ്ട്. ജര്‍മ്മനിക്ക് അദ്ദേഹം അയണ്‍ ചാന്‍സലര്‍(ഉരുക്കു ചാന്‍സലര്‍) ആയിരുന്നു. വിദേശരാജ്യക്കാര്‍ പലപ്പോഴും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇന്ത്യയുടെ ‘ബിസ്മാര്‍ക്’ എന്നു വിശേഷിപ്പിക്കാറുണ്ട്.

അറുനൂറോളം വരുന്ന അര്‍ധ സ്വാതന്ത്ര പ്രവിശ്യകള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്ത് ഇന്ത്യയെന്ന മഹാരാജ്യം കെട്ടിപ്പടുത്ത ഉരുക്കു മനുഷ്യനായിരുന്നു സര്‍ദാര്‍ പട്ടേല്‍. തമ്മില്‍ കലഹിച്ചും വെട്ടിപ്പിടിച്ചും ഒപ്പം ബ്രിട്ടീഷുകാരെ എതിര്‍ത്തും, ഒപ്പം ചിലര്‍ നാട്ടിലെ എതിരാളികളെ ഒതുക്കാന്‍ വിദേശ ശക്തിയെ കൂട്ടുപിടിച്ചും പോന്നൊരു കാലത്തിലൂടെ കടന്നാണ് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായത്.

WRITING-PHOTO-reducedആഭ്യന്തരം എന്ന വിശാല വകുപ്പിനൊപ്പം സംസ്ഥാനങ്ങളുടെ ചുമതലയും പട്ടേലിനെ ഏല്പിച്ചപ്പോള്‍ പ്രധാനമന്ത്രി നെഹ്റുവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഇന്ത്യന്‍ യൂണിയന്‍ എന്ന ഐക്യഭാരത മുന്നില്‍ കണ്ടിരുന്നു എന്നു വ്യക്തം. പട്ടേല്‍ ലക്ഷ്യം നേടുകതന്നെ ചെയ്തു. കാര്യമായ രക്തച്ചൊരിച്ചില്‍ ഉണ്ടായില്ല. ആയുധം എടുക്കേണ്ടപ്പോള്‍ എടുക്കാനും പട്ടാളത്തെ ഇറക്കേണ്ടടത്ത് ഇറക്കാനും അദ്ദേഹം മടിച്ചില്ല.

ഓരോ പ്രവിശ്യയെക്കുറിച്ചും അവിടുത്തെ ഭരണകര്‍ത്താക്കളുടെ പ്രത്യേകതയും പട്ടേല്‍ പഠിച്ചിരുന്നു. അതനുസരിച്ചാണ് ചരടുവലിച്ചത്. എന്നിട്ടും അദ്ദേഹം എങ്ങനെ ദക്ഷിണേന്ത്യയില്‍ അധികം പ്രശസ്തനാകാതെ പോയി എന്നത് അദ്ഭുതപ്പെടുത്തുന്നു.

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്‍റെ ശില്പിയും അദ്ദേഹമാണ്. ‘പ്രോപ്പര്‍ട്ടി റൈറ്റ്, ഫ്രീ എന്‍റര്‍പ്രൈസ്’ എന്ന സിദ്ധാന്തത്തില്‍ ഊന്നി ഇന്ത്യയ്ക്ക് ആധുനിക അഖിലേന്ത്യാ സര്‍വീസ് വേണമെന്നു പട്ടേല്‍ മനസ്സിലാക്കി. മൂന്നു വര്‍ഷമേ ഭരിക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും അതിനിടയില്‍ അദ്ദേഹം അതും സാധ്യമാക്കിയിരുന്നു. അതുകൊണ്ടാണ് സിവില്‍ സര്‍വ്വീസ് വൃത്തങ്ങളില്‍ സര്‍ദാര്‍ പട്ടേല്‍ വിശുദ്ധ രക്ഷാധികാരി ആയത്. ഐ.എ.എസ്, ഐ.പി.എസുകാര്‍ പട്ടേലിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഹൈദരാബാദിലെ പോലീസ് അക്കാദമി പട്ടേലിന്‍റെ പേരിലാണ് അറിയപ്പെടുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പട്ടേലിന്‍റെ അന്ത്യം. 75 വയസ് ഒരു രാഷ്ട്ര നേതാവിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അല്ല. അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കേണ്ടതായിരുന്നു എന്ന് ആഗ്രഹിച്ചുപോകുന്നു. ഒരു പക്ഷെ സ്വതന്ത്ര ഭാരതത്തിനായി അദ്ദേഹം മനസ്സില്‍ കുറിച്ച എത്രയത്ര പദ്ധതികള്‍ ബാക്കിവെച്ചാകും സര്‍ദാര്‍ പട്ടേല്‍ യാത്രയായത്.

അദ്ദേഹത്തിന്‍റെ പ്രതിമ ഒരുക്കിയപ്പോള്‍ മുന്നോട്ടു ചുവടുവയ്ക്കുന്ന പട്ടേലിനെ മനസ്സില്‍ കണ്ട ശില്പിയെ അഭിനന്ദിച്ചേ മതിയാകു. മുന്നോട്ട് ഒട്ടേറേ ചുവടുകള്‍ ബാക്കിയുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞ് അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.

ഉയരംകൊണ്ട് ലോക ശ്രദ്ധപിടിച്ചു പറ്റിയ പ്രതിമ ഉയരുംമുമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഓര്‍ക്കാന്‍ ഒരു ദേശീയ മ്യൂസിയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പട്ടേലിന്‍റെ കുടുംബാങ്ങള്‍ പൊതുരംഗത്തു നിന്നു അകല്‍ച്ച പ്രാപിച്ചതായിരിക്കാം അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സ്വതന്ത്രഭാരത ജനതയ്ക്ക് കഴിയാതെ പോയത്.

പട്ടേല്‍ പൈതൃകത്തിന്‍റെ പേരില്‍ നേട്ടങ്ങളൊന്നും വേണ്ട എന്ന ചിന്തയാണ് ആ കുടുംബത്തെ ഇതര നേതാക്കളുടെ കുടുംബാങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അതു നല്ലതു തന്നെ. പക്ഷെ സര്‍ദാര്‍ പട്ടേല്‍ എന്ന വലിയ മനുഷ്യനെ കുറിച്ച് പുതുതലമുറയ്ക്കായി അറിയാന്‍ വേണ്ടതൊക്കെ പകര്‍ന്നു നല്‍കുവാന്‍ കുടുംബാംഗങ്ങള്‍ക്കു കഴിയണം.

‘ഐക്യ പ്രതിമ’യുടെ ഉദ്ഘാടനത്തിനു മുമ്പ് പട്ടേല്‍ കുടുംബത്തെ തിരക്കാന്‍ നമ്മുടെ മാധ്യമങ്ങളും ശ്രമിച്ചില്ല എന്ന കാര്യവും മറക്കരുത്. പക്ഷെ കൊച്ചുമക്കളില്‍ ചിലരെയെങ്കിലും കണ്ടെത്തിയ സ്ഥിതിക്ക് കൂടുതല്‍ അന്വേഷണം ആകാം.

Print Friendly, PDF & Email

Related News

Leave a Comment