Flash News

കൊവിഡ്-19: കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍; പിന്തുണയുമായി സീറോ മലബാര്‍ രൂപത

March 28, 2020 , അനില്‍ മറ്റത്തികുന്നേല്‍

getPhoto (1)ചിക്കാഗോ: ചിക്കാഗോ മലയാളികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മക്ക് പിന്തുണയുമായി ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്. കോവിഡ് 19 നെ പ്രതിരോധിക്കുവാന്‍ വേണ്ടി ചിക്കാഗോ മലയാളികള്‍ മത-രാഷ്ട്രീയ-സംഘടനാ വിത്യാസമില്ലാതെ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പ്രതിസന്ധികളില്‍ തളരാത്ത മലയാളി സമൂഹത്തിന്റെ ഹൃദയ വിശാലതയുടെ ഉത്തമ ഉദാഹരണമാണ് എന്ന് അദ്ദേഹം അറിയിച്ചു. ഈ മുന്നേറ്റത്തില്‍ പങ്കാളിയായികൊണ്ട് ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന് കൈത്താങ്ങാകുവാന്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത തങ്ങേളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം കൂടെയുണ്ടാവും എന്ന് അദ്ദേഹം അറിയിച്ചു. ഓരോ ദിവസവും പുറത്തുവരുന്ന ഭീതിയുണര്‍ത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍കൊണ്ട് ഭീതിക്കും ഭയത്തിനും വഴിമാറാതെ പ്രാര്‍ത്ഥനയിലും ശ്രദ്ധാപൂര്‍വ്വമുള്ള ജീവിത നവീകരണത്തിലുമുള്ള ഒരു മുന്നേറ്റത്തിന് ഈ കാലഘട്ടം സഹായിക്കുമാറാകട്ടെ എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ അമേരിക്കയിലുള്ള എല്ലാ പള്ളികളിലെയും വൈദീകരുടെ സേവനം, കോവിഡ് 19 മൂലം വേദനയനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട് എന്നും, oscial distancing ന്റെ ഭാഗമായി ദൈവാലയങ്ങളിലുള്ള പൊതു ആധ്യാത്മിക പരിപാടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് എങ്കിലും , തത്സമയ സംപ്രേക്ഷണങ്ങള്‍ വഴി ജനങ്ങള്‍ക്ക് ആധ്യാത്മിക പിന്തുണ നല്‍കുവാനുള്ള സജ്ജീകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന ഉദ്യമത്തിന്റെ ഭാഗമായി കൗണ്‍സലിംഗ് പോലുള്ള സഹായങ്ങള്‍ക്കായി ചിക്കാഗോയിലെ എല്ലാ വൈദീകരും ലഭ്യമായിരിക്കും.

ചിക്കാഗോ പ്രദേശത്തെ ആറു റീജിയണുകളായി തിരിച്ചുകൊണ്ട്, സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി എന്നിവരുടെ ഏകോപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികളിലൂടെ മുന്നോട്ട് നീങ്ങുന്നു. മലയാളി സമൂഹത്തിലെ പലരും ഇതിനകം തന്നെ കോവിഡ് ബാധിതരായി തീര്‍ന്നിരിക്കുന്ന അവസരത്തില്‍ 1 833 3KERALA (1 833 353 7252) എന്ന ടോള്‍ ഫ്രീ നമ്പര്‍ മലയാളി സമൂഹത്തിന് സഹായ ഹസ്തമായി മാറിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം മൂവ്വായിരത്തിലധകം ആയിരിക്കുന്ന ഇല്ലിനോയി സംസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി Stay at Home ഓര്‍ഡര്‍ വഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തു പോകത്തക്ക വിധത്തില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മലയാളി കുടുംബങ്ങള്‍ ഒറ്റപെട്ട പോകുവാനുള്ള സാഹചര്യം മുന്നില്‍ കണ്ടു കൊണ്ടാണ് ‘കൈകോര്‍ത്ത്’ എന്ന സാമൂഹ്യ സഹായ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.

കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ആശുപത്രികളുടെയും മെഡിക്കല്‍ ടീമുകളുടെയും സേവനം പരിമിതവുമാകുമ്പോള്‍ മലയാളി സമൂഹത്തിന് എമര്‍ജന്‍സി മെഡിക്കല്‍ സൗകര്യം ഒഴിച്ച് മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാക്കത്തക്ക രീതിയിലുള്ള ഡോകര്‍മാരും നേഴ്‌സ് പ്രാക്ടീഷണര്മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള സുസജ്ജമായ മെഡിക്കല്‍ ടീമിനെ ഉള്‍പ്പെടെ അണിനിരത്തിക്കൊണ്ടാണ് ‘ കൈകോര്‍ത്ത്’ പ്രവര്‍ത്തിക്കുന്നത്.

മെഡിക്കല്‍ ടീമിന്റെ ഏകോപനം നിര്‍വ്വഹിക്കുന്നത് മറിയാമ്മ പിള്ള, ബ്രിജറ്റ് ജോര്‍ജ്ജ്, ജോര്‍ജ് നെല്ലാമറ്റം, സ്‌കറിയാകുട്ടി തോമസ് എന്നിവരാണ്. മെഡിക്കല്‍ ടീമിന് പുറമെ സമൂഹത്തിലെ പ്രായമായവര്‍ക്ക് വേണ്ടി സീനിയര്‍ സിറ്റിസണ്‍ കമ്മറ്റി ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അത്യാവശ്യ യാത്ര സംവിധാനങ്ങളും കൗണ്‍സലേറ്റ് സാമ്‌നനായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് വേണ്ടി ട്രാവല്‍ & കോണ്‍സുലേറ്റ് അഫയേഴ്സ് കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത് ജോണ്‍ പാട്ടപ്പാതി ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ് എന്നിവരാണ്. ഭക്ഷണ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുന്ന പക്ഷം ചിക്കാഗോ പ്രദേശത്തെ ഇന്ത്യന്‍ ഗ്രോസറി കടകളെ ബന്ധിപ്പിച്ചുകൊണ്ട്, മലയാളി സമൂഹത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ കൈമാറാനും, സഹായം വേണ്ടിടത്ത് അത് എത്തിക്കുവാനും വേണ്ടി ഫുഡ് കമ്മറ്റി ജോണി വടക്കുംചേരി, സണ്ണി വള്ളികുളം എന്നിവര്‍ നയിച്ചുകൊണ്ടിരിക്കുന്നു. അവശ്യ സാധങ്ങളുടെ ദൗര്‍ലഭ്യം മനസ്സിലാക്കി മലയാളി സമൂഹത്തെ സഹായിക്കുവാന്‍ വേണ്ടി സപ്ലൈ & സ്റ്റോക്ക് മോണിറ്ററിങ് കമ്മറ്റിക്ക് സ്‌കറിയാക്കുട്ടി തോമസാണ് നേതൃത്വം നല്‍കി വരുന്നത്. മേഴ്സി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കൗണ്‌സലിങ്ങ് & സോഷ്യല്‍ ഹെല്‍ത്ത് കമ്മറ്റിയും പ്രവര്‍ത്തനം തുടങ്ങി. ഹെല്‍പ്പ് ലൈന്‍ കൂടാതെ സമൂഹ മാധ്യങ്ങങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ പ്രശനങ്ങള്‍ മനസ്സിലാക്കുവാനും സഹായം ആവശ്യമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി അരുണ്‍ നെല്ലാമറ്റം, നിഷാ എറിക്ക് എന്നിവരുടെ നേതൃത്വത്തില്‍ IT സെല്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് നല്‍കി കൊണ്ടിരിക്കുന്നത്. സാബു നെടുവീട്ടില്‍, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ റീജണല്‍ കോര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ മുന്നേറ്റത്തിന്റെ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, റവ. ഫാ. ഹാം ജോസഫ്, മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഭീതിയും ഭയവും ഒഴിവാക്കി , സംയമനവും വിവേകവും കൈമുതലാക്കികൊണ്ട് ഉത്തരവാദിത്വത്തോടെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ മഹാമാരിയില്‍ തളരാതെ ഒരു സമൂഹമായി നിലനില്‍ക്കുവാന്‍ സാധിക്കും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് 150 ഓളം വരുന്ന വോളന്റിയേഴ്സ് ഒരുമിക്കുന്നത് എന്ന് പബ്ലിസിറ്റി കമ്മറ്റിക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ അറിയിച്ചു. ഹെല്‍പ്പ് ലൈനിലേക്ക് വരുന്ന ഓരോ കോളുകള്‍ക്കും , വിളിക്കുന്നവരുടെ സ്വകാര്യത പരിപൂര്‍ണ്ണമായും കാത്തു സൂക്ഷിച്ചുകൊണ്ട്, യാതൊരു വിധ വ്യക്തി താല്പര്യങ്ങളുമില്ലാതെ കൈത്താങ്ങാകുവാന്‍ പ്രതിജ്ഞാബദ്ധമായ ടീമിലേക്ക് എത്തിയിരിക്കുന്ന എല്ലാ വോളന്റിയഴ്സിനും നന്ദി അറിയിക്കുന്നതായി, കമ്മറ്റികള്‍ക്ക് വേണ്ടി അദ്ദേഹം അറിയിച്ചു. ഹെല്‍പ്പ് ലൈനിലേക്കോ കമ്മറ്റി അംഗങ്ങളെ നേരിട്ടോ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1 833 353 7252


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top