- Malayalam Daily News - https://www.malayalamdailynews.com -

എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക: യശയ്യാവ്‌ 26:20

ente janame bannerനോഹയ്‌ക്കും കുടുംബത്തിനും പ്രളയത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി വലിയ ഒരു പെട്ടകം ഉണ്ടാക്കുവാന്‍ യഹോവ നോഹയോടു കല്‍പ്പിച്ചു. യഹോവ പറഞ്ഞ രീതിയില്‍ത്തന്നെ അവര്‍ ആ പെട്ടകം ഉണ്ടാക്കി. പ്രളയം വരുമെന്ന കാര്യം ആ സമയത്തെല്ലാം നോഹ ജനങ്ങളോടു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ മറ്റ് കാര്യങ്ങളില്‍ മുഴുകിയിരുന്ന ജനം അത് ശ്രദ്ധിച്ചില്ല. അവസാനം പെട്ടകത്തില്‍ കയറുവാനുള്ള സമയമായി. ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നതുവരെ അവര്‍ നോഹയുടെ ശബ്ദം ഗൗനിച്ചില്ല. വി.മത്തായി 24:37-39.-ല്‍ യേശുക്രിസ്തു നോഹയുടെ നാളുകളില്‍ മരിച്ചവരെക്കുറിച്ച്‌ പറയുന്നുണ്ട്.. ആ കാലത്ത്‌ ഒരു പ്രളയജലം മുഴുഭൂമിയേയും മൂടി.— പെട്ടകത്തില്‍ കയറി രക്ഷപെടാന്‍ യഹോവ ജനത്തിന് ഒരു അവസരം കൊടുത്തു. യഹോവ നോഹയോടു പ്രസംഗിക്കാന്‍ പറഞ്ഞു. അതുകൊണ്ട്‌ പെട്ടകം പണിയപ്പെട്ടുകൊണ്ടിരുന്ന വര്‍ഷങ്ങളിലെല്ലാം നോഹ ആസന്നമായ ജലപ്രളയത്തെക്കുറിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു. പ്രളയം വരുമെന്ന്‌ അപ്പോഴും ജനം വിശ്വസിച്ചില്ല. നോഹ പറഞ്ഞതു ശരിയായിരുന്നു. “ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോയി.” അവര്‍ ഒരു വലിയ കുന്നില്‍ കയറിയാല്‍ പോലും അതു പ്രയോജനപ്പെടുമായിരുന്നില്ല. കാരണം—യേശു പറഞ്ഞതുപോലെ “അവര്‍ ശ്രദ്ധിച്ചില്ല”. ലോകമെങ്ങും “കൊറോണവൈറസ്” എന്ന അദൃശ്യശത്രു നമ്മെ കീഴടക്കുവാനായി വലവിരിച്ചു കഴിഞ്ഞു. നമ്മുടെ ഭവനം ഒരു പെട്ടകമാക്കി മാറ്റി അതില്‍ തന്നെ ഏതാനും ദിവസങ്ങള്‍ കഴിച്ചുകൂട്ടുവാനാണ് സര്‍വ്വശക്തനായ ദൈവം ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരികളിലൂടെ തന്റെ ജനത്തോട് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അനുസരിക്കാം…!!!നിരാകരിക്കാം…!!!

കൊറോണ വൈറസ്

രംഗബോധമില്ലാത്ത കോമാളിയായി കടന്നുവരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനു മനസിലാക്കുവാന്‍ കഴിയാതെ പോയ കോമാളി. തിരിച്ചറിയാനാവാത്ത അത്ഭുതം. എപ്പോള്‍…? എങ്ങനെ….? എവിടെ നിന്ന്….? ആരിലൂടെ….? ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത പ്രതിഭാസം… നാം ഭയക്കുന്നില്ല എന്ന് പറയുമ്പോഴും…. അതെങ്ങനെ സംഭവിക്കും എന്നുള്ള ഒരു ആകാംക്ഷ നമ്മെ ഗ്രസിച്ചിരിക്കുന്നു… അതാണ്‌ സത്യം… അത് ആരെയും കാത്തു നില്‍ക്കുന്നില്ല…. എല്ലാവരും അവനെ കാത്തു നില്‍ക്കുന്നു… ലോകം മുഴുവന്‍ അതിഭീകരമായ മരണ ഭീതിയിലൂടെ കടന്നുപോകുമ്പോള്‍ രാഷ്ട്ര നേതാക്കന്മാര്‍ വ്യക്തമായ അറിയിപ്പുകളും, നിദ്ദേശങ്ങളും, സൂചനകളും തന്നിട്ടും എത്ര നിസ്സാരമായിട്ടാണ് നാം അതിനെ നിസ്സാരവല്‍ക്കരിക്കുന്നത്. കാലിഫോര്‍ണിയായിലെയും, ന്യൂയോര്‍ക്കിലെയും, ന്യൂജേഴ്സിയിലെയും തയ്യാറെടുപ്പുകളും മുന്നറിയിപ്പുകളും അതിന്റെ സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നു. “സാഹസികത” ആവാം… പക്ഷേ അത് ഒരു സമൂഹത്തെ, അല്ല, ഒരു രാജ്യത്തെ തന്നെ ഭീതിയിലേക്ക് തള്ളിവിടുന്ന “ആരാച്ചാര്‍” ആകുവാന്‍ ഇടയാകരുത്.

“തന്നെ ശ്രദ്ധിച്ച ആളുകളെ യഹോവ രക്ഷിച്ചു. ഉല്പത്തി 6:5–7:24.

ആരാധനകളും അനുഷ്ഠാനങ്ങളും നിര്‍ബന്ധിതവും സമയബന്ധിതവുമാണെങ്കിലും അവയുടെ അടിസ്ഥാനപരമായ ലക്ഷ്യം മനുഷ്യനന്മയാണ്. അത് മറന്നുകൊണ്ട് കേവലം ചടങ്ങുകളായി മാറ്റുവാന്‍ ഇടയാകരുത്. രോഗങ്ങള്‍ വരാതിരിക്കുന്നതിനും രോഗസൗഖ്യത്തിനും നാം അടിയന്തിര ശ്രദ്ധ നല്‍കേണ്ട സമയമാണിത്.

അറകളില്‍ കടന്നു വാതിലുകളെ അടയ്ക്ക യെശയാവു 26 :20.

എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക. പാപികളുടെ അനുതാപത്തില്‍ പ്രീതിയോടെ സന്തോഷിക്കുന്ന സര്‍വ്വ ശക്തനായ ദൈവം തമ്പുരാനെ! ഞങ്ങള്‍ പാപം ചെയ്തു പോയതുകൊണ്ട് നീ ഞങ്ങളെ ഞെരുക്കുകയും ശിക്ഷിക്കുകയും ഈ കഠിന രോഗത്തില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതേ എന്നും ക്രോധത്തിന്റെയും ശിക്ഷയുടെയും കാലത്തില്‍ ഞങ്ങളുടെ നേരെ നിന്റെ കരുണയുടെ വാതില്‍ അടച്ചു കളയരുതേ എന്നും മുട്ടിപ്പായി പ്രാര്‍ഥിക്കുവാനുള്ള സമയമാണിത്..

നെഹെമ്യാവിന്റെ രഹസ്യ പ്രാര്‍ഥന

പേര്‍ഷ്യന്‍ രാജാവായ അര്‍ത്ഥഹ്‌ശഷ്ടാവിന്റെ കൊട്ടാരത്തിലെ ജോലിക്കാരനായിരുന്നു നെഹെമ്യാവ്‌. നെഹെമ്യാവ്‌ ഒരു വാര്‍ത്ത കേട്ടു. നെഹെമ്യാവിന്റെ ആളുകള്‍ താമസിച്ചിരുന്ന യെരുശലേം നഗരത്തിന്റെ മതിലുകള്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു! അതു കേട്ടപ്പോള്‍ നെഹെമ്യാവിന്‌ വലിയ വിഷമമായി. വിഷമത്തിനു കാരണം എന്താണെന്ന്‌ രാജാവ്‌ ചോദിച്ചപ്പോള്‍ നെഹെമ്യാവ്‌ മറുപടി പറയുന്നതിനുമുമ്പ്‌ മനസ്സില്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. എന്നിട്ട്‌, വിഷമത്തിനു കാരണം രാജാവിനെ ബോധിപ്പിച്ചു. യെരുശലേമിന്റെ മതിലുകള്‍ പുതുക്കിപ്പണിയാന്‍ അവിടേക്ക്‌ പോകാന്‍ അനുവാദം ചോദിക്കുകയും ചെയ്‌തു. ദൈവം നെഹെമ്യാവിന്റെ പ്രാര്‍ഥന കേട്ടു. രാജാവ്‌ അവനെ പോകാന്‍ അനുവദിച്ചു. മതിലിന്റെയും മറ്റും പണിക്കായി കുറെ തടികളും കൊടുത്തയച്ചു. മനസ്സില്‍ പ്രാർഥിച്ചാല്‍പ്പോലും ദൈവം ഉത്തരം തരും—നെഹെമ്യാവു 1:2, 3; 2:4-8.

ഭവനത്തിനുള്ളില്‍ തന്നെ കഴിയണം

ഭവനത്തിലെ അംഗങ്ങള്‍ തമ്മിലും സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, പാടുമ്പോഴുമെല്ലാം പുറത്തേക്കുവരുന്ന സ്രവം മൂലം ഈ വൈറസ് പകരുവാനുള്ള സാധ്യത ഏറെയാണ്. സംസാരിക്കുമ്പോള്‍ മൂന്നടി അകലം വരെ അണുക്കള്‍ പകരുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതുകൊണ്ടാണ് കുറഞ്ഞത് ആറടി അകലം പാലിക്കണം എന്ന് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. കഴിവതും ഇക്കാലയളവില്‍ “വീട്ടിനുള്ളില്‍ തന്നെ കഴിയണം” എന്ന് പറയുന്നതിന്റെ കാരണവും ഇതാണ്. ആരൊക്കെയാണ് ഇതിന്റെ മൊത്ത വിതരണക്കാര്‍ എന്ന് ആര്‍ക്കും പ്രവചിക്കുവാന്‍ സാധ്യമല്ല. പത്ത്ആള്‍ വരെ കൂടുന്നതിന് വിലക്കില്ല എന്ന പഴുത് ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ കൂട്ടിവരുത്തുന്നതും അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു വിലക്ക് എന്നത് നാം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. പിന്നീട് സര്‍ക്കാര്‍ അങ്ങനെ അനുവദിച്ചത് കൊണ്ടാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത് എന്ന് വേണമെങ്കില്‍ പറഞ്ഞൊഴിയാം. വീണത് വിദ്യയാക്കുവാന്‍ ശ്രമിക്കുന്നത് അപകടമാണ്. കഴിഞ്ഞ രണ്ടാഴ്ചകള്‍ നാം കാര്യമായി എടുക്കാഞ്ഞതിന്റെ തിക്തഫലമാണ് ഇനി നാം നേരിടുവാന്‍ പോകുന്നത്. അതിന്റെ ഭീകരാവസ്ഥ നമ്മുടെ ഒക്കെ ചിന്തക്കപ്പുറമാണ് എന്നാണ് സൂചനകള്‍. വരും ദിനങ്ങള്‍ അതിസൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതിന് പകരം നിസ്സാരമായി കാണുന്നത് മൂലം ഒരു സമൂഹം മുഴുവന്‍ വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോള്‍ ഇറ്റലിയില്‍ കാണുന്നത് അതാണ്. നിന്റെ രക്ഷക്കുള്ള മാര്‍ഗം ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍ ……!!!

രഹസ്യ പ്രാര്‍ഥനയുടെ സമയമായി നമുക്ക് വരും ദിവസങ്ങള്‍ മാറ്റാം.

യേശു ക്രിസ്തു വേറിട്ട് മാറി പ്രാര്‍ഥിക്കാനായി തനിയെ ഒരു മലയിലേക്കു പോയി. നേരം വളരെ വൈകിയിട്ടും അവന്‍ അവിടെ തനിച്ചിരുന്നു പ്രാര്‍ഥിച്ചു’ വി.മത്തായി 14:23. നീയോ, പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്നു വാതിലടച്ച്‌ സ്വര്‍ഗത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക.’ (വി മത്തായി 6:6) രഹസ്യത്തില്‍ മനസ്സില്‍ പ്രാർഥിച്ചാല്‍ ദൈവം കേള്‍ക്കും. ഓര്‍ത്തോഡോക്സ് സഭയുടെ വി ആരാധനയില്‍ രഹസ്യ പ്രാര്‍ഥനയുടെ നീണ്ട നിരതന്നെയുണ്ട്.

സാംക്രമിക രോഗങ്ങളുടെ കാലത്ത് നടത്താനുള്ള പ്രത്യേക പ്രാര്‍ത്ഥന. (പാമ്പാക്കുട നമസ്കാരത്തില്‍ നിന്നും)
പാപികളുടെ അനുതാപത്തില്‍ പ്രീതിയോടെ സന്തോഷിക്കുന്ന ഞങ്ങളുടെ ദൈവം തമ്പുരാനെ! ഞങ്ങള്‍ പാപം ചെയ്തു പോയതുകൊണ്ട് നീ ഞങ്ങളെ ഞെരുക്കുകയും ശിക്ഷിക്കുകയും അരുതേ. ദൈവമാതാവായ വിശുദ്ധകന്യക മറിയമിനെ പ്രതിയും, നിബിയെന്‍മാരെ പ്രതിയും ശ്ലീഹന്‍മാരെ പ്രതിയും സഹദേന്‍മാരെ പ്രതിയും സര്‍വശിക്ഷകളെയും ഞങ്ങളില്‍ നിന്ന് വിരോധിച്ച് നീക്കണമെ. കര്‍ത്താവേ! ഈ കഠിന രോഗത്തില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതേ. നീ കരുണയുള്ള ദൈവം ആകുന്നു എന്ന് കല്‍പ്പിച്ചിരിക്കുന്നത് കൊണ്ട് ക്രോധത്തിന്റെയും ശിക്ഷയുടെയും കാലത്തില്‍ ഞങ്ങളുടെ നേരെ നിന്റെ കരുണയുടെ വാതില്‍ അടച്ചു കളയരുത്. ഞങ്ങള്‍ പാപികള്‍ ആകുന്നു എന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. നിന്റെ കരുണയാല്‍ ഞങ്ങളെ ആശ്വസിപ്പിക്കണമേ. ദൈവമേ! കരുണയോടെ അല്ലാതെ കോപത്തോടെ നീ ഞങ്ങളെ ശിക്ഷിക്കരുതേ. രണ്ടാമത്തെ മരണത്തില്‍ നിന്ന് ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. ഞങ്ങളുടെ നമസ്കാരങ്ങള്‍ക്കും അപേക്ഷകള്‍ക്കും നിന്റെ കരുണയുടെ വാതില്‍ നീ തുറന്നു തരേണമേ. ഞങ്ങള്‍ അനുഭവിച്ചിട്ടുള്ള നിന്റെ തിരുശരീരവും, തിരുരക്തവും ഞങ്ങള്‍ക്ക് സഹായമായി ഭവിക്കേണമേ. ജയമുള്ള ആയുധമാകുന്ന നിന്റെ സ്ലീബാ രോഗപീഡ അനുഭവിക്കുന്ന എല്ലാവര്‍ക്കും രക്ഷ ആയിരിക്കേണമേ. നല്ല ഇടയനായ കര്‍ത്താവേ! ഞങ്ങളുടെ ആവലാതികളെ കേള്‍ക്കേണമേ. ഞങ്ങള്‍ സങ്കടത്തോടെ നിന്റെ അടുക്കല്‍ നിലവിളിക്കുന്നത് കൊണ്ട് ഞങ്ങളുടെ പാപങ്ങള്‍ക്ക് മോചനം നല്‍കണമേ. മനോഗുണവാനേ! നിന്റെ അടുക്കല്‍ അല്ലാതെ ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകേണ്ടൂ. നിന്നെയല്ലാതെ ആരെ ഞങ്ങള്‍ വന്ദിക്കേണ്ടൂ. അപേക്ഷിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വന്ദിക്കുവാനും നീ അല്ലാതെ ആരും ഞങ്ങള്‍ക്കില്ല. ആയതുകൊണ്ട് കര്‍ത്താവേ നീ നിന്റെ ത്രക്കൈകള്‍ നീട്ടി ഞങ്ങളെ വാഴ്തേണമേ. തിരുവുള്ളം കൊണ്ട് ഇല്ലായ്മയില്‍ നിന്ന് ഞങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ ദൈവമേ, തിരുവുള്ളക്കേട് കൊണ്ട് ഞങ്ങളെ നീ നശിപ്പിച്ചു കളയരുതേ. ഞങ്ങളുടെ നേരെ നീ കോപിക്കാതെ ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളുടെ അനീതികള്‍ നിമിത്തം ഉണ്ടായിട്ടുള്ള ഈ ശിക്ഷയെ ഞങ്ങളില്‍ നിന്ന് നീ നിരോധിക്കേണമേ. ഉഗ്ര കോപത്തില്‍ നിന്ന് നീ ശാന്തതപ്പെടെണമെ. നിന്നെ ഞങ്ങള്‍ കോപിപ്പിച്ചു എങ്കിലും നിന്നില്‍ ഞങ്ങള്‍ അഭയം പ്രാപിക്കുന്നതിനാല്‍ നീ ഞങ്ങളൊട് നിരപ്പാകണമെ. നീ ഞങ്ങള്‍ക്ക് അനുതാപത്തീന്റെ ഹൃദയവും കണ്ണുനീരുകളും തരേണമേ. നിന്റെ വിശുദ്ധ സ്ലീബായാല്‍ ഞങ്ങളെ രക്ഷിക്കണമേ. കാരുണ്യവാനും ദീര്‍ഘക്ഷമയും ഉള്ളവനായി കർത്താവേ! നിന്റെ തിരുരക്തത്താല്‍ നീ രക്ഷിച്ചിരിക്കുന്നു നിന്റെ ജനത്തൊട് നിനക്ക് മനസ്സലിവ് ഉണ്ടാകണമേ. വൃദ്ധന്മാരെയും യൗവനക്കാരെയും, കുഞ്ഞുങ്ങളെയും മരണം വിഴുങ്ങി കൊണ്ടിരിക്കുന്നു. ദൈവമേ നിന്റെ ജനത്തിന് കരച്ചിലുകളെയും വിലാപങ്ങളെയും നിലവിളികളെയും നീ കേള്‍ക്കേണമേ. കര്‍ത്താവേ നീ നിന്റെ തിരു കരങ്ങള്‍ നീട്ടി ഞങ്ങളെ സഹായിച്ചില്ലെങ്കില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു പോകുമല്ലോ. ഞങ്ങളുടെ പാപങ്ങൾ അസംഖ്യം എങ്കിലും നീ അല്ലാതെ ഞങ്ങൾക്ക് ആശ്രയവും രക്ഷയും വേറെ ഇല്ലാത്തതുകൊണ്ട് കരുണയോടെ ത്രിക്കണ്‍ പാര്‍ത്ത് ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളെയും ഞങ്ങള്‍ക്കുള്ള സകലത്തെയും നീ ക്രപയോടെ കാത്തുരക്ഷിക്കേണമേ. ഞങ്ങളെല്ലാവരും നന്ദിയുള്ള ഹൃദയത്തോടെ നിന്നെയും, നിന്റെ പിതാവിനെയും, ജീവനുള്ള നിന്റെ പരിശുദ്ധ റൂഹായേയും ഇപ്പോഴും എല്ലാ സമയത്തും എന്നേക്കും സ്തുതിച്ച് സ്തോത്രം ചെയ്യുവാന്‍ കൃപയോടെ ഞങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യണമേ, ആമേന്‍.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]