ലോകത്ത് കൊവിഡ്-19 രോഗബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുത്തു. 190 ലേറെ രാജ്യങ്ങളിലായി 30,000ത്തിലേറെ ആളുകള്‍ ഇതുവരെ മരിച്ചു. ഇറ്റലിയില്‍ മരണം പതിനായിരം കടന്നു. സ്പെയിനില്‍ 5800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.
പാകിസ്ഥാനില്‍ പന്ത്രണ്ട് പേര് കൊവിഡ്-19 ബാധിച്ച് മരിച്ചു. ഇവിടെ ആകെ രോഗബാധിതര്‍ 1400 ആണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡും വിയറ്റ്നാമും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അമേരിക്കയില്‍ കൊവിഡ് മരണം 1700 ആയി. ഇവിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.
അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. എണ്‍പതിലേറെ രാജ്യങ്ങള്‍ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ട്. 2009ലെ മാന്ദ്യത്തേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടനയും അറിയിച്ചു.
ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. നിലവിലെ കണക്ക് പ്രകാരം 1029 രോഗികളാണ് ഇന്ത്യയിലുള്ളത്. 24 പേര് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം 143 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര വീണ്ടും മുന്നിലായി. 186 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 182 കേസുകളും. കര്‍ണാടക (81), തെലങ്കാന (67), ഉത്തര്‍പ്രദേശ് (65), ഗുജറാത്ത് (55), രാജസ്ഥാന് (54) എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ആദ്യമായി അര്‍ദ്ധസൈനിക സേനയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു. ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മുംബൈയില്‍ 7 മാസം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ ആകെ 90 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 25 പേര്‍ക്കും കേരളത്തില്‍ 17 പേര്‍ക്കും രോഗം സുഖപ്പെട്ടു.
ഒഡീഷയിലെ ജയിലുകളില്‍ തിരക്കൊഴിവാക്കാന്‍ തടവുപുള്ളികള്‍ക്ക് അതിവേഗം പരോള്‍ നല്‍കുകയാണ്. ഇന്നലെ മാത്രം 80 പേര്‍ക്ക് പരോള്‍ അനുവദിച്ചു. 1727 തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചേക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply