Flash News

വല്ലാത്തൊരു കൊറോണ

March 30, 2020 , ഡോ. നന്ദകുമാര്‍ ചാണയില്‍

Vallathoru Corona bannerപതിവു വാര്‍ത്താ സമ്മേളനത്തില്‍ നമ്മുടെ രസികന്‍ രാഷ്ട്രപതി കോവിഡ് -19 നെ ചൈനീസ് വൈറസ് എന്നു വിശേഷിപ്പിച്ചു. ട്രമ്പദ്ദേഹം വാ പൊളിക്കാന്‍ കാത്തിരിക്കുകയാണല്ലോ മാധ്യമ പ്രവര്‍ത്തകര്‍. അല്ലെങ്കിലോ സരസ്വതീ പ്രസാദത്തിന് പേരു കേട്ടവനാണദ്ദേഹം. പിന്നീട് ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചു…. “അങ്ങെന്തുകൊണ്ടാണ് കൊറോണ വൈറസ്സിനെ ഇങ്ങിനെ (വംശീയത കലര്‍ത്തി) സംസാരിക്കുന്നത്?” “ചൈനയില്‍ നിന്നാണ് ഈ വൈറസ് എല്ലായിടത്തും ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ” എന്ന് ഉരുളക്കുപ്പേരി പോലെ ട്രമ്പദ്ദേഹം സ്വന്തം പ്രതിരോധത്തിനെത്തി. അല്ലെങ്കിലും ഇതിലെന്തിരിക്കുന്നു? ഗുഹ്യരോഗങ്ങളെ പറങ്കിപ്പുണ്ണ് എന്ന പേരിലും കുറച്ചു മുമ്പ് കേരളത്തിലെ ജലാശയങ്ങളില്‍ പടര്‍ന്നു പിടിച്ച പായലിനെ ആഫ്രിക്കന്‍ പായലെന്നുമാണല്ലോ അറിയപ്പെട്ടിരുന്നത്. അങ്ങിനെ നോക്കുമ്പോള്‍ ട്രമ്പിയന്‍ വിശേഷണത്തില്‍ മുറുമുറുക്കാനെന്തിരിക്കുന്നു അല്ലെ!

ഈ മാരക രോഗത്തിന്റെ സംഹാരശക്തിയെക്കുറിച്ച് നാള്‍ക്കു നാള്‍ കേട്ടുകൊണ്ടിരിക്കയാണല്ലോ. ഈ വൈറസ് രാജ്യാതിര്‍ത്തികളെയോ വന്‍മതിലുകളെയോ (ചൈനയിലെ ലോകാത്ഭുതമായ വന്‍മതില്‍, ട്രമ്പിന്റെ മതിലുപണിക്കുള്ള അഭിനിവേശം) ഒന്നും കൂസുന്ന കൂട്ടത്തിലല്ല. ഇതിനകം 199 രാജ്യങ്ങളില്‍ (ടെറിറ്ററികളടക്കം) ഈ അണുബാധ വ്യാപിച്ചു കഴിഞ്ഞു. പുതിയ കണക്കനുസരിച്ച് ആഗോളാടിസ്ഥാനത്തില്‍ 559,165 പേരെ രോഗബാധിതരാക്കുകയും 25,354 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു കഴിഞ്ഞു. അമേരിക്കയിലേത് യാഥാക്രമം 86, 548 ഉം 1,347 ഉം ആണ്. ഈ സംഖ്യകള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അങ്ങിനെ സര്‍വ്വവ്യാപകമായി ഈ വൈറസ് തന്റെ താണ്ഡവമാടിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങളിലെ ഈ വൈറസ്സിന്റെ ചിത്രാവിഷ്‌ക്കാരം കാണുമ്പോള്‍ വര്‍ണ്ണാഭമായ ഒരു പൂക്കളത്തെ ഓര്‍മ്മിപ്പിക്കുമെങ്കിലും, കക്ഷി അത്ര ശുഭചിന്തകനൊന്നുമല്ലല്ലോ. കൊറോണ എന്നാല്‍ കിരീടം (ക്രൗണ്‍, പ്രഭാവലയം) എന്നൊക്കെ നാനാര്‍ത്ഥങ്ങളുണ്ടെങ്കിലും സംഹാര രുദ്രന്റെ കിരീടത്തിനര്‍ഹനാണ് ഇദ്ദേഹം. ഈ പുള്ളിക്ക് പാവപ്പെട്ടവനെന്നോ, പണ്ഡിതനെന്നോ, പാമരനെന്നോ, അരോഗദൃഢഗാത്രനെന്നോ, ഏതു മതത്തില്‍പ്പെട്ടവനെന്നോ ഉള്ള പക്ഷഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളെ ആക്രമിക്കാന്‍ സന്നദ്ധനായി പുറപ്പെട്ടിരിക്കുകയാണ്. അങ്ങിനെ നോക്കിയാല്‍ കൊറോണ വൈറസ് ഒരു സമത്വവാദിയായ പക്ക സോഷ്യലിസ്റ്റുതന്നെ.

മുന്‍കരുതലുകളാണ് മറ്റെന്തിനെക്കാളും ഈ സാംക്രമിക രോഗത്തിന്റെ വ്യാപനം തടയാന്‍ ഏറെ സഹായകം. ‘നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ എനിക്കും ഞാന്‍ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ‘ എന്നതാണ് ഇവന്റെ മുന്നറിയിപ്പ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് പഴമൊഴി. ഇവിടെ ഒരുവിധം ആളുകളും നിയമത്തേയും മുന്‍കരുതലുകളേയും മാനിക്കുന്നവരും അനുസരിക്കുന്നവരുമാണ്. നാട്ടിലെ സ്ഥിതി കുറച്ചു വ്യത്യസ്തമാണ്. ചില സ്ഥലങ്ങളില്‍ നിയമപാലകരും നിയമം ലംഘിക്കുന്ന താന്തോന്നികളുമായുള്ള അല്ലറ ചില്ലറ ഏറ്റുമുട്ടലുകളും ഉണ്ടെന്നുകേള്‍ക്കുന്നു.

കോളറ, പ്ലേഗ്, ടി.ബി., മലേറിയ, ഇബോള, സിക്ക, വെളളപ്പൊക്കം, ഭൂകമ്പം എന്നിവയെ ഒക്കെ നേരിട്ട മനുഷ്യരാശിക്ക് ഈ മര്‍ത്യമൃത്യുകിങ്കരനില്‍ നിന്നും മോചനം ലഭിക്കുമെന്ന് പ്രത്യാശിക്കാം. ആള്‍ ദൈവങ്ങളും, മന്ത്രവാദികളും മാളങ്ങളില്‍ ഒളിച്ചിരിക്കേണ്ടിവന്ന ചുറ്റുപാടില്‍ പൊതുജനത്തിന് ശാന്തിയും സമാധാനവുമുണ്ട്. കാരണം മനുഷ്യരെ ഭിന്നിപ്പിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവര്‍ തല്‍ക്കാലം അപ്രത്യക്ഷരായി എന്നതുതന്നെ. ദശാവതാരം കഴിഞ്ഞുള്ള ഏകാദശാവതാര മൂര്‍ത്തിയാണ് കൊറോണ എന്നുവരെ ദീര്‍ഘദര്‍ശിയായ ഒരു കപടാചാര്യന്‍ സംഭ്രാന്തരായ ജനത്തെ കൂടുതല്‍ ചിന്താവിഷ്ഠരാക്കാന്‍ വിഫലശ്രമം നടത്തിനോക്കുന്നു. വേറൊരു സര്‍വ്വകലാ വല്ലഭന്‍ കൈകൊട്ടി, പാത്രങ്ങള്‍ കൂട്ടിമുട്ടിച്ച നാദത്തില്‍ നിന്നും കൊറോണ പമ്പകടക്കുമെന്ന പമ്പര വിഡ്ഢിത്തവുമായി വന്നെന്ന കിംവദന്തിയും കേള്‍ക്കുന്നു. ഒരു പരസ്യത്തില്‍ പറയുന്നപോലെ ‘വിശ്വാസം, അതല്ലെ എല്ലാം’ എന്നു പറയാന്‍ പോലും പറ്റാത്ത പരുവത്തിലായി. ‘അന്ധവിശ്വാസമല്ലെ ഇതെല്ലാം’ എന്ന് പറയേണ്ടി വരും.

സര്‍വ്വസംഹാരിയും സര്‍വ്വശക്തനുമായ തഥാകഥിത അവതാരത്തില്‍ നിന്നുമുള്ള മോചന പ്രാപ്തിയോടെ പൂര്‍വ്വാധികം ഒത്തൊരുമയോടും സഹവര്‍ത്തിത്വത്തോടും കൂടെ മാനവരാശി നിലനില്‍ക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top