Flash News

കൊറോണയും ബ്രൗണ്‍ ബാഗും (വാല്‍ക്കണ്ണാടി)

March 31, 2020 , കോരസണ്‍

Coronayum brown bagum banner

“അവള്‍ തനിച്ചേ ഉണ്ടാവൂ എന്നാണ് എനിക്ക് പേടി, അവള്‍ ജോലിയും ചെയ്യുന്നില്ല. അതുകൊണ്ടു എനിക്ക് ഉള്ളതും കിട്ടാവുന്നതും അവളുടെ പേരില്‍ എഴുതി ഇന്ന് തന്നെ എഴുതി വെയ്ക്കും.” കൊറോണക്കാലത്തെ ആശങ്കള്‍ പങ്കുവെച്ചു ഒരു സുഹൃത്ത് പറഞ്ഞതാണ്. അള്‍ത്താരയിലെ പ്രധാന സേവകന്‍, സണ്‍‌ഡേ സ്കൂള്‍, കമ്മ്യൂണിറ്റി ക്ലബ്ബ് തുടങ്ങി തന്‍റെ സമൂഹത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ സമയം പങ്കുവച്ച ആള്‍ എന്ന നിലയില്‍ ആരെങ്കിലും ഒക്കെ തന്‍റെ സംസ്കാരത്തില്‍ സംസാരിക്കാന്‍ ഉണ്ടാവും എന്ന പ്രതീക്ഷയും ഇല്ല. എവിടെയാണ് അടക്കുന്നതെന്നോ എന്ത് കര്‍മ്മമാണ് നടത്തുന്നതെന്നോ പറയാന്‍ ഒക്കില്ല. ശ്വാസക്കുഴലും ഘടിപ്പിച്ചു കിടക്കുന്നിടത്തു ആരെങ്കിലും പ്രിയപ്പെട്ടവര്‍ കടന്നു വരികയുമില്ല എന്നുമറിയാം.

സംഹാരരുദ്രനായ കൊറോണ ഏതു നിമിഷവും കടന്നുവരാവുന്ന ചിന്തയില്‍ കുറ്റിയും കൊളുത്തും വരെ അല്‍കോഹോള്‍ സ്ട്രിപ്പ് ഇട്ടു തിരുമ്മി, ലൈസോള്‍ സ്പ്രെെ കൊണ്ട് വീടിന്‍റെ വാതില്‍പ്പടിയില്‍ അടിച്ചു, കഴിവതും കൈയില്‍ ഗ്ലൗസ് ഇട്ട് , മുഖത്തു ചൊറിയാതെ, വാമൂടി ഇനി എത്രനാള്‍? അറിയില്ല, കേള്‍ക്കുന്നത് ഒന്നും നല്ല വാര്‍ത്തകള്‍ അല്ല. ആദ്യം തമാശ ഷെയര്‍ ചെയ്തു തുടങ്ങിയെങ്കിലും ഇപ്പൊ അതൊന്നും തമാശ അല്ല എന്ന തിരിച്ചറിവ് വല്ലാതെ നടുക്കുന്നു.

സുഹൃത്ത് ജോണ്‍, കൊറോണയെ പ്രതിരോധത്തിലാക്കാന്‍ ഒരു ഒറ്റമൂലി പറഞ്ഞു. വേപ്പിന്‍ പൊടി, പച്ച മഞ്ഞള്‍ അരച്ചു തേനില്‍ ചാലിച്ചു ഒരു കഷായം പോലെ ദിവസവും സേവിക്കുക. നീം പൌഡര്‍ കിട്ടുന്ന കടയും പറഞ്ഞു തന്നു. അല്‍പ്പം ദൂരെയാണെങ്കിലും കട തുറന്നു എന്ന് മനസിലാക്കി അങ്ങോട്ട് തന്നെ വിട്ടു. കടയില്‍ ചെന്നപ്പോള്‍ ഒരാള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കാതെ മുറുക്കിപ്പിടിച്ചുകൊണ്ട് ഒരു വളിച്ച ചിരിയോടെ നില്‍ക്കുന്നു. അല്‍പ്പം ബലം പിടിച്ചാണെകിലും വാതില്‍ വലിച്ചു തുറന്നു. വാതിലില്‍ തൊടാതിരിക്കാനായി ടിഷ്യൂ പേപ്പര്‍ കൊണ്ടാണ് പിടിച്ചത്. വാതില്‍ തുറക്കുകയും അയാള്‍ ഓടി അപ്രത്യക്ഷനായി. കടയില്‍ നിറയെ പുക, ഒന്നും കാണാന്‍ സാധിക്കുന്നില്ല. വടക്കേ ഇന്ത്യക്കാരന്‍റെ കട ആയതിനാല്‍ അയാള്‍ എന്തോ പൂജയോ മറ്റോ ചെയ്യുകയാണ്. ഓടി നടന്ന് അയാള്‍ എന്തൊക്കയോ ചെയ്യുന്നു. കുറേ നേരമായിട്ടും അയാള്‍ അടുത്തുവരുന്നില്ല , ഒന്നും ചോദിക്കാനും സാധിക്കുന്നില്ല. അയാള്‍ കൂടുതല്‍ സമയവും അകത്തെ ഓഫീസില്‍ മുറിയില്‍ തങ്ങി നില്‍ക്കയാണ്. എന്തോ ഒരു പ്രേതത്തെ കണ്ടമട്ടിലാണ് അയാള്‍ എന്നെ ഒളിഞ്ഞു നോക്കിയിട്ടു പോകുന്നത് കാണുമ്പോള്‍ തോന്നിയത്. നീം പൌഡര്‍ ഉണ്ടോ എന്ന് അലറി ചോദിച്ചു. അവിടെ ഉണ്ടോ എന്ന് നോക്കൂ ഉണ്ടെങ്കില്‍ അതിന്‍റെ പണം അവിടെ വെച്ചേക്കൂ എന്ന് പറഞ്ഞു അയാള്‍ വീണ്ടും മുങ്ങി. ഒരു വിധം പുകനിറഞ്ഞ കടയില്‍ നിന്നും വേപ്പിന്‍പൊടി സംഘടിപ്പിച്ചു പണവും അയാളുടെ മേശപ്പുറത്തുവച്ചു തിരിച്ചിറങ്ങി. കോട്ടിന്‍റെ കീശയില്‍ ഉണ്ടായിരുന്ന ചില്ലറ നാണയങ്ങള്‍ വാതില്‍ക്കല്‍ വച്ചിരുന്ന ഏതോ ദേവ വിഗ്രഹത്തിന്‍റെ നീട്ടിയിരുന്ന കൈയില്‍ നിക്ഷേപിച്ചു പോരുന്നു.

രാവിലെ എഴുന്നേറ്റ് വീട്ടിലെ എല്ലാവര്‍ക്കുമായി വേപ്പില കഷായം കൂട്ടുകയാണ് സ്ഥിരം പണി. കൊറോണക്ക് എതിരെ കടുത്ത പ്രതിരോധം തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗം. ഡാഡി, എന്തിനാ ഇത്ര പരിഭ്രാന്തി, എന്തിനാ ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകാന്‍ പറയുന്നത്, എന്തിനാ ഇവെടെല്ലാം ലൈസോള്‍ സ്പ്രെെ ചെയ്യുന്നത്, ഇത് അല്‍പ്പം കടുത്ത കൈ തന്നെയാണ് . ഞങ്ങള്‍ വെളിയില്‍ പോകുന്നില്ലല്ലോ പിന്നെന്തിനാ ഇത്രയൂം കാര്യങ്ങള്‍. ഡോക്ടറേറ്റ് ഉള്ള പുത്രന്‍റെ മുഖത്തു ഒരു പുശ്ച്ചഭാവം. ഭാര്യയും ഏതാണ്ട് അടുത്ത ഭാവത്തില്‍ തന്നെ. ഇതങ്ങോട്ടു ചെയ്യുക, എല്ലാവരുടെയും സുരക്ഷക്കായിട്ടാണ്. നിന്‍റെയൊക്കെ പിള്ളേരെ കണ്ടിട്ടു ഒന്ന് മരിച്ചാല്‍ കൊള്ളാമെന്നുണ്ട്. നടക്കുമോ എന്നറിയില്ല എന്നാലും ഒന്ന് ശ്രമിക്കുകയാണ്.

കൊറോണയുടെ പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയായ ഭാര്യ ജോലി കഴിഞ്ഞു വരുമ്പോള്‍ സ്വീകരിക്കാന്‍ ഞാനും മക്കളും തയ്യാറായി നില്‍ക്കയാണ്. ഒരാളുടെ കൈയില്‍ തോര്‍ത്ത് മറ്റൊരാളുടെ കൈയ്യില്‍ സോപ്പ്, നൈറ്റ് ഗൗണ്‍ , തുടങ്ങി ആള്‍ പടിയില്‍ എത്തുമ്പോഴേക്കും എല്ലാം കൈയിലേക്ക് കൊടുത്തു ഓടി അപ്രത്യക്ഷമാകുകയാണ്. ബാത്ത്റൂമില്‍ കയറി എന്ന് സ്ഥിതീകരിച്ചാല്‍ ഉടന്‍ ഞങ്ങള്‍ അവിടമെല്ലാം തുടച്ചും സ്പ്രെെ ചെയ്തും ഒരു വമ്പന്‍ പരിപാടി നടത്തും. ഏതോ അന്യഗ്രഹത്തില്‍ നിന്നും വന്ന ജീവിയെപ്പോലെ യാതൊരു അണുബാധയും കടക്കാതെ സുരക്ഷിതമായ പ്രതിരോധം. കക്ഷി ബാത്ത് റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ഒന്നും അറിയാത്തപോലെ, അലസമായി ടീവി കണ്ടു കൊണ്ടുകൊണ്ടു ചുമ്മാ ഒരു കിടപ്പ്.

നെറ്റിയില്‍ വിരലുകള്‍ പായിച്ചു കൊറോണ പ്രതിരോധ കഥകള്‍ വിവരിക്കുമ്പോള്‍ ഭാര്യയുടെ മുഖത്തു ചൈനീസ് വന്‍മതില്‍ പണിത ക്വിന്‍ ഡിനാസ്റ്റിയുടെ ഒരു ഭാവം. രാവിലെ ജോലിക്കു കൊണ്ട് വിടാമെന്ന് ഏറ്റു. ഇത്രയും വലിയ കര്‍മ്മത്തില്‍, അണ്ണാന്‍ കുഞ്ഞിനും തന്നാല്‍ ആയതു. സര്‍വ്വ സജ്ജീകരങ്ങളുമായി ഒരു പടക്കളത്തില്‍ ഇറങ്ങുന്ന പോലെ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭാര്യ ലഞ്ച് ബാഗിനൊപ്പം പതിവില്ലാത്തപോലെ ഒരു ബ്രൗണ്‍ പേപ്പര്‍ ബാഗും ചേര്‍ത്തു പിടിച്ചിരുന്നു. ഇതെന്താ സാധനം? ഒരു നിഷ്കളങ്കമായ ചോദ്യം. ഓ ഇതോ ഇതാണ് ‘എന്‍ 95 മാസ്ക്’ ഇത് ധരിച്ചാല്‍ ഒക്കെ ശുഭം, ഒന്നും പേടിക്കേണ്ട. നന്നായി. ഇതെന്തിനാ ഈ ബ്രൗണ്‍ ബാഗില്‍ കൊണ്ടുവരുന്നത്? ഇതോ ഇതൊരെണ്ണം മാത്രമെയുള്ളു എനിക്ക്, രണ്ടാഴ്ചയായി , ഇതു തന്നെ ഉപയോഗിക്കുന്നു. വേറെ സ്റ്റോക്ക് ഇല്ല എന്നാണ് പറയുന്നത്. അതും എടുത്തുകൊണ്ടു ഓടി.

1010 ന്യൂസ് കൊറോണ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരുന്നു. പെട്ടെന്ന് അവതാരകന്‍ എന്‍ 95 മാസ്കിനെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും പറയുന്നത് ശ്രദ്ധിച്ചു. ചില ആശുപത്രികളില്‍ ഒരാഴ്ചവരെ ഒരേ മാസ്ക് ഉപയോഗിക്കാന്‍ ജോലിക്കാരെ നിര്‍ബന്ധിക്കുന്നു എന്നാണ് വാര്‍ത്ത. അത് ആരോഗ്യ പ്രവര്‍ത്തകരില്‍ അസുഖം ബാധിക്കാന്‍ കാരണമാക്കും അവ എങ്ങനെ സൂക്ഷിച്ചു ചെയ്യണം എന്നുമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴാണ് ആ ബ്രൗണ്‍ പേപ്പര്‍ ബാഗ് അടുക്കളയിലെ മേശപ്പുറത്തു ലഞ്ച് ബോക്സിനൊപ്പം അവള്‍ വച്ചിരുന്നത് ഓര്‍മ്മയില്‍ പെട്ടത്. ലഞ്ച് ബോക്സിനൊപ്പം ആയിരുന്നതിനാല്‍ അതുമാത്രം സ്പ്രെയ് ചെയ്യാന്‍ വിട്ടുപോയി.

ഭാര്യയുടെ കോളാണ്, ഇപ്പൊ ജോലിക്കു കൊണ്ട് വിട്ടിട്ടു വന്നതേയുള്ളൂ. സംസാരത്തില്‍ ആകെ ഒരു പന്തികേട്. കൂടെ ജോലി ചെയ്യുന്ന ജെയിനെ ഓര്‍ക്കുന്നില്ലേ എപ്പോഴും ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുന്ന, അവള്‍ക്കു ഇപ്പോഴും നല്ല പ്രസരിപ്പ് എന്ന് നിങ്ങള്‍ പറയാറില്ലേ, ആളുടെ ഭര്‍ത്താവു ഇന്നലെ രാത്രി മരിച്ചു. ഇന്നലെ അവധിയായിരുന്നു, അവര്‍ ഒരുമിച്ചു വെയിലു കൊള്ളാന്‍ വെളിയില്‍ പോയിരുന്നു. രാതി ഒന്നിച്ചു ഡിന്നര്‍ കഴിച്ചു ക്ഷീണം തോന്നുന്നു എന്നുപറഞ്ഞു നേരത്തെ ഉറങ്ങാന്‍ കിടന്നതാണ്. എന്തൊരു കഷ്ടമാണ് അവരുടെ കാര്യങ്ങള്‍, അവള്‍ അത് പറയുമ്പോള്‍ ഭയവും വിറയലും തുടുത്തുനിന്നു.

ഞാന്‍ ബ്രൗണ്‍ പേപ്പര്‍ ബാഗിനെക്കുറിച്ചു ഓര്‍ത്തു, രണ്ടു ആഴ്ചയായി വര്‍ക്ക് അറ്റ് ഹോം പദ്ധതിയില്‍ പെട്ടു ഷേവ് ചെയ്യാതിരുന്ന നരച്ച താടിയെ തടവി, കൈകള്‍ കഴുത്തിലൂടെ നെഞ്ചിലേക്ക് തടവി തടവി..കണ്ണുകള്‍ നേരെ മുകളിലേക്ക് നോക്കി. അപ്പോഴും സൂര്യന്‍ വെളിപ്പെടാതെ മേഘക്കൂറില്‍ ഒളിച്ചുനിന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top