Flash News

അവരും ഭാരത മക്കളാണ്, ദ്രോഹിക്കരുത്

April 1, 2020 , ഷാഹുല്‍ പണിക്കവീട്ടില്‍

avarum bharatha bannerഅന്യ സംസ്ഥാന തൊഴിലാളികളെ (അതിഥി തൊഴിലാളി) നാട്ടില്‍ നിന്നും ആട്ടിയോടിക്കണം എന്ന് ആക്രോശിക്കുന്ന ‘മണ്ണിന്‍റെ മക്കള്‍’ അറിയുക, ഈ കഷ്ടകാലത്തും കെടാതെ സൂക്ഷിക്കേണ്ട നേരിന്‍റെ വെളിച്ചമുണ്ട്. ആരും ഊതിക്കെടുത്തി ഇരുള്‍ പരത്തരുത്.

നമ്മള്‍ മലയാളികള്‍ ഒരു കാര്യം ഓര്‍ക്കണം, മണ്ണില്‍ മാത്രം പണിയെടുത്തോ, ഇവിടുത്തെ സ്വകാര്യപൊതുമേഖല വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്തോ, സര്‍ക്കാര്‍ ജോലി ചെയ്തോ സമ്പന്നമായതാണോ കേരളം? സ്വകാര്യ മാനേജ്മെന്‍റുകള്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ഉണ്ടാക്കിയ വമ്പിച്ച പുരോഗതി കുറേ അഭ്യസ്തവിദ്യരെ സൃഷിടിച്ചു. പക്ഷെ അവര്‍ക്കു തൊഴില്‍ കൊടുക്കാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാടിനു കഴിയുമായിരുന്നില്ല. കാരണം രാഷ്ട്രീയമാകാം, വിഭവങ്ങളുടെ അഭാവമാകാം. എന്തുമാകട്ടെ മലയാളി തൊഴില്‍ തേടി അന്യദേശങ്ങളില്‍ പോകുവാന്‍ നിര്‍ബന്ധിതരായി. ചൂഷണങ്ങള്‍ക്കും, അവഹേളനങ്ങള്‍ക്കും വിധേയമായിട്ടും ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി അവര്‍ ത്യാഗം ചെയ്തു. അവരെ നമ്മള്‍ പ്രവാസികള്‍ എന്ന ഓമനപ്പേരിട്ടു വിളിച്ചു.

മലയാളികള്‍ അവരുടെ ‘ദൈവത്തിന്‍റെ സ്വന്തം’ നാട്ടിലേക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് പ്രതിവര്‍ഷം അയക്കുന്നത്. ആ പണമാണ് ഇവിടുത്തെ വിപണിയെ സജീവമാക്കി നിറുത്തുന്നത്. പുതിയ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നീ രംഗത്ത് തൊഴില്‍ സാദ്ധ്യത ഉണ്ടാക്കിയത് പ്രവാസികളുടെ പണം കൊണ്ടാണ്. അതേസമയം പുതിയ ഫാക്ടറികള്‍ ഒന്നും വന്നതുമില്ല. നമ്മുടെ നാട്ടില്‍ ആവശ്യത്തിന് നിര്‍മ്മാണ തൊഴിലാളികളെ കിട്ടാതായപ്പോള്‍ അന്യ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നു. ഈ അവസരത്തിലാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി ആളുകളെത്തിയത്. ഇപ്പോള്‍ നാട്ടില്‍ ഏതു ജോലിക്കും അവരെ ഉപയോഗിക്കുന്നു. തൊഴില്‍ ഉടമക്കും തൊഴിലാളിക്കും ലാഭം. ഗതികേടു കൊണ്ടാണ് നാം ഓരോരുത്തരും ജനിച്ച മണ്ണും വീടും വീട്ടുകാരേയും വിട്ടു ജോലി അന്വേഷിച്ചു പോകുന്നത്.

വിദേശത്ത് ജോലി ചെയ്യാന്‍ മലയാളികള്‍ക്കു അവസരം കിട്ടിയത് എങ്ങനെയാണോ അതേ സാഹചര്യത്തിലാണ് നമ്മള്‍ ഇവര്‍ക്ക് അവസരം കൊടുത്തത്. ഇന്ന് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരില്‍ ഭൂരിഭാഗവും ഒരുകാലത്ത് ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒറീസ, ബിഹാര്‍, അസം, കൊല്‍ക്കത്ത (കല്‍ക്കട്ട), രാജസ്ഥാന്‍ എന്നുവേണ്ട ഒട്ടുമിക്ക അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ്. അതേ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ കേരളത്തില്‍ ജോലിക്കു വരുന്നതെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ.

വിദേശ രാജ്യങ്ങളിലെ ജീവിതനിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറഞ്ഞ കൂലിക്കു ജോലിചെയ്യാന്‍ തയ്യാറുള്ളവര്‍ അന്യ രാജ്യക്കാരാണ്. അവിടെ നമ്മള്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുവാന്‍ തക്ക യോഗ്യതയുള്ളവരുടെ എണ്ണം വളരെ കുറവാണ്. തന്നെയുമല്ല സ്വന്തം പൗരന്മാര്‍ക്ക് കൊടുക്കുന്ന പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും പുറത്തുനിന്നുള്ളവര്‍ക്ക് കൊടുക്കുകയും വേണ്ട എന്ന ലാഭക്കണ്ണും അവര്‍ക്കുണ്ട്. നമുക്കാണെങ്കില്‍ വിദേശ കറന്‍സിയുടെ വിനിമയ നിരക്ക് വെച്ച് നോക്കുമ്പോള്‍ സ്വപ്നം കാണാന്‍ പറ്റാത്തത്രയും വലിയ സംഖ്യ ശമ്പളം. കുടുംബവും നാടും നാട്ടുകാരും സുഭിക്ഷമായി ജീവിച്ചു പോകുന്നു.

ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ആദ്യം പരീക്ഷിക്കുന്നതും ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നതും നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്തിന് മദ്യ വില്‍പ്പനയിലും, ആഡംബര വസ്തുക്കളുടെ വ്യാപാരത്തിലും കേരളം തന്നെ മുന്നില്‍. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? എവിടുന്നാണീ പണം? തരിശിട്ട കൃഷിഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്നതാണോ? വ്യവസായ തൊഴിലാളികളുടേയും, സര്‍ക്കാര്‍ ജീവനക്കാരുടേയും മാസ വരുമാനം കൊണ്ട് മാത്രമാണോ? എന്തിനു സിനിമാ രംഗത്ത് ഏറിയ കൂറും പണമിറക്കുന്നതും ആരാണ്?

ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ (അതിനു മുമ്പും) തുടങ്ങിയ മലയാളികളുടെ പ്രവാസം കൊണ്ടുവന്ന പ്രകാശമാണ് കേരളത്തില്‍ ഇന്നും കാണുന്നത്. അല്ലാതെ കമ്മ്യൂണിസം കൊണ്ടോ, പ്രാദേശിക വാദം കൊണ്ടോ വര്‍ഗ്ഗീയ വിവരക്കേട് കൊണ്ടോ അല്ല. നമ്മള്‍ ഇന്നും തൊഴില്‍ അന്വേഷകരാണ് എന്ന സത്യവും ഉള്‍ക്കൊള്ളണം.

ചില തെറ്റിദ്ധാരണകളില്‍ പെട്ട് നിര്‍ഭാഗ്യകരമായ സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അതൊക്കെ അനുഭാവപൂര്‍വം മനുഷ്യത്വപരമായ തീരുമാനങ്ങള്‍ എടുത്ത് പരിഹരിക്കണം. മലയാളികള്‍ അല്ലെങ്കിലും അതിഥി തൊഴിലാളികള്‍ ഭാരതീയ പൗരന്മാരാണ്. ജാതിയും മതവും ഭാഷയും പ്രദേശവും നോക്കി ജനങ്ങളെ വിഭജിക്കുന്ന പുത്തന്‍ രീതി ചിലരെ മോഹിപ്പിക്കുന്നുണ്ടാകാം, ആകര്‍ഷിക്കുന്നുണ്ടാകാം, പക്ഷെ നമ്മള്‍ നമ്മളെ തന്നെ ആദ്യം തിരിച്ചറിയണം. പ്രവാസികളെ അവഹേളിക്കരുത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top