Flash News

പുത്തന്‍ പുലരി (ജോണ്‍ ഇളമത)

April 1, 2020

Puthen pulari bannerഇത് പരസ്പരം കുറ്റപ്പെടുത്തേണ്ട സമയമല്ല, ഭയവിഭ്രാന്തി പരത്തേണ്ട സമയമല്ല. അതതു രാഷ്ട്രങ്ങളിലെ നിയമസംവിധാനങ്ങളോട് കൂറ് പ്രഖ്യാപിച്ച് സഹകരിക്കേണ്ട സമയമാണ്. എന്തിന് നിയമത്തെ കുറ്റപ്പെടുത്തുന്നു, എന്തിന് ദൈവത്തെ കുറ്റപ്പെടുത്തുന്നു. എല്ലാം കുറ്റങ്ങളും നമ്മുടേതു തന്നെയല്ലേ. നാം ഭൂമിയെ സ്‌നേഹിച്ചിരുന്നുവോ, അടുത്ത തലമുറകളെ സ്‌നേഹിച്ചിരുന്നുവോ, സ്വാര്‍ത്ഥത!, അതല്ലേ ഒരുപരിധിവരെ നാമിന്നുവരെ പ്രഘോഷിച്ചിരുന്നത്. നാളെ ഒരു പുതിയ പുലരി പൊട്ടിവിടരട്ടെ. മനുഷ്യസ്‌നേഹത്തിന്റെ, പരസ്പര ഐക്യത്തിന്റെ!

ഭൂമി എന്ന ഗ്രഹം സൂര്യനെന്ന നക്ഷത്രത്തെ ചുറ്റാന്‍ തുടങ്ങിയിട്ട് കോടാനുകോടി വര്‍ഷങ്ങളായി. എത്ര ശതവര്‍ഷങ്ങളിലെ പരിണാമത്തിലൂടെയാണ് നാം ഇന്നും ഈ ഭൂമുഖത്ത് തുടരുന്നത്. ഇന്നു ജീവിക്കുന്ന നാമല്ലേ, ഇതുവരെ ജീവിച്ച മനുഷ്യ പരമ്പരയിലെ ഏറ്റവും വലിയ സുഖമനുഭവിക്കുന്നവര്‍. ശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ആവിക്കപ്പലും, പ്ലെയിനും ഒന്നുമില്ലാതിരുന്ന മദ്ധ്യകാല (പതിമൂന്നാം നൂറ്റാണ്ട്) യൂറോപ്പിലെ മഹാവ്യാധി, “ബ്ലാക്ക് ഡിസീസ്” മുതല്‍ ഇന്ന് “കൊറോണ”, കോവിഡ്-19 വരെ എത്തിനില്‍ക്കുന്നുവെങ്കില്‍, നാം വ്യാകുലപ്പെട്ടിട്ടെന്തു കാര്യം? മനുഷ്യരാശി അതിനെയൊക്കെ അതിജീവിക്കും.

പല പ്രവാചകന്മാരും, ബുദ്ധിജീവികളും, ധിക്ഷണശാലികളും, കഴിഞ്ഞ കാലഘട്ടങ്ങളുടെ വിടവുകളിലൂടെ പലതരം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ശരിയോ തെറ്റോ! അല്ലെങ്കില്‍ ആരൊക്കയോ അതിനെ ഉഴുതുമറിച്ചതോ, എന്നതിലപ്പുറം മനുഷ്യരാശിയുടെ മാറിമാറി വരുന്ന കാഴ്ചപ്പാടുകളായെങ്കിലും നമ്മുക്കവയൊക്കെ സ്വീകരിക്കാം. ഇവിടെ ഞാന്‍ ഉദ്ധരിക്കുന്നത് ആയിരത്തിഅഞ്ഞൂറ്റി അമ്പത്തഞ്ചില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിലെ ബുദ്ധിജീവിയായിരുന്ന നോര്‍ത്തദാമസിനെയാണ്. അദ്ദേഹത്തിന്റെ പ്രവചനം ഇപ്രകാരം തന്നെ എന്ന് പലരും വായിക്കുന്നു.. “ഒരു ഇരട്ട വര്‍ഷം വരും (2020?). അപ്പോള്‍ കിഴക്കുനിന്ന് (ചൈന?) ഒരു രാജ്ഞി, സര്‍വ്വ പ്രഭാവങ്ങളോടെ എഴുന്നെള്ളി വരും (കൊറോണ), ഭൂമിയെ മുഴുവന്‍ വിഴുങ്ങുന്ന കറുത്ത യക്ഷിയായി. അവള്‍ ആറ് കുന്നുകളുള്ള കുന്നില്‍ (ഇറ്റലി) ആധിപത്യം സ്ഥാപിക്കും. അവള്‍ ലോകം മുഴുവന്‍ ഭരിക്കും. ഭൂമിയെ ശ്മശാന ഭൂമിയാക്കും. സമ്പത്‌വ്യവസ്തയെ തച്ചുടക്കും. ഇത് ലോക സമ്പദ് വ്യവസ്തിതിയുടെ അവസാനമാകാം!”

ഇത്തരം പ്രവചനങ്ങള്‍ മനുഷ്യമനസ്സുകളുടെ നിസ്സംഗതയിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകാം. ഒരോ മനുഷ്യായുസ്സിലും ഇത്തരം ഒരോരോ പ്രവചനങ്ങളുണ്ടായിട്ടുണ്ട് എന്നുതന്നെ കരുതാം. നമ്മില്‍ നിന്ന് കടന്നുപോയവരില്‍ പോലും. ഒരുകാര്യം!, നാമും ഇങ്ങനെയൊക്കെ ഇടക്കു ചിന്തിക്കാറില്ലേ! മാറിവരുന്ന വ്യവസ്ഥിതികള്‍ നമ്മെയൊക്കെ പൂര്‍വ്വാധികം സ്വാര്‍ത്ഥതകളിലേക്ക്, അല്ലെങ്കില്‍ സ്വന്തം സുഖലോലുപതകളിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയല്ലേ!

നാം പുഴകളെ പാടങ്ങളാക്കുന്നു, പാടങ്ങളെ പറമ്പുകളാക്കുന്നു, ജലസ്രോതസുകളെ മലീമസമാക്കുന്നു, കാടുകളെ നാടുകളാക്കുന്നു, നഗരങ്ങളാക്കുന്നു, അവിടെ റിസോര്‍ട്ടുകള്‍ പണിത് സുഖങ്ങള്‍ വില്‍ക്കുന്നു! എന്തിന് ഇവയൊക്കെ തന്നെയല്ലേ, പ്രകൃതിയെ ക്ഷോഭിപ്പിക്കുന്നത്! സുനാമി , വെള്ളപ്പൊക്കം, ഭൂകമ്പം, മാരകമായ പകര്‍ച്ചവ്യാധികള്‍, എന്നിവകള്‍ക്ക് കളമൊരുക്കുന്നതിനു കാരണങ്ങള്‍ ഇതൊക്കെ തന്നയല്ലേ. പുഴകള്‍ക്കൊഴുകാനിടമില്ല, കാട്ടുമൃഗങ്ങള്‍ക്ക് സഞ്ചരിക്കാനിടമില്ല. ഇടക്കിടെ തലചായ്ക്കാനിടമില്ലാത്ത മനുഷ്യരുമില്ലേ ! സ്വാര്‍ത്ഥത വിസര്‍ജ്ജിച്ച മാലിന്യ കൂമ്പാരങ്ങളെവിടെയും. അവിടെ ഈച്ചകള്‍, കൈകള്‍ തിരുമ്മി മാരക രോഗാണുക്കളെ പേറി പറന്നുയരുന്നു. കൊതുകള്‍ വലിയ കാലുകളില്‍ നിവര്‍ന്ന് അണുബോബുവാഹിനികളായി ആ കാശത്തിലുയര്‍ന്ന് മാരകയുദ്ധത്തിനൊരുങ്ങുന്നു! ഇതൊക്കെയല്ലേ നാം നിത്യവും കാണുന്നത്. എന്നിട്ടും കരയാനറിയാത്ത, പ്രതികരിക്കാനാവാത്ത മരപാവകളായി നാം അഭിനയിക്കുന്നു, “ആരു ചത്താലും, എന്തു സംഭവിച്ചാലും എനിക്കെന്റെ കാര്യം !”

സ്വാര്‍ത്ഥത ഉപേക്ഷിക്കാം, പരസ്പരം സ്‌നേഹിക്കാം! എങ്കില്‍ ഈ ഗോളം ഒരിക്കലും പകരം ചോദിക്കില്ല. പ്രകൃതിതന്നെ ഈശ്വര ചൈതന്യം! ആ ചൈതന്യം നമ്മില്‍ നിറയട്ടെ. ബ്ലാക് ഡിസീസിനെ, എബോളയെ, സാര്‍സിനെ, എച്ച് ഐ വിയെ, വൈസ്റ്റ് നൈല്‍ വൈറസിനെ, നിപ്പയെ, എലിപ്പനിയെ, പന്നിപനിയെ തുടങ്ങിയ എല്ലാ വ്യാധികളെയും പൂമുഖത്തു നിന്ന് തുടച്ചു മാറ്റാം. മരുന്നില്ലാതിരുന്ന മദ്ധ്യകാലഘട്ടത്തില്‍ നാമെങ്ങനെ ബ്ലാക്ക് ഡിസീസിനെ ചെറുത്തു തോല്‍പ്പിച്ചു. “ഐസലേഷന്‍” അല്ലെങ്കില്‍ സാമീപ്യത്തിലെ അകല്‍ച്ച എന്ന പ്രതിരോധ കവചത്തിനുള്ളില്‍ നിന്നുകൊണ്ട്, ശുദ്ധിവരുത്തുന്ന മാഗ്ഗങ്ങളിലൂടെ. വ്യാധിയെ ഒറ്റപെടുത്തല്‍ മാത്രമെ ചികിഝയോ, പ്രതിരോധ കുത്തിവെപ്പോ കണ്ടെത്തും വരെ പ്രതിരോധിക്കാനാകൂ. ആ തിരിച്ചറിവ് നമ്മുക്കുണ്ടാകട്ടെ. ക്വാറന്റൈനില്‍ പ്രവേശിക്കുന്നവര്‍ സമൂഹത്തില്‍ ഇറങ്ങിയാല്‍ നാം നടത്തുന്ന സാമൂഹ്യ വഞ്ചന മനുഷ്യത്വമില്ലാത്തതുതന്നെ. അതിന് നീതീകരണമില്ല.

ഒരുപക്ഷേ, ഈ വ്യാധി നമ്മെ പലതും പഠിപ്പിക്കുന്നു. ക്ഷമ, വിവേകം, സ്‌നേഹം! തിരിക്കിലോടി നടന്നിരുന്ന നാമിന്ന് സ്വയസഹനത്തിന്‍റ പ്രവാചകരായി നിലവിലുള്ള സാമൂഹിക വ്യവസ്തിതികളെ മാറ്റിമറിക്കുന്നു. ഈ വ്യാധി വിട്ടൊഴിയുമ്പോള്‍ നാം പുതിയൊരു പുലരിയിലേക്കാണ് കണ്ണു ചിമ്മിയുണരുന്നത്. അവിടെ അന്ധവിശ്വാസങ്ങള്‍ക്കും, കുപ്രചരണങ്ങള്‍ക്കും ശക്തികുറയും. മനുഷ്യര്‍ മനുഷ്യരെ മാറ്റിമറിക്കുന്ന പുതിയ തത്വജ്ഞാനങ്ങള്‍ ഉയര്‍ത്തെണീല്‍ക്കും! നാം ഇനിയും വിജയിക്കുമെന്നതില്‍ രണ്ടു പക്ഷവുമില്ല, ശുഭപ്രതീക്ഷകളോടെ നമുക്ക് പോരാടാം. പ്രതീക്ഷയോടെ കാത്തിരിക്കാം, നാളത്തെ നല്ല പുലരിക്കുവേണ്ടി!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “പുത്തന്‍ പുലരി (ജോണ്‍ ഇളമത)”

  1. George Neduvelil says:

    An article calling attention to the need of the time. very pertinent.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top