Flash News

നിര്‍ഭയേ, നിനക്കിപ്പോള്‍ (കവിത)

April 2, 2020 , തൊടുപുഴ കെ ശങ്കര്‍

Nirbhaye bannerനിര്‍ഭയേ, നിനക്കിപ്പോള്‍, തൃപ്തിയായല്ലോ, നിന്നെ
നിര്‍ദ്ദയം പീഡിപ്പിച്ചോര്‍, ക്കര്‍ഹിച്ച ഫലം കിട്ടി!
കര്‍മ്മഫലം കാല, മെത്ര താന്‍ കഴിഞ്ഞാലും
കര്‍മ്മിയെ തേടി യെത്തും, വേദങ്ങള്‍ ഉല്‍ഘോഷിപ്പു!

പശുക്കളെത്രയുണ്ടെ, ന്നാകിലും തന്നമ്മയാം
പശുവെ തെറ്റാതെ കണ്ടെത്തുന്ന കിടാവെ പോല്‍,
വേടന്റെ വില്ലില്‍ നിന്നും, തൊടുത്തൊരസ്ത്രം തെറ്റി
വേറെങ്ങും തറയ്ക്കാതെ, യിരയില്‍ തറയ്ക്കും പോല്‍,

കര്‍മ്മ ഫലം കാലമെത്ര താന്‍ കഴിഞ്ഞാലും
ജന്മങ്ങളെടുത്താലും, കര്‍മ്മിയെത്തേടി യെത്തും!
മര്‍മ്മമാ മീവാസ്തവം,കര്‍മ്മം ചെയ്യുമ്പോളാരു
മോര്‍മ്മിക്കയില്ലെന്നുള്ള, തല്ലയോ പരമാര്‍ത്ഥം!

കബന്ധന്‍റെ കൈ പോലെ, കര്‍മ്മ ഫലവും, തെല്ലും
കബളിപ്പിക്കാനാവി, ല്ലാര്‍ക്കുമേ, യതു വെല്ലും!
‘കാര്യമില്ലതിലെന്നു,’ ചിന്തിക്കാം ജന ഗണം
കാതലില്ലതു വെറും,തെറ്റായ നിഗമനം!

അച്ഛനമ്മമാരെത്ര,നൊമ്പരപ്പെട്ടു കാണും
സ്വച്ഛത നശിച്ചെട്ടു, വര്‍ഷങ്ങള്‍ കഴിച്ചവര്‍!
പിഞ്ചു പൊന്മകളുടെ, പൂമേനി പിടഞ്ഞൊരാ
വഞ്ചിത നിമിഷത്തെ, നിനച്ചു പോക്കി കാലം!

മനുസ്മൃതിയില്‍പ്പോലും, കാണ്മതില്ലയോ നമ്മള്‍
മനുഷ്യ വംശത്തിനു മാറ്റുവാനാവാ ധര്‍മ്മം!
“കൗമാരെ പിതാവാലും, യൗവ്വനെ ഭര്‍ത്താവാലും
വാര്‍ദ്ധക്യെ പുത്രനാലും” രക്ഷിക്കപ്പെടേണ്ടവള്‍!

അമ്മയുമതോടൊപ്പം, പത്‌നിയും, സോദരിയും
അവളിലൊരു നല്ല സുഹൃത്തും അന്തര്‍ലീനം!
ആര്‍ഷ ഭാരത ഭൂവില്‍,അനാദി കാലം തൊട്ടേ
ആബാല വൃദ്ധം നാരിയ്ക്കാദര വേകുന്നു നാം!

മൃഗങ്ങള്‍ പോലും കേട്ടാല്‍, ലജ്ജിച്ചു തല താഴ്ത്തും
മട്ടിലല്ലയോ മര്‍ത്ത്യന്‍, കാട്ടുമീ കടും കൈകള്‍!
‘നാരിയെ സ്വമാതാവായ്, സോദരിയായ് നാം കാണും
നാളിലേയുണ്ടാകുള്ളൂ, നന്മയും ഉല്‍ക്കര്‍ഷവും!

മനുഷ്യാ,മൃഗങ്ങളെ ക്കണ്ടു നീ പഠിക്കണം
മനുവിന്‍ കുടുംബത്തില്‍, പിറന്നോരല്ലോ നമ്മള്‍!
നീതിയും സദാചാര ബോധവും, കര്‍മ്മഫല
ഭീതിയുമുണ്ടേല്‍, ലോക, ജീവിതം ധന്യമാകും!

നിര്‍ഭയേ, നിന്നാത്മാവു, നിത്യവും വര്‍ത്തിക്കട്ടെ
നിത്യ ശാന്തിയും, സമാ, ധാനവും വരിച്ചെന്നും!
പുരുഷ വംശമേ, ഇനി, മേലിലെങ്കിലും സ്ത്രീയോ
ടരുതീ കാട്ടാളത്വം! ക്രൂരമാം പെരുമാറ്റം!Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

4 responses to “നിര്‍ഭയേ, നിനക്കിപ്പോള്‍ (കവിത)”

 1. Divakaran chenechery says:

  ശങ്കർ ജി,

  മനുഷ്യാ മ്യഗങ്ങളെ കണ്ടു നീ പഠിക്കണം
  മനുവിന്‍ കുടുംബത്തില്‍ പിറന്നോരല്ലേ നമ്മള്‍ –
  നീതിയും സദാചാര ബോധവും കര്‍മ്മഫല
  ഭീതിയുമുണ്ടേല്‍, ലോക ജീവിതം ധന്യമാകും.

  – നല്ല വരികള്‍. കവിത വളരെയിഷ്ടപ്പെട്ടു. ആശംസകള്‍. സാമൂഹ്യ ബോധം ഉള്ളൊരു കവിയെ ഇതിലൂടെ ശങ്കര്‍ ജി യില്‍ കണ്ടെത്താം.

  ദിവാകരന്‍ ചെഞ്ചേരി

 2. Prof Colonel Dr Kavumbayi Janardhanan says:

  Very well written poem . Love to read more such poems.
  Dr Colonel Kavumbayi Janardhanan

 3. Sreenivas says:

  വെരി വെരി apt and as usual, keeping super standard.

 4. കെ.വിജയൻ നായർ says:

  തൊടുപുഴ സാറിൻ്റെ
  നിർഭയേ നിനക്കിപ്പോൾ എന്ന കവിത എനിക്കു വളരെ ഇഷ്ടപ്പെട്ടു. അങ്ങയിൽ ഞാനൊരു സാമൂഹിക പരിഷ്ക്കർത്താവിനെ കണ്ടു. സമൂഹത്തൊട് പ്രതിബദ്ധതയുണ്ടങ്കിലെ ഇതുപോലെ കവിത രചിക്കാനാവൂ. അങ്ങയക്ക് എൻ്റെ അഭിനന്ദനങ്ങൾ. ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top