കൊവിഡ്-19: 2001 സെപ്റ്റംബര്‍ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നു – ഗവര്‍ണ്ണര്‍ ക്വോമോ

New Yokr corona 9-11ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഒരു ദിവസം 500 ലധികം കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തൊട്ടാകെ നടന്ന മരണങ്ങള്‍ മൂവായിരമായി ഉയര്‍ന്നു, അല്ലെങ്കില്‍ 2001 സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ട അതേ എണ്ണം, ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ വെള്ളിയാഴ്ച പറഞ്ഞു.

കൊറോണ വൈറസ് ആക്രമണത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥ വരാന്‍ ന്യൂയോര്‍ക്ക് നഗരത്തിന് ദിവസങ്ങളേയുള്ളൂവെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. മെഡിക്കല്‍ സ്റ്റാഫുകളുടെയും വെന്‍റിലേറ്ററുകളുടെയും കുറവ് പരിഹരിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ സഹായത്തിനായി അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട യു എസിലെ മരണത്തിന്‍റെ നാലിലൊന്ന് ന്യൂയോര്‍ക്ക് നഗരത്തിലാണ്.

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറില്‍ മരിച്ചത് 562 പേരാണ്. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മൊത്തം മരണം 2,935
ആയി ഉയര്‍ന്നെന്ന് ഗവര്‍ണ്ണര്‍ ക്വോമോ പറഞ്ഞു. വൈറസ് ആരംഭിച്ചതിനു ശേഷമുള്ള മരണങ്ങളുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിതെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിലായിരുന്നു.

അടുത്തയാഴ്ച നഗരത്തിലെ കോവിഡ് 19 കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മേയര്‍ ഡി ബ്ലാസിയോ 1,000 നഴ്സുമാരെയും 150 ഡോക്ടര്‍മാരെയും 300 റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളെയും ആവശ്യപ്പെട്ടു.

അടുത്തയാഴ്ചയോടെ ആവശ്യമായി വരുന്ന 3,000 വെന്‍റിലേറ്ററുകള്‍ക്കായി ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ന്യൂയോര്‍ക്ക് നഗരത്തിന് ഇതുവരെ ഒരു വിതരണവും ലഭിച്ചിട്ടില്ല. യുഎസ് സൈന്യത്തില്‍ നിന്ന് മെഡിക്കല്‍ ഓഫീസര്‍മാരെ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഡി ബ്ലാസിയോ പറഞ്ഞു.

അവരെ ഇതുവരെ പ്രവര്‍ത്തനത്തിനായി വിട്ടുതന്നിട്ടില്ലെന്ന് ഡി ബ്ലാസിയോ ഡബ്ല്യുഎന്‍വൈസി റേഡിയോയോട് പറഞ്ഞു. പ്രസിഡന്‍റ് ഇപ്പോള്‍ ആ ഉത്തരവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ വരെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് 6,058 യുഎസിലുണ്ടായ കൊറോണ വൈറസ് മരണങ്ങളില്‍ 25 ശതമാനത്തിലധികം ന്യൂയോര്‍ക്ക് നഗരത്തിലാണ്. ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം കേസുകളില്‍ 24 ശതമാനം അമേരിക്കന്‍ ഐക്യനാടുകളിലാണ് (240,000).

ഫെഡറല്‍ റിസോഴ്സുകള്‍ വേണ്ടത്ര വേഗത്തില്‍ എത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് നഗരവും സംസ്ഥാനവും പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ മന്‍‌ഹാട്ടന്‍ കണ്‍‌വന്‍ഷന്‍ സെന്‍ററിലെ ഒരു താല്‍ക്കാലിക ആശുപത്രി കോവിഡ് രോഗികളെ എടുക്കാന്‍ അനുവദിക്കണമെന്ന് വ്യാഴാഴ്ച നടത്തിയ അഭ്യര്‍ത്ഥനയോട് ട്രംപ് അതിവേഗം പ്രതികരിച്ചു.

കോവിഡ്-19 ഇതര രോഗികള്‍ക്ക് മാത്രം ചികിത്സ നല്‍കുന്നതില്‍ നിന്നുള്ള മാറ്റത്തെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി എതിര്‍ത്തുവെന്ന് ക്വോമോ പറഞ്ഞു.

പകര്‍ച്ചവ്യാധി മൂലം ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് വെള്ളിയാഴ്ചത്തെ പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ ഇതൊന്നുമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും വൈറസ് പടരാതിരിക്കാന്‍ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം കഴിഞ്ഞ മാസം അടച്ചുപൂട്ടിയിരുന്നു.

യുഎസ് തൊഴിലുടമകള്‍ കഴിഞ്ഞ മാസം 701,000 ജോലികളാണ് വെട്ടിക്കുറച്ചത്. 113 മാസത്തെ തുടര്‍ച്ചയായ തൊഴില്‍ വളര്‍ച്ചയാണ് അവസാനിച്ചതെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 10 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്.

മഹാമാന്ദ്യത്തിനുശേഷം അമേരിക്കന്‍ തൊഴില്‍ വിപണിയിലെ ഏറ്റവും വലിയ ദുര്‍ഘടാവസ്ഥയാണ് ഞങ്ങള്‍ തത്സമയം കാണുന്നതെന്ന് ടെക്സസ് ഓസ്റ്റിനിലെ ആര്‍എസ്എമ്മിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോ ബ്രൂസുവേലസ് പറഞ്ഞു.

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 102,863 ല്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകളുണ്ട്. ഒരു ദിവസം മുമ്പ് ഇത് 92,381 ആയിരുവെന്ന് ക്വോമോ പറഞ്ഞു.

അമേരിക്ക ഇപ്പോഴും മോശമായ അവസ്ഥയില്‍ നിന്ന് വളരെ അകലെയാണെങ്കിലും സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ട്രംപിന്‍റെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ പ്രമുഖ അംഗം ഡോ. ആന്‍റണി ഫൗസി പറഞ്ഞു.

അമേരിക്കക്കാര്‍ കഴിയുന്നത്ര വീടുകളില്‍ തന്നെ തുടരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന പകര്‍ച്ചവ്യാധിയുമായി പോരാടുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഫെയ്സ് മാസ്കുകളും അനുബന്ധ സം‌രക്ഷണ ഉപകരണങ്ങളും നീക്കിവച്ചിരിക്കണമെന്ന് ഫൗസി പറഞ്ഞു.

യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വരുംദിവസങ്ങളില്‍ സംരക്ഷണ നടപടികളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാസ്കുകളും ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ചേര്‍ക്കുമെന്ന് ട്രംപിന്‍റെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ മറ്റൊരു അംഗം ഡെബോറ ബിര്‍ക്സ് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment