Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 23): അബൂതി

April 4, 2020

adhyayam 23അതൊരു നിലാവുള്ള രാത്രിയായിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ അവളുടെ മിഴികള്‍ ആകാശത്ത് എന്തൊക്കെയോ തിരഞ്ഞു നടന്നു. അവസാനം പാതി കീറിയ അമ്പിളിയില്‍ ചെന്നുനിന്നു. ഇടയ്ക്കിടയ്ക്ക്, വെള്ളിമേഘങ്ങളുടെ മാറിലേക്ക് മുഖം പൂഴ്ത്തിയും, അല്ലാത്തപ്പോള്‍ അവളെ നോക്കിച്ചിരിച്ചും അര്‍ദ്ധചന്ദ്രന്‍ അവളുടെ മുന്‍പിലൊരു ശിശുവിനെ പോലെ കളിച്ചു.

പൊള്ളുന്ന ഗ്രീഷ്മം കഴിഞ്ഞിരിക്കുന്നു. നാടാകെ മുക്കിത്തോര്‍ത്തി ശരത്കാലവും കഴിയാറായി. ഋതുകന്യക ശിശിരത്തലേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. ഇനി മരങ്ങള്‍ ഇലപൊഴിക്കും. പഴകിയ ഇലകള്‍. അവള്‍ കൊതിക്കുന്നുണ്ട്. മനസ്സിലൊരു മഞ്ഞുകാലമുണ്ടായെങ്കിലെന്ന്. പഴകിയ ഓര്‍മ്മകളെ പൊഴിച്ചുകളയുന്നൊരു മഞ്ഞുകാലം. എല്ലാം മറക്കാന്‍… അങ്ങിനെ ഒരു കുറുക്കുവഴിയുണ്ടോ?

എല്ലാവരും ഉറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. അവള്‍ക്കു മാത്രം ഉറക്കം വന്നില്ല. ഈ രാത്രി എങ്ങിനെ അവള്‍ക്കുറങ്ങാനാവും? അത്രയും മോശമായിരുന്നു, ഇന്നത്തെ അനുഭവം.

ഇന്ന് വെള്ളിയാഴ്ച. വൈകുന്നേരം, വേണുവും ശാരദക്കുട്ടിയും വന്നപ്പോള്‍, സിദ്ധുവിനൊരു മോഹം. ഒരു സിനിമയ്ക്ക് പോകാമെന്ന്. എല്ലാവരും കൂടി സിനിമ കണ്ട് മടങ്ങുന്ന വഴി, ഒരു ബേക്കറിയില്‍ കയറി ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ്, അവളുടെ കണ്ണില്‍ അയാളുടക്കിയത്.

അവള്‍ക്കു നേരെ എതിരെ തനിച്ചിരിക്കുന്ന ഒരാള്‍. അയാള്‍ അവളെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. അവളെ വിയര്‍ക്കാന്‍ തുടങ്ങി. അത് അവളുടെ ഒരു പഴയ ഇടപാടുകാരനായിരുന്നു. അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചപ്പോള്‍ സര്‍വ്വാംഗങ്ങളും തളര്‍ന്നു പോകുന്ന പോലെയാണ് തോന്നിയത്. ഏതു ശപിക്കപ്പെട്ട നേരത്താണാവോ സിനിമയ്ക്ക് വരാന്‍ തോന്നിയത്. അല്ലെങ്കില്‍ ഇവിടെ തന്നെ കയറാന്‍ തോന്നിയത്. ഒന്നു വേഗം രക്ഷപ്പെട്ടാല്‍ മതിയായിരുന്നു. അവള്‍ തലതാഴ്ത്തിയിരുന്നു. അവളെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി അയാള്‍ വേഗം കഴിക്കുന്നത് നിര്‍ത്തി. എഴുനേറ്റ് കൈകഴുകാന്‍ പോയി. അപ്പോഴാണ് അവളുടെ ശ്വാസമൊന്ന് നേരെ വീണത്.

പക്ഷെ, അവളെ ഞെട്ടിച്ചുകൊണ്ട്, അയാള്‍ കൈകഴുകി തിരിച്ചവരുടെ ടേബിളിന്റെ അടുത്തേയ്ക്കു വന്നു. ചെകുത്താനെ കണ്ടത് പോലെ വിളറി വെളുത്ത മുഖവുമായി ഇരിക്കുന്ന അവളോട് പുഞ്ചിരിയോടെ ചോദിച്ചു.

“താനിപ്പോള്‍, തമ്പിസ്സാറിന്റെ ഓഫിസിലെ ജോലി നിര്‍ത്തിയോ?”

ഒരു വിളറിയ പുഞ്ചിരിയോടെ ഉവ്വെന്ന് തലയാട്ടിയപ്പോള്‍ അയാള്‍ കൂടെയുള്ളവരെ നോക്കി.

“കുടുംബവുമായി എവിടെ പോയി വരുന്നതാ?”

“ഒരു സിനിമയ്ക്ക്..” അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ഓ.. അത് ശരി.. എന്നാല്‍ നടക്കട്ടെ.. എന്തായാലും… താനാ ജോലി ഒഴിവാക്കേണ്ടായിരുന്നു. ഇപ്പോളൊരു കാര്യത്തിനുമാ ഓഫീസിലേക്ക് ചെന്നിട്ട് കാര്യമില്ല. പ്രാപ്തിയുള്ള ഒരാളുമില്ല. ശരി പോട്ടെ. കാണാം.”

അവള്‍ മന്ദത ബാധിച്ച തലയാട്ടി. പ്രകാശം വറ്റിയ അവളുടെ കണ്ണുകള്‍ അയാളോട് യാചിക്കുന്നുണ്ടായിരുന്നു. ഒന്ന് പോയിത്തരൂ എന്ന്. അതയാള്‍ തിരിച്ചറിഞ്ഞിരിക്കാം. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അയാള്‍ ഒന്ന് നിന്നു. പിന്നെ അവരോട് എല്ലാവരോടുമായി ചോദിച്ചു.

“ആ… ബില്ല് ഞാന്‍ കൊടുക്കട്ടെ…”

“വേണ്ടാ.. വേണ്ട സാര്‍… സന്തോഷം…” ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് വേണുവാണ്. അയാള്‍ തലയാട്ടിക്കൊണ്ട് പോവുകയും ചെയ്തു. അയാള്‍ പോയിട്ടും, ആ സംഭവം അവളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. പേരറിയാത്തൊരു ഭയം അവളുടെ അസ്ഥികള്‍ക്കുള്ളിലൂടെ ഇഴഞ്ഞു നടന്നു. ഒരു ചെകുത്താനുമായി മുഖാമുഖം നിന്ന പോലെ. കണ്ണുകള്‍ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ അവളും അമ്മയും ഒരുപാട് പ്രയാസപ്പെട്ടു.

പിന്നീടങ്ങോട്ട് വീടെത്തുവോളം അവള്‍ മൗനത്തിലായിരുന്നു. വീട്ടിലേക്ക് കയറിയപാടെ വേണുവിനോട് ഗ്രാമത്തിലെ വീടിന്റെ പണി എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നു പറഞ്ഞു. വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവശ്യസാധനങ്ങള്‍ കിട്ടാന്‍ പ്രയാസം. മണല്‍ നോക്കണ്ട. എം സാന്റും പ്രയാസമായി. അതുകൊണ്ട്, പണി ഒരല്‍പം മന്ദതയിലാണ്.

രാവേറെയായിട്ടും, ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കുറെ കിടന്നു. ഒന്നുറങ്ങിക്കിട്ടിയെങ്കില്‍ എന്ന് വല്ലാതെ കൊതിച്ചു. കണ്‍പോളകള്‍ വേദനയെടുക്കുമാറ് ഇറുക്കെയടച്ചു കിടന്നു. എന്നിട്ടും ഉറക്കം മാത്രം വന്നില്ല.

ഉള്ളു നിറയെ അയാളായിരുന്നു. ഇനിയും ഏതു നിമിഷവും, അത് പോലുള്ള ആളുകളെ എവിടെ വച്ചും കണ്ടുമുട്ടാം. ഇനിയൊരിക്കലും അവരെയൊന്നും കണ്ടുമുട്ടാതിരിക്കണമെങ്കില്‍ ഇവിടെ നിന്നും പോകണം. അത് കൊണ്ടാണ് വേണുവിനോട് വീടിന്റെ കാര്യം എത്രയും വേഗം നടത്താന്‍ പറഞ്ഞത്.

ചിലര്‍ ജീവിതത്തിലേക്ക് വിളിക്കാതെ വരുന്നു. അവരില്‍ ചിലര്‍ പറയാതെ പോകുന്നു. മറ്റു ചിലര്‍ ആട്ടിയകറ്റിയാലും പോകാതെ നില്‍ക്കുന്നു. ചിലര്‍ ഉഷ്ണബാഷ്പങ്ങളൂതുന്നു. വേറെ ചിലര്‍ കുളിര്‍ തെന്നലായി മാറുന്നു. ചിലരെ കാണുമ്പോള്‍ തന്നെ ഭയന്നു പോകുന്നു. അങ്ങിനെ ഒരുപാട് ചിലര്‍….

അവളറിയാതെ ഓർമ്മകള്‍, സുകുവിലേക്ക് വഴുതിവീണു. ആഴ്ചകളെടുത്തു, ഹൃദയം സുകുവിന്റെ മരണമേല്പിച്ച ആഘാതത്തില്‍ നിന്നും പുറത്തുവരാന്‍. ഇന്ന്, മൂന്ന് നിര്‍ദ്ധരരായ വിദ്യാര്‍ത്ഥിനികളുടെ മുഴുവന്‍ പഠന ചിലവും സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. അത് സുകുവിനുള്ള ഒരു സ്മാരകമാണ്. ഹൃദയത്തിലെ സ്മാരകം കൂടാതെ.

അവളാകാശത്തിലൂടെ വീണ്ടും കണ്ണുകളോടിച്ചു. അവിടെ നിന്നൊരു നക്ഷത്രം, തന്നെ നോക്കി ചിരിക്കുന്നുണ്ടോ? ഇല്ല.. എവിടെയും കാണുന്നില്ല. സുകൂ… എന്റെ ഹൃദയജാലക വാതിലില്‍… ഒരു താരകമായെങ്കിലും നീയെത്തിയെങ്കില്‍…

അവളുടെ നെടുവീർപ്പുകള്‍ പൊടിഞ്ഞു വീണ, സമയത്തിന്റെ നേരിയ ഇടനാഴിയിലൂടെ വിളറി വെളുത്തൊരു പുലരി പിറന്നു. ഒട്ടും ഉറങ്ങാനാവാതെ നേരം വെളുപ്പിച്ച, അവളുടെ മുഖം ചുവന്നു തൂങ്ങിയിരുന്നു. ഒരൊറ്റ ദിവസം കൊണ്ട്
വാര്‍ദ്ധഘ്യമായ പോലെ.

എന്ത് പറ്റി എന്ന അമ്മയുടെ ചോദ്യത്തിന് നല്ല സുഖമില്ല, ചെറിയ തലവേദന പോലെ എന്നൊരു കള്ളം പറഞ്ഞു. ഒന്നുമാലോചിക്കാനാവാതെ വെറുതെ ഇരിക്കവെയാണ് വിനോദിന്റെ മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കേട്ടത്. ഓ.. ഇന്ന് ശനിയാഴ്ചയാണല്ലേ?

വെയിലേറ്റ് വിണ്ടു വരണ്ട, നിര്‍ജീവമായ മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്ന പുതുമാരി പോലെയാണ്, വിനോദ്, ഇന്നവള്‍ക്ക്. വന്നാല്‍ പിന്നെ പഴയതും പുതിയതുമായ നാട്ടുവര്‍ത്തമാനങ്ങളൊക്കെ പറഞ്ഞിരിക്കും. അതൊക്കെ കേട്ടിരിക്കാന്‍ അവള്‍ക്കൊരുപാടിഷ്ടമാണ്. അവന്റെ സാമീപ്യത്തില്‍, താന്‍ ദുഃഖങ്ങള്‍ മറക്കുന്നല്ലോ എന്നവള്‍, ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.

സുകുവിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നവള്‍ പറഞ്ഞപ്പോള്‍, അവനാണ് പറഞ്ഞത്; നമുക്കൊരു വിദ്യാര്‍ത്ഥിനിയെ സ്പോസര്‍ ചെയ്യാമെന്ന്. വേണുവിനോട് കൂടിയാലോചിച്ചപ്പോള്‍ അവനും സമ്മതം. സ്ഥാപനത്തിന്റെ ലാഭവിഹിതത്തില്‍ നിന്നും ഒരല്പം അതിനായി മാറ്റിവെക്കാമെന്നു പറഞ്ഞത് അവനാണ്. രണ്ടു കുട്ടികളെയാണ് ഉദ്ദേശിച്ചത്. പക്ഷെ മൂന്നു കുട്ടികളായി. ദരിദ്രനാരായണന്മാരുടെ മക്കള്‍. പഠിക്കട്ടെ.. പഠിച്ചു രക്ഷപ്പെടട്ടെ. പേരിനും പെരുമയ്ക്കുമൊന്നും വേണ്ടിയല്ല. മനസ്സിനൊരു സമാധാനം കിട്ടാന്‍. നാളെ സുകുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊന്നു പുഞ്ചിരിക്കാന്‍. പൊള്ളുന്ന നെഞ്ചിനൊരിത്തിരി ആശ്വാസം കിട്ടാന്‍.

വിനോദിന്റെ കൂടെ മോളുമുണ്ടായിരുന്നു. രണ്ടുമൂന്നാഴ്ച മുന്‍പ് വന്നപ്പോള്‍, അമ്മ ചോദിച്ചിരുന്നു; നിനക്കാ കുഞ്ഞിനെ അവിടെ ഇട്ടിട്ട് പോരാതെ, കൂടെ കൊണ്ടു വന്നൂടെ എന്ന്. സിദ്ധു രാവിലെ തന്നെ വേണുവിന്റെ വീട്ടിലേക്ക് പോയതാണ്. അവന്‍ കുഞ്ഞിനെ കാണാന്‍ പോകുന്നതാണ്. അവളെ കൊഞ്ചിച്ചും കളിപ്പിച്ചും അവനൊരിക്കലും മതിവരാറില്ല.

കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ വിനോദ് രാജേട്ടന്റെ ഭാര്യ മാളുവേട്ടത്തിയുടെ കാര്യം പറഞ്ഞു. അവര്‍ക്ക് നല്ല സുഖമില്ലത്രേ. ആസ്മയുടെ ഉപദ്രവമുണ്ട്. പിന്നെ പേരറിയാത്ത എന്തൊക്കെയോ ദീനങ്ങളും. അമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍, അവരുടെ വിശേഷമൊക്കെ ചോദിച്ചത്രെ. രാജേട്ടന്‍ അവളോട് ചെയ്ത തെറ്റിന് ക്ഷമിക്കണം എന്ന് പറയാന്‍, വിനോദിനെ ചട്ടം കെട്ടിയിട്ടുണ്ട്. മിനിമോളുടെ കല്ല്യാണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. കുഞ്ഞുങ്ങളായിട്ടില്ല. സമ്പത്തും ക്ഷയിച്ചുതുടങ്ങി. ചെമ്പകത്തു തറവാടിന്റെ അടിത്തറയിളകിത്തുടങ്ങിയിരിക്കുന്നു. പരമ്പര കാക്കാന്‍ ഒരാണ്‍തരി ഏതായാലുമില്ല. മിനിക്കൊരു കുഞ്ഞുണ്ടായില്ലെങ്കില്‍… അതോര്‍ക്കാന്‍ കൂടി വയ്യ. എല്ലാം അവളുടെ ശാപം കൊണ്ടാണെന്നാ മാളുവേട്ടത്തി വിശ്വസിക്കുന്നത്. ദ്രോഹം ചെയ്ത രാജേട്ടന്‍ മണ്ണോടു ചേര്‍ന്നില്ല? ഇനിയെങ്കിലും ക്ഷമിക്കാന്‍ പറയണം അവളോടെന്ന്, പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.

കേട്ടപ്പോള്‍ അവളൊന്നു ചിരിച്ചു. വേദന കലര്‍ന്നൊരു ചിരി.

“എനിക്കെന്തിനാ അവരോടു ദേഷ്യം? ഞാനാരെയും ശപിച്ചിട്ടില്ല. ശപിക്കാനൊന്നും എനിക്കറിയില്ല. ഇത്രയൊക്കെ അനുഭവിക്കാന്‍ ഞാനെന്ത് തെറ്റാണ് ചെയ്തതാവോ? അതറിയാത്തൊരു സങ്കടമുണ്ട്…. ഉള്ളിന്റെയുള്ളില്‍. അതേയുള്ളൂ….”

“അവനെന്റെ ശാപമാ… ബന്ധുവല്ലെ.. അങ്ങിനെയല്ലെ ഞാന്‍… ഞങ്ങളോനെ കണ്ടത്? ഒരത്താണിയാകേണ്ടവന്‍….”

അമ്മയ്ക്ക് പറഞ്ഞു മുഴുവനാക്കാന്‍ കഴിഞ്ഞില്ല…. ശ്വാസം തിക്കിയപ്പോള്‍ പറച്ചില്‍ നിര്‍ത്തി. നിറഞ്ഞു വന്ന മിഴികള്‍ തുടച്ചുകൊണ്ടവര്‍, ഒരല്പനേരം ഒന്നും മിണ്ടാതെയിരുന്നു. പിന്നെ വിതുമ്പലോടെ പറഞ്ഞു…

“ന്നിട്ടും… ന്റെ കുട്ടിനെ കൊല്ലാന്‍ വന്നില്ലേ?”

“അതൊക്കെ കഴിഞ്ഞില്ലേ…?” വിനോദ് ചോദിച്ചു.

“ഒക്കെ കഴിഞ്ഞില്ലേ.. അയാളും പോയി.. ഇനിയിപ്പോളതൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. ഒക്കെ കഴിഞ്ഞു.”

ഉം… അമ്മയൊരു മൂളലില്‍ എല്ലാം നിര്‍ത്തി. മൗനം പൂണ്ടിരിക്കുന്ന അവളെ നോക്കി വിനോദ് തുടർന്നു.

“നീ നല്ലവളാ.. നിനക്ക് നല്ല മനസ്സാ. മാനത്തൂന്ന് ഭൂമിയിലേക്ക് വഴി തെറ്റി വന്നൊരു ദേവതയെ പോലെ. ഗ്രാമദേവത എന്ന പേര് ആ സിനിമയ്ക്കിട്ടതാരായാലും, അയാളെ നമിക്കണം.”

അവളൊന്ന് പുഞ്ചിരിച്ചു..

“ഹും.. ദേവത… കണ്ണീരിന്റെ ദേവതയാവും. ഈശ്വരന്‍ കണ്ണീരെല്ലാവര്‍ക്കും ഓഹരി വച്ചപ്പോള്‍.. എല്ലാരെ വീതവും കൊടുത്ത്… കുറെ ബാക്കിവന്നു കാണും. അതൊക്കെ എനിക്ക് തന്നതാവും. ദേവതയൊന്നുമാവണ്ട വിനോദെ… ഒരു പച്ചയായ പെണ്ണായാല്‍ മതി…. ഇടയ്ക്കൊക്കെ ചിരിക്കാന്‍ കഴിയുന്നൊരു പെണ്ണ്…”

വിനോദെന്തൊക്കെയോ ആലോചിച്ച്, ഒരല്പനേരം മിണ്ടാതിരുന്നു..

“നീ സമാധാനിക്കെടോ. എല്ലാവര്‍ക്കും ഒരു ജീവിതക്രമമുണ്ട്. നീ.. ചിത്രശലഭത്തെ കണ്ടിട്ടുണ്ടോ? ആദ്യമത് വെറുമൊരു പുഴുവായിരിക്കും. പിന്നെ കുറെ കാലം… ഒരു പ്യുപ്പയില്‍ സമാധിയാവും. പിന്നെയാണതിന്… വര്‍ണ്ണചിറകുകള്‍ കിട്ടുന്നത്. നാളെ നിനക്ക്…. ചിരിക്കാനും ചിരിപ്പിക്കാനുമാവും. ഉറപ്പാണ്.”

മുഖം തെളിഞ്ഞൊരു പുഞ്ചിരിയുണ്ടായി, അവളില്‍.

“ആഹാ… സമാധാനിപ്പിക്കാന്‍ പറഞ്ഞതാണെങ്കിലും… കേള്‍ക്കാന്‍ രസമുണ്ടായിരുന്നു. ന്റെ സിദ്ധു വലുതാവട്ടെ… അവനൊരു കരയ്‌ക്കെത്തട്ടെ… അവനൊരു കല്യാണമൊക്കെ കഴിക്കട്ടെ. ഞാനും ചിരിക്കുമായിരിക്കും. അവനൊരു കുഞ്ഞൊക്കെയുണ്ടാവുമ്പോള്‍… ഞാനും ചിരിപ്പിക്കുമായിരിക്കും…അല്ലെ?”

വിനോദ് ഒന്നും പറഞ്ഞില്ല. അവനെന്തൊക്കെയോ ആലോചനയില്‍ മുഴുകി അങ്ങിനെയിരുന്നു. വൈകുന്നേരം ബാബു വന്നു. പിന്നെ സംസാരിക്കാന്‍ അവനും കൂടി. സന്ധ്യക്ക് മുന്‍പേ വിനോദും മോളും പോവുകയും ചെയ്തു. ബാബു സിദ്ധുവിനെ കൂട്ടിക്കൊണ്ടു വരാന്‍ പോയി. അമ്മ അടുക്കളയില്‍ എന്തോ പാചകം ചെയ്യുന്ന തിരക്കിലായിരുന്നു. അപ്പോഴാണ് വിനോദിന്റെ വിളി വന്നത്. ഇപ്പോഴങ്ങ് പോയല്ലേ ഉള്ളൂ എന്നോര്‍ത്തുകൊണ്ടാണ്, അവള്‍ ഫോണെടുത്തത്. മുഖവുരയൊന്നും കൂടാതെ വിനോദ് ചോദിച്ചു.

“അടുത്തരെങ്കിലും ഉണ്ടോ?”

“ഇല്ല.. എന്തെ?” അവള്‍ക്കത്ഭുതമായിരുന്നു.

“അല്ല… എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…”

“അതിനെന്താ… പറഞ്ഞോളൂ..”

“അതല്ല… അത്… നേരിട്ട് പറയേണ്ടതായിരുന്നു.”

“ന്നാ പറഞ്ഞൂടായിരുന്നോ?”

“ഒരു… ഒരു പ്രൈവസി വേണമായിരുന്നു… ഒറ്റയ്‌ക്കൊന്ന് കാണാന്‍ പറ്റുമോ? നാളെ…?”

അവള്‍ക്ക് പെട്ടെന്നൊന്നും പറയാന്‍ കിട്ടിയില്ല. നെഞ്ചിലെന്തോ, ഒരു വല്ലാത്ത ഭാരം. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്ന പോലെ… ഒരു ഭയം നെഞ്ചില്‍ ചുരമാന്തുന്നു.

“എന്താണൊന്നും മിണ്ടാത്തത്?”

വിനോദിന്റെ ചോദ്യത്തില്‍ ഒരു പരിഭ്രമമുണ്ടായിരുന്നു.

“ഊഹും… ഒന്നൂല്ല… എന്താ വിനോദെ? എന്താ കാര്യം?”

“നാളെ ഒരു പതിനൊന്നു മണിക്ക്, ബീച്ചിലൊന്നു വരുമോ? തനിയെ?”

പതറിയ ശബ്ദത്തിലുള്ള അവന്റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലായി. നിവര്‍ത്തിയില്ലാതെ ഒരു മൂളലില്‍ സമ്മതമറിയിച്ചു. അവനോടെന്തോ, പറ്റില്ലെന്നു പറയാനൊരു മടി.

“ശരി… നാളെ കാണാം…”

വിനോദ് ഫോണ്‍ വെച്ചു. അവളുടെ മനസ്സില്‍ പൂര്‍വ്വകലാനുഭവങ്ങള്‍ മദം പൊട്ടിയ ആനയെപ്പോലെ ചിന്നം വിളിക്കാന്‍ തുടങ്ങി.. ദൈവമേ.. ഇനി ഇതെന്ത് പരീക്ഷണമാണ്. വിനോദിനൊരു ദുഷ്ടലാക്കുണ്ടോ? മാംസദാഹം കൊണ്ടവന്റെ ആത്മാവ്, വരണ്ടുണങ്ങിയോ? അവളുടെ മനസ്സില്‍ പിന്നെയും പിന്നെയും ആ ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു….

തുടരും
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top