ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മാസ്കുകള്‍ വിതരണം ചെയ്യന്നു

getPhoto (1)ഡാളസ്: ലോകമെമ്പാടും പടര്‍ന്നുപിടിച്ചിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്നണി പോരാളികളായി മാറിയിരിക്കുന്നത് ആതുര സേവന രംഗത്തെ പ്രവര്‍ത്തകരാണ് . ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതരായി പ്രവര്‍ത്തിക്കാന്‍, മാസ്കുകളും മറ്റുള്ള സ്വയ പ്രതിരോധ വസ്തുക്കളും ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായിരിക്കുന്നു. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് രോഗികളെ പരിചരിക്കുന്ന, ഈശ്വര അവതാരങ്ങളായ ആരോഗ്യ പ്രവര്‍ത്തകരെ ചെറിയ രീതിയിലെങ്കിലും സഹായിക്കുവാന്‍ ഡാലസ്സിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ശ്രമിക്കുന്നു.

100 ശതമാനം കോട്ടണ്‍ കൊണ്ട് നിര്‍മ്മിക്കുന്ന പതിനായിരം മാസ്കുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുവാന്‍ ക്ഷേത്രത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നു. ഇതിനോടകം ഡാളസ് പ്രദേശത്തെ ചില ആശുപത്രികളില്‍ അനേകം മാസ്കുകള്‍ ക്ഷേത്രത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചുകഴിഞ്ഞു.

രോഗ വ്യാപനം തടയാനായി 6 അടിയില്‍ കൂടുതല്‍ ദൂരം അകന്നു നില്‍കേണ്ടതുകൊണ്ട് ക്ഷേത്രത്തില്‍ ഒത്തുചേര്‍ന്നല്ല മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. തുണികള്‍, ഭക്തജനഭവനങ്ങളില്‍ എത്തിച്ച് കൊടുത്തതിനു ശേഷം, പൂര്‍ത്തീകരിച്ചവ ശേഖരിച്ച്, ആശുപത്രികളിലും, നഴ്‌സിംഗ് ഹോമുകളിലും എത്തിച്ചുകൊടുക്കുന്നതായിരിക്കും. വൃത്തിയുള്ള പ്രതലങ്ങളും, ഉപകരണങ്ങളും ഉപയോഗിച്ചാണ് ഓരോ വീടുകളിലും മാസ്കുകള്‍ തയ്യാറാക്കുന്നത്. പലവട്ടം കഴുകി ഉപയോഗിക്കാവുന്നതുമാണ് കോട്ടണ്‍ മാസ്കുകള്‍.

രോഗ വ്യാപനം പൂര്‍ണമായി തടയാന്‍ എന്‍ 95 മാസ്കാണ് വേണ്ടതെങ്കിലും, അസുഖമുള്ള ഒരു വ്യക്തി തുമ്മുമ്പോഴും, ചുമക്കുമ്പോഴും പുറപ്പെടുവിക്കുന്ന സ്രവങ്ങള്‍ ചുറ്റുപാടും അധികദൂരം പരക്കാതിരിക്കുവാന്‍, തുണി മാസ്കുകള്‍ ഉപകരിക്കും. മാസ്കുകള്‍ ഉപയോഗിക്കുമ്പോള്‍, മൂക്കും, വായും അറിയാതെ സ്പര്‍ശിക്കുന്നതും ഒഴിവാക്കാന്‍ സാധിക്കും.

ക്ഷേത്ര ദര്‍ശനം സാദ്ധ്യമല്ലാത്ത ഈ അവസരത്തില്‍, ഭക്തര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും, ഭഗവാനുള്ള അര്‍ച്ചനകളായി കണക്കാക്കി, മാനവ സേവ, മാധവ സേവയായി കരുതി സാമൂഹ്യ സേവനം ചെയ്യുവാന്‍ നമുക്ക് ശ്രമിക്കാമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയര്‍മാന്‍ രാജേന്ദ്ര വാരിയരും അറിയിച്ചു.

getNewsImages

Print Friendly, PDF & Email

Related News

Leave a Comment