ന്യൂയോര്‍ക്കിന് ചൈനയുടെ സഹായം; 1000 വെന്റിലേറ്ററുകള്‍ സംഭാവന ചെയ്തു

Cuomo and ventilatorന്യൂയോര്‍ക്ക്: യുഎസിലെ കൊറോണ വൈറസിന്‍റെ കേന്ദ്രമായ ന്യൂയോര്‍ക്കിലേക്ക് ചൈന 1000 വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്തു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളിലൊന്നാണ് ന്യൂയോര്‍ക്ക്. എന്നാല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് മൂലം രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്നുമുണ്ട്. നഗരത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 3500ലധികം ആളുകളാണ് ഇവിടെ മരണപ്പെട്ടത്.

17,000 വെന്‍റിലേറ്ററുകള്‍ വിതരണം ചെയ്യാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ ശനിയാഴ്ച പറഞ്ഞു. അമേരിക്കയില്‍ കൊറോണ ബാധിച്ച രോഗികളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, അതുമൂലം വെന്‍റിലേറ്ററുകള്‍, കൈയ്യുറകള്‍, മാസ്കുകള്‍, പിപിഇ തുടങ്ങിയവയുടെ ആവശ്യം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ച രോഗികളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു.

വെന്‍റിലേറ്ററുകളുടെ വിതരണത്തെക്കുറിച്ച് ചൈനീസ് സര്‍ക്കാരുമായി സംസാരിക്കാന്‍ വൈറ്റ് ഹൗസിനോട് അഭ്യര്‍ത്ഥിച്ചതായി ഗവര്‍ണ്ണര്‍ പറഞ്ഞു. വെന്‍റിലേറ്ററുകളുടെ വിതരണം സംബന്ധിച്ച് ചൈനീസ് അംബാസഡറുമായി സംസാരിച്ചതായും ശുഭ വാര്‍ത്തയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം അറിയിച്ചയുടനെ 1000 വെന്റിലേറ്ററുകള്‍ ചൈനീസ് സര്‍ക്കാര്‍ സംഭാവന ചെയ്തെന്നും ആ വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്ക് ജെഎഫ്കെ വിമാനത്താവളത്തില്‍ എത്തി എന്നും അദ്ദേഹം പറഞ്ഞു.

Ventilators at JFK Airport
Ventilators at JFK Airport

ഈ വെന്‍റിലേറ്ററുകള്‍ ഡോക്ടര്‍മാരെ ചികിത്സയില്‍ വളരെയധികം സഹായിക്കുമെന്നും, യുഎസ് സംസ്ഥാനമായ ഒറിഗോണ്‍ 140 വെന്‍റിലേറ്ററുകള്‍ ന്യൂയോര്‍ക്കിലേക്ക് അയച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണറുടെ ഓഫീസ് അറിയിച്ചു. കൊറോണ വൈറസിനോട് പൊരുതുന്ന ന്യൂയോര്‍ക്കിനെ സഹായിക്കാന്‍ ഒറിഗോണ്‍ സംസ്ഥാനത്തിന്റെ ഈ വാഗ്ദാനത്തില്‍ ഗവര്‍ണര്‍ ക്വോമോ നന്ദി പ്രകാശിപ്പിച്ചു. ഞങ്ങള്‍ സം‌യുക്തമായി കൊവിഡ്-19നോട് പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

രോഗനിര്‍ണയങ്ങളും മരണങ്ങളും അടുത്ത ഏഴു ദിവസത്തിനുള്ളില്‍ ന്യൂയോര്‍ക്ക് അതിന്‍റെ മൂര്‍ദ്ധന്യതയിലെത്തുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ഒറ്റ രാത്രികൊണ്ട് 10,814 പുതിയ കോവിഡ് 19 രോഗനിര്‍ണയങ്ങളും സംസ്ഥാനത്തൊട്ടാകെ 630 പുതിയ മരണങ്ങളും നടന്നതായി ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു.

കോവിഡ് 19 ല്‍ 15,505 പേര്‍ നിലവില്‍ ആശുപത്രിയിലാണെന്നും 4,126 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10,478 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും മൂന്നില്‍ രണ്ടു പേരും പിന്നീട് സുഖം പ്രാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

രോഗനിര്‍ണയം ഒറ്റ രാത്രികൊണ്ട് 6,147 വര്‍ദ്ധിച്ച് 63,606 ആയി. നഗരത്തിന്റെ അഞ്ച് ബറോകളിലുടനീളം മൊത്തം 2,624 പേര്‍ കൊറോണ വൈറസ് മൂലം മരണപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 113,704 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 1,095 ആയി ഉയര്‍ന്നു, തീവ്രപരിചരണ ചികിത്സ ലഭിക്കുന്നവരുടെ എണ്ണം 395 ആയി ഉയര്‍ന്നു.


Print Friendly, PDF & Email

Related News

Leave a Comment