ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരത്തോടടുക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം എല്ലാ രണ്ടര മിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ജീവന് നഷ്ടപ്പെട്ടു. അനേകം പേര് ചികിത്സയിലാണ്. അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ നല്ലൊരു ശതമാനവും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആയതിനാല്‍ ഓരോ ദിവസം കഴിയുംതോറും അവരുടെ ആശങ്ക കൂടി വരുന്നു.
അമേരിക്കയിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ തുടങ്ങി ശൂചികരണ തൊഴിലാളികള്‍ വരെ ഓരോ ദിവസവും ഭയത്തോടെയാണ് ജോലിയ്ക്കു പോകുന്നത്. ശരിയായ പരിരക്ഷണ ഉപകരണങ്ങള്‍ (PPE) ഇല്ലാതെ ജോലി ചെയ്യുന്നത് അവരുടെയും കുടുംബാംഗങ്ങളുടെയും ജീവന് അപകടത്തിലാക്കുന്നു. ന്യൂജഴ്സിയില്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന സുജ ചോദിക്കുന്നു ‘തോക്കുകളില്ലാതെ നമ്മള് പട്ടാളക്കാരെ യുദ്ധ മുഖത്തേക്കയക്കുമോ? പൊലീസുകാരെ വെടിവയ്പ് നടക്കുന്നിടത്തു ബുള്ളറ്റ് പ്രൂഫ് വെസ്റ്റില്ലാതെ അയയ്ക്കുമോ? അഗ്നിശമനക്കാര്‍ ഉപകരണങ്ങളില്ലാതെ തീയണയ്ക്കാന്‍ പോകുമോ? പിന്നെ എന്തുകൊണ്ട് ആവശ്യമായ സേഫ്റ്റിയില്ലാതെ ഞങ്ങളെ രോഗികളെ ശുശ്രുഷിക്കാന് അയക്കുന്നു? ഞങ്ങളുടെയും കുടുംബത്തിന്റെയും ജീവന് വിലയില്ലേ?’
അമേരിക്കയില്‍ ആകെയുള്ള കൊറോണ ബാധിതരുടെയും മരിച്ചവരുടെയും പകുതിയോളം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിലാണ്. അവിടെ ആശുപത്രികള്‍ കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞു കഴിഞ്ഞു. മോര്‍ച്ചറികളില്‍ ശവം സൂക്ഷിക്കുവാന്‍ പോലും ഇടം ഇല്ലാതായി. ന്യൂയോര്‍ക്കില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വിനോദ് പറയുന്നു ‘ഈ നില തുടര്‍ന്നാല്‍ ഇവിടെ വെന്റിലേറ്ററുകള്‍ തികയാതെ വരും. കൂടുതല്‍ ജീവിക്കുവാന്‍ സാധ്യതയുള്ള രോഗിക്ക് അവ നല്കി മറ്റുള്ളവരെ മരിക്കാന്‍ വിടേണ്ടി വരും. ഇപ്പോള്‍തന്നെ പലരോടും DNR (do not resuscitate) ഒപ്പിടാനായി ആവശ്യപ്പെടുന്നു. ഇവിടെ വളരെ ശോചനീയമായ അവസ്ഥയിലാണ്.’
‘ദൈവത്തിന്റെ മാലാഖമാരെന്നൊക്കെയാണ് ഇപ്പോള്‍ ഞങ്ങളുടെ വിളിപ്പേര്’ മറ്റൊരു നഴ്സായ മോളി പറയുന്നു. ‘കൊറോണ അണുക്കളുമായി വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് പങ്കുവെച്ചാല്‍ പിന്നെ വിളിപ്പേരെല്ലാം മാറും.’ മരിക്കാന്‍ പലര്‍ക്കും ഭയമില്ല. എന്നാല്‍, ഉറ്റവരോ ഉടയവരോ അടുത്തില്ലാതെ ഏകയായി മരണത്തോട് മല്ലടിക്കാന്‍ പലരും ഭയക്കുന്നു. മരണ ശേഷം ശരീരം എവിടെ സൂക്ഷിക്കുമെന്നോ എപ്പോള്‍ എങ്ങിനെ സംസ്കാര ക്രിയകള്‍ നാടക്കുമെന്നോ ആര്‍ക്കും ഒരു നിശ്ചയവുമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയിലെ ആശങ്ക വര്‍ധിപ്പിക്കാന്‍ ഇതും ഒരു കാരണമാകുന്നു. അമേരിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരെ ദൈവം കാക്കട്ടെ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply