Flash News

പ്രശസ്ത സംഗീതജ്ഞന്‍ എം കെ അര്‍ജ്ജുനന്‍ അന്തരിച്ചു

April 6, 2020

MK_Arjunan_Musicകൊച്ചി: മലയാളത്തിന്‍റെ എക്കാലത്തേയും പ്രിയ സംഗീത സംവിധായകന്‍ എംകെ അര്‍ജ്ജുനന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുു അന്ത്യം.

നിത്യഹരിതമായ നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള അര്‍ജുനന്‍ മാസ്റ്റര്‍ 1968 ല്‍ കറുത്ത പൗര്‍ണ്ണമി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമാ രംഗത്ത് തന്‍റെ സ്ഥാനമുറപ്പിക്കുന്നത്. നാടക ഗാനങ്ങളിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്‍റെ കടന്നു വരവ്.
മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അർജുനൻ. ഇരുനൂറിലധികം സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മുന്നൂറോളം നാടകങ്ങളിലായി എണ്ണൂറോളം നാടകഗാനങ്ങളും ഒരുക്കി.

ഓസ്കര്‍ വേദിയില്‍ വരെ തിളങ്ങിയ എആര്‍ റഹ്മാന്‍റെ തുടക്കവും അര്‍ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു. അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്ക് കീബോര്‍ഡ് വായിച്ചുകൊണ്ടായിരുന്നു എആര്‍ റഹ്മാന്‍ സിനിമാ സംഗീതത്തിലേക്ക് എത്തുന്നത്. ശ്രീകുമാരന്‍ തമ്പിക്കൊപ്പം ചേര്‍ന്ന് അര്‍ജുനന്‍ മാസ്റ്റര്‍ ഒരുക്കിയ ഗാനങ്ങള്‍ മലയാളി മനസുകളില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നതാണ്. വയലാര്‍, പി.ഭാസ്കരന്‍, ഒഎന്‍വി എന്നിവരുടെ വരികള്‍ക്കും അദ്ദേഹം ഈണം നല്‍കിയിട്ടുണ്ട്.

1936 മാര്‍ച്ച് ഒന്നിന് ഫോര്‍ട്ടുകൊച്ചിയിലാണ് അര്‍ജുനന്‍ മാസ്റ്ററുടെ ജനനം. ചെറിയ പ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടമായ അര്‍ജുനന്‍ മാസ്റ്ററെയും സഹോദരനെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തില്‍ പഴനിയിലെ ജീവകാരുണ്യ ആശ്രമത്തിലെത്തിക്കുകയായിരുന്നു. ആശ്രമാധിപനായ നാരായണസ്വാമി അര്‍ജ്ജുനന്‍റെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ് ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. പിന്നീട് ഫോര്‍ട്ടുകൊച്ചിയിലേക്ക് മടങ്ങിയ അര്‍ജുനന്‍ സംഗീത കച്ചേരികളിലൂടെയാണ് തുടങ്ങിയത്.

കുട്ടിക്കാലത്തെ അനാഥാലയവാസം മുതല്‍ സ്വായത്തമാക്കിയ സംഗീത പാഠങ്ങളും പിന്നീട് നാടകരംഗത്തിലൂടെ ആര്‍ജിച്ച പരിശീലനവുമായിരിക്കും അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഗാനങ്ങളുടെ ഊര്‍ജവും ശക്തിയും. അതിന്‍റെ ആഴങ്ങളാണ് ഓരോ പാട്ടിലും അന്തര്‍ഭവിച്ചിരിക്കുന്നത്. ‘ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം’, ‘നക്ഷത്ര കിങ്കരന്മാര്‍ വിരുന്നു വന്നു’, ‘നിന്‍മണിയറയിലെ നിന്‍ മലര്‍ശയ്യയിലെ’, ‘നീലനിശീഥിനി നിന്‍മലര്‍’, ‘ഭാമിനി ഭാമിനി പ്രപഞ്ച ശില്പിയുടെ’, ‘കുയിലിന്‍റെ മണിനാദം കേട്ടു’, ‘സ്വയംവര കന്യകേ സ്വപ്നഗായികേ’, ‘സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു’, ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ’, ഉഷസാം സ്വര്‍ണത്താമര വിരിഞ്ഞു’, ‘എത്ര സുന്ദരി എത്ര പ്രിയങ്കരി’, ‘അനുരാഗമേ അനുരാഗമേ’, ‘ചന്ദ്രക്കല മാനത്ത്’, ‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ’, ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി’, ‘തളിര്‍വലയോ താമര വലയോ’, ‘ആയിരം അജന്താ ശില്പങ്ങള്‍’, ‘ആയിരവല്ലിതന്‍ തിരുനടയില്‍’, ‘ചെമ്പക തൈകള്‍ പൂത്ത മാനത്തെ’, ‘രവിവര്‍മ്മ ചിത്രത്തിന്‍’, ‘ആയിരം കാതമകലെയാണെങ്കിലും’.. അവിസ്മരണീയമായ നിരവധി ഗാനങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.

എന്നാല്‍ ഇത്രത്തോളം മെലഡികള്‍ മലയാള ഗാനശാഖയ്ക്ക് സംഭാവന ചെയ്ത ഒരു വ്യക്തിയെ തേടി സംസ്ഥാന പുരസ്കാരം പോലും എത്തിയത് 2017 ല്‍ മാത്രമാണ്. ജോളി എബ്രഹാം, സുജാത, ജാന്‍സി എന്നീ ഗായകരെ പരിചയപ്പെടുത്തിയ അര്‍ജ്ജുനന്‍ മാസ്റ്റര്‍ തയൊയിരുന്നു എ ആര്‍ റഹ്മാന്‍റെ പിതാവും ഓര്‍ക്കസ്ട്രേഷന്‍ വിദഗ്ധനും സംഗീത സംവിധായകനുമായ ആര്‍ കെ ശേഖറിനെയും കരിയറില്‍ ഉറപ്പിക്കുന്നത്. റഹ്മാന്‍ അര്‍ജ്ജുനന് വേണ്ടി ചെറുപ്രായത്തിലേ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ള വ്യക്തിയാണ്.

ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ (2017) എന്ന ചിത്രത്തിലെ ‘എന്നെ നോക്കി….’ എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച അര്‍ജുനന്‍ മാഷിന് സിനിമയുടെ പേരില്‍ ഒരു അംഗീകാരം ലഭിക്കാന്‍ 2017 വരെ കാക്കേണ്ടി വന്നു.

അംഗീകാരങ്ങള്‍ ലഭിക്കാത്തതില്‍ ഒരു പരിഭവവും അദ്ദേഹം ഒരിക്കലും പ്രകടിപ്പിച്ചില്ല. സാത്വികനും ശുദ്ധനുമായ മനുഷ്യനായിട്ടാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം അദ്ദേഹത്തെ  ഓര്‍ക്കുന്നത്. “ആളുകള്‍ നമ്മുടെ പാട്ടു കേള്‍ക്കുക എന്നതാണ് പ്രധാനം. ചെയ്ത പാട്ട് ആരും കേള്‍ക്കാതെ പോയാല്‍ സങ്കടം തോന്നും…” എന്നാണ് സിനിമയില്‍ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ച് ഒരിക്കല്‍ മാഷ് പറഞ്ഞത്.

‘കൊവിഡ്-19’ പശ്ചാത്തലത്തിൽ നിയന്ത്രണ വിധേയമായി ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും  സംസ്കാരമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top